13 October 2020

പട്ടികവിഭാഗ പുനരധിവാസ പദ്ധതികൾ അടക്കമുള്ളവ ലൈഫ്മിഷനിൽ നിന്നു എടുത്തുമാറ്റി പട്ടികജാതി വികസന വകുപ്പ്‌ മുഖേന പദ്ധതികൾ നടപ്പിലാക്കണം: ഐക്യവേദി
(VISION NEWS 13 October 2020)


ഓമശ്ശേരി: പട്ടികവിഭാഗ പുനരധിവാസ പദ്ധതികൾ ലൈഫ്മിഷനിൽ നിന്നും എടുത്തുമാറ്റി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കണമെന്ന് കേരള പട്ടികജാതി പട്ടികവർഗ്ഗ ഐക്യവേദി ഓമശ്ശേരിയിൽ സംഘടിപ്പിച്ച ജില്ലയിലെ പഞ്ചായത്ത്തലഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ലൈഫ്മിഷൻ നിയമങ്ങൾ മിക്കതും അനാവശ്യവും പട്ടികവിഭാഗക്കാരനു അപ്രാപ്യവുമാണ്. ഒരു റേഷൻകാർഡിൽ പേരുള്ള രണ്ടു കുടുംബങ്ങൾക്ക് വെവ്വേറെ റേഷൻകാർഡ് വേണമെന്നുള്ളതും വീട് ലഭിക്കണമെങ്കിൽ വീട് വെച്ചുകെട്ടി നമ്പർ ഇടീക്കണമെന്നുള്ളതും പട്ടികവിഭാഗക്കാരെ സമ്പത്തിച്ചിടത്തോളം സാമ്പത്തികമായി പ്രയാസം ഉണ്ടാക്കുന്നതാണ്. വർഷങ്ങളായി ഇടിഞ്ഞു വീഴാറായ കട്ടവീടിൽ താമസിക്കുന്നവർക്ക് വേറെ വീട് കൊടുക്കാൻ നിയമപരമായി കഴിയില്ല എന്ന് ഇമ്പ്ലിമെന്റ് ഓഫീസർമാർ പറയുന്നതും ഇതിലെ കാർക്കശ്യം ബോധ്യപ്പെടുന്നതുമാണ്. ഇതിന്റെയൊക്കെ ഫലമയാണ് പട്ടികവിഭാഗക്കാരന്റെ വീട് നിർമ്മിക്കാൻ ലൈഫ്‌മിഷൻ ഏൽപ്പിച്ച 340 കോടി രൂപ ചിലവിടനാവില്ല എന്നു പറഞ്ഞുകൊണ്ട് ലാപ്‌സ് ആക്കുന്നത്. പട്ടികവർഗ്ഗക്കാർക്ക് അനുവദിച്ച 140 കോടി രൂപയും ചിലവാവാതെ കിടക്കുകയാണ്. ലൈഫ്‌മിഷൻ കോഴയുടെ പ്രശ്നങ്ങൾ പൊടിപൊടിക്കുമ്പോഴും ഭൂമിയും വീടുമില്ലാതെ ലക്ഷക്കണക്കിന് പട്ടികവിഭാഗക്കാർ വാടകക്കും മറച്ചുകെട്ടിലും ജീവിക്കുമ്പോൾ ആണ് ഈ വിഭാഗത്തിന് വേണ്ടി ചിലവാക്കേണ്ട ഇത്രയും വലിയ തുക ചിലവിടാതെ പാഴായി പോകുന്നത്. ഇത് ഈ വിഭാഗത്തിനൊടുള്ള അവഗണനയും അധിക്ഷേപവും ആണെന്നാണ് മനസ്സിലാകുന്നത്. ഇത്തരം ഫണ്ടുകൾ ലാപ്‌സ് ആകുന്നതിൽ പ്രതിവിധിയോ മറ്റുകാര്യങ്ങളോ കണ്ടെത്താതെ ഈ ഫണ്ട് വകമാറ്റി ചിലവഴിക്കാറാണ് ഇതിൽ പട്ടികവിഭാഗ സമൂഹം ആശങ്കാകുലരാണ്. പട്ടികജാതി വികസന വകുപ്പിനെ നോക്കുകുത്തി ആക്കിക്കൊണ്ടും ഇടനിലക്കാർക്ക് സാമ്പത്തികലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ് പട്ടികജാതി വികസന പദ്ധതികൾ പട്ടികജാതി വികസന വകുപ്പിനെ ഏല്പിക്കാതെ മറ്റു ഏജൻസികളെ ഏൽപ്പിക്കുന്നത്.ഇതു പട്ടികജാതി വികസനവകുപ്പിനെ തിരിച്ചെൽപ്പിക്കാൻ സർക്കാർ തയ്യാറാവണം.പട്ടികജാതി ഫണ്ട് ഇനി ലാപ്‌സ് ആവുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്താൽ അത്തരം ഏജൻസികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള പട്ടികജാതി പട്ടികവർഗ്ഗ ഐക്യവേദി തയ്യാറാവും എന്നു യോഗത്തിൽ സംസാരിച്ച സംഘടന ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വികെ ബാലന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ഗോവിന്ദൻ വെളിമണ്ണ ഉൽഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി പി.പി.പ്രഭാഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ചന്ദ്രദാസ്, രാജൻ കെട്ടുങ്ങൾ,സുനീഷ് വി.കെ, ജിജിത് ഓമശ്ശേരി, ബിജു എം.പി മുടൂർ, വി.കെ സജിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only