12 October 2020

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോഴിക്കോട് ജില്ലാ കളക്ടർ പുറപ്പെടുവിച്ചു
(VISION NEWS 12 October 2020)



കോവിഡ് പ്രാദേശിക വ്യാപനം തടയുകയാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.കോവിഡ് പോസിറ്റീവ് കേസുകളുടെയും സമ്പര്‍ക്കത്തിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണും പ്രഖ്യാപിക്കുന്നത്.  രോഗവ്യാപനം തടയാന്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ്  ഏര്‍പ്പെടുത്തുക, ഇവ  കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ആര്‍ ആര്‍ ടികളെയും പോലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  കേസുകളുടെ എണ്ണം വർദ്ധിക്കുന്ന പ്രദേശങ്ങളില്‍ 
രോഗവ്യാപനം പിടിച്ചു നിർത്തുന്നതിൽ   കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ക്രമാതീതമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മുഴുവൻ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നത്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നഗരപ്രദേശങ്ങളടക്കം നിരവധി പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.  മുഴുവൻ വാർഡും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തും 
ജീവനോപാധികൾ തടസ്സപ്പെടാതിരിക്കാനുമായി വാര്‍ഡിനുള്ളിൽ രോഗവ്യാപന സാധ്യത  കൂടുതലുള്ള  സ്ഥലങ്ങളെ ഉള്‍പ്പെടുത്തി  മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നത്. 

ഓരോ പഞ്ചായത്തിൽ റിപ്പോർട്ട്‌ ചെയുന്ന പോസറ്റീവ് കേസുകളും അവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരും ഉൾപ്പെടുന്ന രീതിയിൽ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ നിർണയിച്ചു അറിയിക്കാൻ  അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോവിഡ് ജാഗ്രത പോർട്ടലിലൂടെ അതിനായുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നുമുണ്ട്. എന്നാൽ ചിലയിടങ്ങളിൽ കൂടുതൽ   കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിനനുസരിച്ച് വാർഡുകളിൽ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കണ്ടെയ്ന്‍മെന്റ് സോൺ നിയന്ത്രണങ്ങൾ ഉറപ്പാകുന്നതിൽ ചിലയിടങ്ങളിൽ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഒട്ടാകെ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ടെയ്ന്‍മെന്റ് സോണുകളുടെ കൂടുതൽ കാര്യക്ഷമവും, സമഗ്രവുമായ മേൽനോട്ടത്തിന് 155 സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിരുന്നു. നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നത് ഇതുമൂലം കൂടുതൽ ഫലപ്രദമായിട്ടുണ്ട്.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോൺ പ്രഖ്യാപനവും, നിയന്ത്രണവും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ മറ്റു ഉദ്യോഗസ്ഥരോടൊപ്പം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സെക്ടർ മജിസ്‌ട്രേറ്റുമാർക്കായിരിക്കും

കോര്‍പ്പറേഷന്‍ പരിധിയില്‍ 30 ലധികം ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ഡുകളില്‍ മുഴുവന്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും.  അത്തരം വാര്‍ഡുകളില്‍ രണ്ടു നിര പ്രതിരോധം ഉറപ്പാക്കണം. മുഴുവന്‍ വാര്‍ഡിനും പ്രതിരോധ വലയം ഒരുക്കുന്നതോടൊപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന് പ്രത്യേകം സംരക്ഷണ വലയവും ഒരുക്കണം. രണ്ടാഴ്ചത്തേക്ക് പ്രതിരോധം ഉറപ്പാക്കും.  സമ്പര്‍ക്കങ്ങളെല്ലാം കണ്ടെത്തി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മാപ്പ് ചെയ്യും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും  കണ്ടെയ്ന്‍മെന്റ് സോൺ നിർണയം നടക്കുക. ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങളനുസരിച്ച് പരിശോധന നടത്തും, കേസുകള്‍ കുറയുന്നതിനനുസരിച്ച്  ആദ്യം ഒന്നാം നിര നിയന്ത്രണം ഒഴിവാക്കും.
സബ് കളക്ടറും, കോർപറേഷൻ സെക്രട്ടറിയും സെക്ടര്‍ മജിസ്‌ട്രേറ്റ്,വാര്‍ഡ് ആര്‍ ആര്‍ ടി  JPHN, JHI, ASHA എന്നിവർക്ക് ആയിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം.
കോര്‍പ്പറേഷന്‍ സെക്രട്ടറി കോവിഡ് ജാഗ്രത പോർട്ടലിലൂടെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് നിർദ്ദേശിക്കും. താലൂക്ക് ഇന്‍സിഡന്റ് കമാണ്ടറായ സബ് കലക്ടറുടെ ശുപാര്‍ശ പ്രകാരം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് ജില്ലാ കളക്ടറായിരിക്കും.

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്ത് പൊതു ഗതാഗതം അനുവദിച്ച റോഡുകളോട് ചേര്‍ന്നുള്ള  കച്ചവട സ്ഥാപനങ്ങൾക്ക്  കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കലക്ടറുടെ ഉത്തരവ് പ്രകാരം ഇളവുകൾ നൽകാം.  ഇവിടങ്ങളില്‍ പോസിറ്റീവ് കേസുകളോ സമ്പര്‍ക്ക പട്ടികയിൽ ഉള്ളവരോ ഇല്ലെന്ന്  ഉറപ്പുവരുത്തി, സബ് കളക്ടറുടെ ശുപാർശ അനുസരിച്ചായിരിക്കും കലക്ടർ ഇളവുകൾ നൽകുക

വാർഡിലെ പോസിറ്റീവ് കേസുകള്‍ 30 ല്‍ കുറവാണെങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കാം. ആവശ്യമായ സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനവും, കൃത്യമായ നിയന്ത്രണങ്ങ ഉറപ്പാക്കേണ്ടത് സെക്ടര്‍ മജിസ്‌ട്രേറ്റ്, തദ്ദേശ സ്ഥാപന സെക്രട്ടറി, നോഡല്‍ ഓഫീസര്‍ എന്നിവരുടെ ചുമതലയാണ്.  കണ്ടെയ്ന്‍മെന്റ് സോണ്‍  നടപടികള്‍ പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തണം.  

മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷന്‍ ദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. എന്നാല്‍ പോസിറ്റീവ് കേസുകള്‍ 15ൽ അധികമാണെങ്കിൽ ഈ പ്രദേശങ്ങളിൽ മുഴുവൻ വാർഡും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണം.  തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കോവിഡ് ജാഗ്രത  പോര്‍ട്ടലിലൂടെ  ഈ നിർദേശം സമർപ്പിക്കണം, താലൂക്ക് ഇന്‍സിഡന്റ് കമാൻ്റര്‍മാരുടെ നിർദേശ പ്രകാരം ജില്ലാ കളക്ടർ അന്തിമ തീരുമാനം കൈകൊള്ളും.

മറ്റെല്ലാ ഗ്രാമപഞ്ചായത്തുകളിലും കോവിഡ്  പോസിറ്റീവ് കേസുകള്‍ 15 ല്‍ കുറവാണെങ്കിൽ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പഞ്ചായത്തുകൾക്ക് 
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി  നിര്‍ദ്ദേശിക്കാം.15 ലധികം ആക്ടീവ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ മുഴുവന്‍ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാവുന്നതാണ്.

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിലെ 
ഈ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട  പ്രാഥമിക ചുമതല താലൂക്ക് ഇന്‍സിഡെന്റ് കമാൻ്റര്‍മാര്‍ക്കും,തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും സെക്ടര്‍ മജിസ്‌ട്രേറ്റിനെ സഹായിക്കേണ്ടത് താലൂക്ക് ഇന്‍സിഡന്റ് കമാൻറര്‍മാരാണ്.

Post a comment

Whatsapp Button works on Mobile Device only