06 October 2020

അശാസ്ത്രീയ കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം,രോഗവ്യാപനം കൂട്ടും;വ്യാപാരികള്‍.
(VISION NEWS 06 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



താമരശ്ശേരി:താമരശ്ശേരി ടൗണില്‍ ഏര്‍പ്പെടുത്തിയ  പ്രായോഗികമല്ലാത്ത കണ്ടെയ്‌മെന്റ് സോണ്‍ നിര്‍ണ്ണയം തീര്‍ത്തും പരാജയമാണെന്ന് വ്യാപാരികള്‍. റോഡിനൊരുവശം കണ്ടെയ്‌മെന്റ് സോണ്‍ എന്ന പേരില്‍ കടകളടച്ചും മറുവശം തുറന്നു വെച്ചും  കോവിഡിനെ പ്രതിരോധിക്കുന്ന  ശൈലിയാണ് താമരശ്ശേരിയില്‍ പിന്തുടരുന്നത്. കണ്ടെയ്‌മെന്റ് സോണില്‍ യഥേഷ്ടം ജനം സഞ്ചരിക്കുകയും മുക്കവലകളില്‍  മാസ്‌കില്ലാതെ കൂട്ടം കൂടി നിന്ന് സംസാരിക്കുകയും ചെയ്യുമ്പോള്‍ കടകള്‍ മാത്രം അടക്കണമെന്നവാശി അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.  ഒരു പ്രദേശത്തെ കടകള്‍ അടയ്ക്കുമ്പോള്‍ അയല്‍ പ്രദേശങ്ങളില്‍ കടകളില്‍ തിരക്കു കൂടുന്നു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതും ഷോപ്പുകളില്‍ തിരക്കുകൂടാന്‍ കാരണമാകും. 
വ്യാപാരികള്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 'കോവിഡ് 19 ടൗണ്‍ മാനേജ്‌മെന്റ് ടീം' എന്ന പേരില്‍ സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകരും താമരശ്ശേരിയില്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജ്ജീവമാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വിഭാഗം വ്യാപാരി സമൂഹമാണ്. വ്യാപാര മേഖല സാമ്പത്തികമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കണ്ടെയ്‌മെന്റ് സോണിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. 
രോഗവ്യാപനമുള്ള പ്രദേശത്തിന്റെ ഇത്ര ചുറ്റളവില്‍ എന്നതിനു പകരം വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെയ്‌മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലെ അപാകതയും സംഘടന ചൂണ്ടിക്കാട്ടി. ഇത്തരം അപാകതകള്‍ മാറ്റി രോഗപ്രതിരോധത്തിന് പ്രായോഗിക നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി ജനറല്‍ സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മസൂദ് കെ.എം. വൈസ് പ്രസിഡണ്ടുമാരായ മജീദ്, മോഹനന്‍, മുര്‍ത്താസ്, അബ്ദുള്‍ റഹീം, സെക്രട്ടറിമാരായ ബോബന്‍, സാലി, റഷീദ്, ഷംസു എന്നിവര്‍ ആവശ്യപ്പെട്ടു.

Post a comment

Whatsapp Button works on Mobile Device only