കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ ആലോചന. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. അടുത്തയാഴ്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന് ചര്‍ച്ച നടത്തും. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുമായുള്ള ആശയവിനിമയത്തിനു ശേഷമാകും തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഡിസംബര്‍ ആദ്യവാരമെങ്കിലും തെരഞ്ഞെടുപ്പ് നടത്താനാണ് ലക്ഷ്യം. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. നവംബര്‍ ആദ്യം വിജ്ഞാപനം ഇറങ്ങും. വാര്‍ഡുകളുടെ സംവരണം നിശ്ചയിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷപദവി സംവരണം ഒരാഴ്ചയ്ക്കുള്ളില്‍ നിശ്ചയിക്കും. അന്തിമ വോട്ടര്‍പട്ടിക വീണ്ടും പുതുക്കാനുള്ള നടപടി ചൊവ്വാഴ്ച തുടങ്ങി.
31നകം പൂര്‍ത്തീകരിക്കും. നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.
ബൂത്തുവിഭജനം പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ പരാമാവധി 1200ഉം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 1500ഉം വോട്ടര്‍മാരെയുമാണ് ഒരുബൂത്തില്‍ ഉള്‍പ്പെടുത്തിയത്. തിരക്ക് ഒഴിവാക്കാന്‍ വോട്ടര്‍മാര്‍ കൂടുതലുള്ള മുന്നൂറോളം ബൂത്തുകള്‍ വിഭജിച്ചു. ത്രിതല പഞ്ചായത്തുകള്‍ക്കായി 29,210ഉം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 5,213ഉം പോളിങ് സ്റ്റേഷനാണുള്ളത്. അധിക ബൂത്തുകള്‍ അതാത് പോളിങ് സ്റ്റേഷനില്‍ത്തന്നെ സജ്ജീകരിക്കണം.
Post a comment