07 October 2020

മഹാമാനവികതയുടെ കരസ്പർശമനുഭവിച്ച പത്ത് ദിവസങ്ങൾ
(VISION NEWS 07 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകലോകത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നിലേക്കെത്തി എന്ന് മനസ്സിലായത് സെപ്തം. 26 ന് കൊടുവള്ളിയിൽ വെച്ച് നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെയാണ്.
അതിനും ദിവസങ്ങൾക്ക് മുൻപ് തന്നെ കടുത്ത പനി വന്നതിനാൽ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തിയിരുന്നു.അത് കൊണ്ട് തന്നെ എന്നിലൂടെ രോഗവ്യാപനം ഉണ്ടാകാതെ രക്ഷപെട്ടു.
സഖാക്കൾ രാഗേഷും ലെനിൻദാസുമാണ് ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിത്തന്നത്.പോസിറ്റീവാണ് എന്നറിഞ്ഞ നിമിഷം തന്നെ കൊടുവള്ളിയിൽ നിന്നും സ.ബാബുവേട്ടൻ്റെ വിളിയെത്തി.CPIM കോവിഡ് പ്രതിരോധ സേനയുടെ വാഹനം അയക്കുന്നു ,അതിൽ കയറി കൊടുവള്ളി FLTC യിലേക്ക് പോരൂ എന്നാണ് സഖാവ് പറഞ്ഞത്... അപ്പോഴേക്കും ശരിക്കും ഒരു കോവിഡ് രോഗിയായി ഞാൻ മാറിയിരുന്നു...
കടുത്ത പനി, തലവേദന, ശരീര വേദന, ചുമ എന്നിവയിൽ അവശനായി പ്പോയി....
മൊബൈലിലേക്ക് നിർത്താതെയുള്ള വിളികൾ...
പാർടിസഖാക്കൾ, ബന്ധുക്കൾ, സ്റ്റേഹിതൻമാർ എല്ലാവരും വിളിക്കുന്നു.
ഒരു ഘട്ടത്തിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു. ഏതാനും സമയത്തിനകം ശ്രീജേഷ്, ലെനിൻ ദാസ്, രാഗേഷ്, പ്രശോഭ് എന്നിവർ വാഹനവുമായെത്തി..
ഞാനും അബ്ദുൽ ഹക്കീമും ( സഖാവും പോസിറ്റീവായിരുന്നു. പക്ഷേ യാതൊരു യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നു. പാർടി വെണ്ണക്കാട് ബ്രാഞ്ച് സെക്രട്ടറിയാണദ്ദേഹം) വണ്ടിയിൽ കയറി കൊടുവള്ളിയിൽ പ്രവർത്തിക്കുന്ന CFLTC(covid first line treatment centre) എത്തി. കൊടുവള്ളിയിൽ എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചു കൊണ്ടിരുന്നു. എല്ലാ വിവരങ്ങളും അവർ ചോദിച്ചറിഞ്ഞു.പോലീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും വിളിക്കുന്നു. റൂട്ട് മാപ്പ് ആയിരുന്നു അവർക്ക് അറിയേണ്ടത്.
കോവിഡ് സെൻററിൽ എത്തിയപ്പോൾ വളണ്ടിയർമാരായ നിധിൻ മുത്തമ്പലം, സഞ്ജയ് മുത്തമ്പലം, ബിനോയ് വാരിക്കുഴിത്താഴം, ആദർശ് മുത്തമ്പലം എന്നിവർ PPEകിറ്റുമണിഞ്ഞ് മിടുക്കൻമാരായി മുന്നിൽ നിൽക്കുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം റൂമിലെത്തിയപ്പോൾ വളണ്ടിയർമാർ ഒരു പൊതി കൊടുത്തയച്ചു. തോർത്ത്മുണ്ട്, കുളി സോപ്പ്, അലക്ക് സോപ്പ്, സോപ്പുപൊടി, വെളിച്ചെണ്ണ, പേസ്റ്റ്, ടൂത്ത് ബ്രഷ്, ചന്ദനത്തിരി തുടങ്ങിയ സാധനങ്ങളായിരുന്നു അതിൽ. എല്ലാം സർക്കാർ വക സൗജന്യം...
അപ്പോഴേക്കും വീടും പരിസരവും കോവിഡ് പ്രതിരോധ സേനാംഗങ്ങൾ അണുവിമുക്തമാക്കി എന്നറിയിച്ചു കൊണ്ട് ഭാര്യയുടെ വിളിയെത്തി.
കോവിഡ് 19 ജാഗ്രതയിൽനിന്നും, താങ്കൾ കോവിഡ് പോസിറ്റീവാണെന്നും KM O കോളേജിലാണ് ചികിത്സ എന്നും അറിയിച്ചു കൊണ്ട് ഔദ്യോഗികമായി SMS ഉം വന്നു.കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എത്രമാത്രം കാര്യക്ഷമമായാണ് കേരളത്തിൽ നടക്കുന്നത് എന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഭക്ഷണവും വിശ്രമവുമാണ് ഈ അസുഖം മാറാനുള്ള നിലവിലെ പോംവഴി എന്ന് മുറിയിലുണ്ടായിരുന്ന എൻ ആർ റിനീഷ് പറയുന്നുണ്ടായിരുന്നു.
വിശ്രമത്തിന് പറ്റിയ അന്തരീക്ഷം തന്നെയായിരുന്നു അവിടെ.K MO ആർട്സ് കോളേജ് ആശുപത്രിയായി മാറ്റിയിരിക്കുകയാണ്.പുതുപുത്തൻ ബെഡ് അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.  വൃത്തിയും വെടിപ്പും കാത്തു സൂക്ഷിക്കാൻ വളണ്ടിയർമാർ നല്ല പോലെ ശ്രദ്ധിക്കുന്നു. എല്ലാ കാര്യവും അറിയാനും പരിഹരിക്കാനും ഡോക്ടറും പാരാമെഡിക്കൽ സ്റ്റാഫും. ഒന്നിനും ഒരു കുറവുമില്ല.
രാവിലെ 7.30 ന് തന്നെ കുടുംബശ്രീ അടുക്കളയിലുണ്ടാക്കിയ ചായ എത്തും.ഓരോ ദിവസവും വ്യത്യസ്ഥമായ വിഭവങ്ങളായിരിക്കും പ്രാതലിന് ഉണ്ടാവുക. ഒരു ദിവസം പുട്ടും കടലയുമാണെങ്കിൽ അടുത്ത ദിവസം വെള്ളയപ്പവും ഇഷ്ടും ,അതിനടുത്ത ദിനം നൂൽപുട്ടും ചെറുപയർ കറിയും.കൃത്യം 10 മണിയാവുമ്പോൾ വീണ്ടും ചായ .ചെറുകടിയായി നെയ്യപ്പം, പഴംപൊരി, അട എന്നിങ്ങനെ എന്തെങ്കിലും.
ഉച്ചയാവുമ്പോൾ നല്ല നാടൻ ഭക്ഷണമെത്തും.. സ്പെഷ്യലോട് കൂടിത്തന്നെ.4 മണിക്ക് ചായയും ബിസ്ക്കറ്റും.
രാത്രി അത്താഴം എല്ലാ ദിവസവും ചപ്പാത്തിമാത്രം.ചിക്കൻ കുറുമ, മുട്ടക്കറി, വെജിറ്റബിൾ കറി ഏതെങ്കിലുമുണ്ടാവും.കൂടാതെ ഒരു മൈസൂർ പഴവും.
ഞായറാഴ്ച ചിക്കൻ ബിരിയാണി നിശ്ചയമായും ഉണ്ടാകും.
ഇങ്ങിനെ എല്ലാം കൊണ്ടും സമൃദ്ധമായ അവസ്ഥയിലൂടെയാണ് ഓരോ കോവിഡ് രോഗിയും CFLTC യിൽ കഴിഞ്ഞുകൂടുന്നത്.
ഇത്തരം കാര്യങ്ങളെല്ലാം പരസ്പരം പങ്കുവെക്കുമ്പോൾ നമ്മുടെ തൊട്ടടുത്ത കർണ്ണാടകയിൽ കോവിഡ് രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സഹമുറിയനായ ജാഫർക്കാ വ്യക്തമായി പറഞ്ഞു തന്നു. അദ്ദേഹത്തിന് പരിചയമുള്ള ഒരു തൊഴിലാളി ഗുണ്ടൽപേട്ടിലെ വീട്ടിൽ കോവിഡ് ബാധിതനായി ആഴ്ചകളോളം കിടന്നതും ഒരു 'പാരസെറ്റമോൾ' കൊടുക്കാൻ പോലും ആരും ഇല്ലായിരുന്നു എന്നും ഒച്ചയുയർത്തിപ്പറഞ്ഞപ്പോൾ, നരിക്കുനിയിൽ നിർമ്മാണ ജോലിക്ക്‌ വന്ന് രോഗബാധിതനായ ബീഹാർ സ്വദേശി തൊട്ടടുത്ത കട്ടിലിൽ നിന്ന് മിഴിച്ച് നോക്കുന്നുണ്ടായിരുന്നു...
ഇങ്ങിനെ കേരളാ മോഡലിൻ്റെ മഹത്വം അനുഭവിച്ചറിഞ്ഞ നാളുകൾ... സാന്ത്വനിപ്പിക്കലിൻ്റെ...
ചേർത്തു പിടിക്കലിൻ്റെ ആ കരസ്പർശം ഞാനും അനുഭവിച്ച ദിനങ്ങൾ..
ഒരു ദിവസം രാത്രിയിൽ മാനസിക പ്രയാസം വല്ലതുമുണ്ടോ, കൗൺസലിംഗോ മറ്റോ വേണോ എന്നന്വേഷിച്ച് കൊണ്ട് കോവിഡ് സെൻ്ററിൽ നിന്നും ആർദ്രമായി സംസാരിച്ചുകൊണ്ടൊരുഫോൺ വന്നു...
എല്ലാ മേഖലയിലും കൈവെച്ച് കൊണ്ടാണ് കേരള സർക്കാർ കോവിഡ് രോഗികളെ സംരക്ഷിക്കുന്നത്.
"സർക്കാർ ഒപ്പമുണ്ട്' എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പാലിക്കപ്പെടുന്നു..
കൃത്യം പത്താം നാൾ ഞാനും ഹക്കീമും ടെസ്റ്റിന് വിധേയമായി. ഫലം നെഗറ്റീവ്.
ഇതിനിടയിൽ മറ്റ് പലതും സംഭവിച്ചിരുന്നു. കോവിഡ് പ്രതിരോധ സേനാംഗമായ രാഗേഷ് പരിശോധനയിൽ പോസിറ്റീവായി. സഖാവ് FLTC യിൽ തൊട്ടടുത്ത മുറിയിലെത്തി.അതോടെ മറ്റു സേനാംഗങ്ങളെല്ലാം ക്വാറൻ്റയിനിൽ പോയി. പുറത്തുള്ള വളണ്ടിയർ പ്രവർത്തനം പ്രതിസന്ധിയിലായി.അതിനെ മറികടക്കാൻ സഖാക്കൾകൈയ്മെയ് മറന്ന് എന്തൊക്കെയോ  ചെയ്യുന്നുണ്ടെന്ന് മനസ്സിലായി.
എൻ്റെ ഭാര്യ പോസിറ്റീവായി KMOയിൽ തന്നെ മറ്റൊരു കെട്ടിടത്തിൽ എത്തി.
മകൻ നെഗറ്റീവായി വീട്ടിൽതന്നെ.
വളണ്ടിയർ കാലാവധി കഴിഞ്ഞ നിധിൻ മുത്തമ്പലം, ആദർശ് എന്നിവർ ക്വാറൻ്റയിനിൽ പ്രവേശിച്ചു. പകരം രാജീവ്കുമാർ പൂവ്വറമ്മൽ വന്നു.
ബിൻ ലാദന് മോഡൽ താടി വെട്ടിമാറ്റി അജിൻ വിഷ്ണു പുതിയവളണ്ടിയറായത്തി.
ഏതായാലും നെഗറ്റീവിയാൽ ഉടൻ തന്നെ അതിൻ്റെ പേപ്പറും വാങ്ങി വീട്ടിൽ പോയി നിരീക്ഷണത്തിൽ കഴിയണം എന്നതിനാൽ വളണ്ടിയർമാരെ മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങി.
വീട്ടിലേക്ക് എത്തുന്നതിന് തൊട്ടു മുൻപ് ഒരു ബൈക്കും പഴയ മാരുതി 800 ഉം എതിരേ വരുന്നു. ഞങ്ങളേക്കണ്ട് കുറച്ച് മാറി അവർ വണ്ടി നിർത്തി.
'പ്രജീഷേട്ടാ... വീട്ടിൽ മരുന്നടിച്ചിട്ടുണ്ട്.. ധൈര്യമായി പോയ്ക്കോളൂ'...
ആ ശബ്ദത്തിൻ്റെ ഉടമയെ പെട്ടെന്ന് മനസ്സിലായില്ല.
ഞാൻ അജയഘോഷാണ്. മാനി പുരത്തെ.. അവൻ്റെ വിശദീകരണം..
പെട്ടെന്ന് പിടികിട്ടി.. SFIക്കാരനായ കുരുന്നു പയ്യൻ.വളണ്ടിയർമാരായഏട്ടൻ സഖാക്കളെല്ലാം ക്വാറൻ്റയിനിൽ പോവേണ്ടി വന്നതിനാൽ സാമൂഹ്യ പ്രതിബന്ധതയുടെ ചോദ്യത്തിനുത്തരവുമായി സ്വയം തയ്യാറായി വന്നവൻ..
കൂടാതെ പത്ത് ദിവസം FLTC യിൽ കഠിനാധ്വാനം ചെയ്തിട്ടും വിശ്രമിക്കാതെ നിധിൻ മുത്തമ്പലവും.
അവർ കൈ വീശി യാത്രയായി...
ആത്മസമർപ്പണത്തിൻ്റെ ബാറ്റൺ കൈയിൽ വാങ്ങിയുള്ള ആ പോക്ക് നോക്കി ഞാൻ നിന്നു..
കുന്നിറങ്ങി അവർ കണ്ണിൽ നിന്നും മായുവോളം.
അപ്പോഴേക്കും മൊബൈലിൽ SMSൻ്റെ പതിഞ്ഞതാളം...
അതിങ്ങനെയായിരുന്നു,
COVID19 JAGRATHA.
MEDICAL OFFICER MARKED YOU(JAGRATHA ID 1733642)
AS NEGATIVE ON 05/10/2020

ലേഖകൻ :പ്രജീഷ് വടക്കയിൽ വെണ്ണക്കാട്, കൊടുവള്ളി

Post a comment

Whatsapp Button works on Mobile Device only