ശബരിമല തീര്‍ത്ഥാടനം; കൊവിഡ് സാഹചര്യം പരിഗണിച്ച് ഭക്തര്‍ക്ക് സൗകര്യങ്ങൾ നൽകാനൊരുങ്ങി ജില്ലാ ഭരണകൂടം
ശബരിമല തീര്‍ത്ഥാടനം; കൊവിഡ് സാഹചര്യം പരിഗണിച്ച് ഭക്തര്‍ക്ക് സൗകര്യങ്ങൾ നൽകാനൊരുങ്ങി ജില്ലാ ഭരണകൂടം
ശബരിമലയിൽ ഭക്തർക്കുള്ള സൗകര്യങ്ങളൊരുക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. കർശന നിയന്ത്രണങ്ങളോടെയുള്ള ദർശനം കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസിന്റെ ചുമതലയായിരിക്കും. മണ്ഡല, മകരവിളക്ക് കാലത്തെ തീർത്ഥാടനം വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം. ഇതിന് മുമ്പ് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
പമ്പ ത്രിവേണിയിൽ ഇറങ്ങാൻ അനുമതി ഇല്ലാത്തതിനാൽ ഭക്തർക്ക് കുളിക്കാൻ പകരം സംവിധാനം ഒരുക്കും. ശബരിമല പാതയിൽ പ്ലാന്തോട് ഭാഗത്ത് റോഡ് വിണ്ട് കീറിയതിനാൽ നിലവിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തുലാമാസ പൂജയ്ക്കെത്തുന്നവരെ ചെറുവാഹനങ്ങളിലായിരിക്കും പമ്പയിലേക്ക് കടത്തിവിടുക. കെഎസ്ആർടിസിയുടെ ചെറിയവാഹനങ്ങൾ ഇതിനായി ക്രമീകരിക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ശബരിമല പാതയുടെ പണികൾ പൂർത്തീകരിച്ച് ഗതാഗതം പുനസ്ഥാപിക്കും. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സിഎഫ്എൽടിസികളും തയ്യാറാക്കി. വെർച്ച്വൽ ക്യു സംവിധാനം രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമായിരിക്കും പ്രവേശനം.
Post a comment