16 October 2020

ശബരിമലനട ഇന്ന് തുറക്കും; ആശുപത്രികൾ സജ്ജം, മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
(VISION NEWS 16 October 2020)


ശബരിമല: ആറുമാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തും. തുലാമാസപൂജകൾക്കായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം. കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം.

പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വർഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.

ആശുപത്രികൾ സജ്ജമാക്കി

തിരുവനന്തപുരം:തുലാമാസ പൂജകൾക്ക് വെള്ളിയാഴ്ച ശബരിമലനട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലകയറുമ്പോൾ മാസ്ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിർബന്ധമാണ്. ദർശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ഒരു പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പോലീസിനെ വിന്യസിച്ചു. വെർച്വൽ ക്യൂ വഴി രജിസ്റ്റർചെയ്ത 250 ഭക്തർക്കാണ് ഒരുദിവസം ദർശനം അനുവദിക്കുന്നത്.

മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം.

ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.


 *കെ.എസ്.ആർ.ടി.സി. സർവീസ്* 

*പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും.

* 30-ൽ കൂടുതൽ തീർഥാടകർ എത്തിയാൽമാത്രം അധിക ബസ്

* നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഇല്ല.

ചെറിയവാഹനങ്ങൾ കടത്തിവിടും

* തീർഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും.

*പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം.

നിലയ്ക്കലിൽ കോവിഡ് പരിശോധന

* 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

* ഇല്ലാത്തവർക്ക് നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന

* പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല.

* മാസ്ക് നിർബന്ധം

* യാത്രയിൽ ഉടനീളം സാമൂഹിക അകലം

* കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്.

 *പമ്പയിലെ ക്രമങ്ങൾ* 

* പമ്പാ സ്നാനം ഇല്ല

* ഷവർ സജ്ജം. മാളികപ്പുറങ്ങൾക്ക് പ്രത്യേക കുളിമുറി

* 150 ശൗചാലയങ്ങൾ

* ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴി യാത്ര

* ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല

* വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും

 *കുടിവെള്ളം* 

* പമ്പയിൽനിന്ന് 100 രൂപയ്ക്ക് ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെനൽകി പണം വാങ്ങാം.

* കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണം.

യാത്ര സ്വാമിഅയ്യപ്പൻ റോഡുവഴി

* കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രം

* മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്ക്

 *സന്നിധാനത്തെ ക്രമീകരണം* 

* പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം

* പതിനെട്ടാംപടിയിൽ പോലീസ് സേവനത്തിന് ഉണ്ടാകില്ല

* കൊടിമരച്ചുവട്ടിൽനിന്ന് ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും

* ശ്രീകോവിലിന് പിന്നിൽ നെയ്ത്തേങ്ങാ സ്വീകരിക്കാൻ കൗണ്ടർ

* സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമില്ല

* മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം

* മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും

* അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ

* സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല.

അരുതാത്തത്

* തന്ത്രി, മേൽശാന്തി, മറ്റ് പൂജാരിമാർ എന്നിവരെ കാണാൻ അനുവാദമില്ല

* ഭസ്മക്കുളത്തിൽ കുളിക്കാൻ അനുവദിക്കില്ല

* ശയനപ്രദക്ഷിണം ഇല്ല

* നെയ്ത്തേങ്ങ ഉടയ്ക്കൽ ഇല്ല

 *അന്നദാനം* 

* പമ്പയിലും സന്നിധാനത്തും പരിമിതമായ രീതിയിൽ അന്നദാനം

Post a comment

Whatsapp Button works on Mobile Device only