19 ഒക്‌ടോബർ 2020

ടൂറിസ്റ്റ് ബസ് വ്യവസായം:വന്‍ സാമ്പത്തിക തകര്‍ച്ചയില്‍
(VISION NEWS 19 ഒക്‌ടോബർ 2020)


കൊടുവള്ളി : ലോക്ക് ഡൗണില്‍ ഓട്ടം നിലച്ച ടൂറിസ്റ്റ് ബസ് വ്യവസായം ആറുമാസം പിന്നിട്ടിട്ടും കരകയറാനാവാതെ വന്‍ സാമ്പത്തിക  തകര്‍ച്ചയില്‍. ജില്ലയിലെ ട്രാവല്‍സ് ഉടമകളും ജീവനക്കാരും കൊവിഡിന് ശേഷം വലിയ ജീവിത പ്രതിസന്ധിയാണ് നേരിടുന്നത്.
പ്രതിമാസം 20,000 മുതല്‍ 50,000 രൂപവരെ വരുമാനം ലഭിച്ചിരുന്നവരാണ് ദുരിതത്തിലായത്. അണ്‍ലോക്കിനെ തുടര്‍ന്ന് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ചുരുക്കം ചില ട്രാവല്‍സുകളുടെ കാറുകള്‍ക്ക് ഓട്ടം ലഭിച്ചതൊഴിച്ചാല്‍ മേഖല തീര്‍ത്തും നിശ്ചലമാണ്. ഒക്ടോബറോടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ചിങ്ങത്തിലെ വിവാഹ സീസണ് പുറമെ  ഇത്തവണ ശബരിമല തീര്‍ത്ഥാടന കാലവും നഷ്ടമാകുമെന്നുറപ്പായി.
കൊവിഡ് പ്രതിസന്ധി മാറി ജനജീവിതം സാധാരണ മട്ടിലായാലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങളോളം വേണ്ടിവരും.
ജീവനക്കാര്‍ ദുരിതത്തില്‍
ജില്ലയിലെ പല ട്രാവല്‍സുകളിലുമായി ജോലി ചെയ്തിരുന്ന ഡ്രൈവര്‍, ക്ലീനര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ ഭൂരിഭാഗം പേരും മറ്റൊരു ജോലിയും ലഭിക്കാതെ കഷ്ടപ്പാടിലാണ്. ചുരുക്കം ചിലര്‍ ഓട്ടോ, ലോറി ഡ്രൈവര്‍മാരായി പോയും കാര്‍ഷിക-നിര്‍മ്മാണ മേഖലയിലും കൂലിപ്പണിയെടുത്താണ് നിത്യചെലവിനുള്ള വരുമാനം കണ്ടെത്തുന്നത്. 
മാര്‍ച്ചില്‍ നിറുത്തിയിട്ട  ടൂറിസ്റ്റ് ബസുകളും ഇതുവരെ അനങ്ങിയിട്ടില്ല. പല ബസുകളുടെയും ചുറ്റും കാടുകയറി. ജനജീവിതം സാധാരണ നിലയിലായാലും ഒരു ബസ് അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാന്‍ ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും വേണം. നൂറുകണക്കിന് ബുക്കിംഗുകളാണ് ഈ കാലയളവില്‍ റദ്ദായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only