27 ഒക്‌ടോബർ 2020

മൂന്ന് വയസുകാരിയെ തട്ടിയെടുത്ത് ട്രെയിന്‍ കയറി; കുഞ്ഞിനെ രക്ഷിക്കാൻ മണിക്കൂറുകളോളം നിർത്താതെ ഓടി ഇന്ത്യൻ റെയില്‍വേയുടെ അപൂര്‍വ്വ രക്ഷാദൗത്യം
(VISION NEWS 27 ഒക്‌ടോബർ 2020)

​   
മൂന്ന് വയസുകാരിയെ തട്ടിയെടുത്ത് ട്രെയിന്‍ കയറി; കുഞ്ഞിനെ രക്ഷിക്കാൻ മണിക്കൂറുകളോളം നിർത്താതെ ഓടി ഇന്ത്യൻ റെയില്‍വേയുടെ അപൂര്‍വ്വ രക്ഷാദൗത്യം
ട്രെയിനിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാന്‍ ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ട്രെയിന്‍ ഓടിച്ച്‌ ഇന്ത്യന്‍ റെയില്‍വെ. മധ്യപ്രദേശിലാണ് ഈ അപൂര്‍വ്വ രക്ഷാ ദൗത്യം നടന്നത്. ലളിത്പൂര്‍ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാള്‍ ലളിത്പൂരില്‍ നിന്നും ഭോപ്പോല്‍ വഴി പോകുന്ന രപ്തി സാഗര്‍ എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ഇത് അധികൃതര്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ട്രെയിന്‍ ഒറ്റ സ്‌റ്റോപ്പിലും നിര്‍ത്താതെ ഓടിയത്.
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലാണ് മോഷ്ടാവ് കുടുങ്ങിയത്. ഇയാള്‍ രപ്തി സാഗര്‍ എക്‌സ്പ്രസില്‍ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെ റെയില്‍വേ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ എവിടെയും നിര്‍ത്താതെ പായുകയായിരുന്നു.

തുടർന്ന് ഭോപ്പാല്‍ എത്തും വരെ ട്രെയിന്‍ ഒരു സ്റ്റേഷനിലും നിര്‍ത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളില്‍ വച്ച്‌ ഇയാളെ പിടികൂടാന്‍ ശ്രമിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഇയാള്‍ക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകള്‍ നിര്‍ത്താതെ ഓടിയ ട്രെയിന്‍ ഒടുവില്‍ ഭോപ്പാലില്‍ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരും റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്ന പൊലീസും ഉള്‍പ്പടെ ഇയാളെ പിടികൂടുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only