01 October 2020

കെ.എസ്​.ആർ.ടി.സി ബസ്​ ഓൺ ഡിമാൻഡ്​​; കോഴിക്കോട് ജില്ലയിലെ ആദ്യ സർവ്വീസ് ​ഇന്നു മുതൽ
(VISION NEWS 01 October 2020)

​  
കോഴിക്കോട്​ ജില്ലയിൽ കെ.എസ്​.ആർ.ടി.സിയുടെ ആദ്യ ബസ്​ ഓൺ ഡിമാൻഡ് ​(ബോണ്ട്​) സർവ്വീസിന്​ ഇന്ന്​ മുതൽ തുടക്കം. തൊട്ടിൽപാലത്തുനിന്ന്​ കോഴിക്കോട്​ സിവിൽ സ്​റ്റേഷനിലേക്കാണ്​ ആദ്യ സർവ്വീസ്​. 50 ഓളം യാത്രക്കാരുമായി ബസ്​ രാവിലെ 9.45 ഓടെ സിവിൽ സ്​റ്റേഷന്​ മുന്നിലെത്തും. ജില്ല കളക്​ടർ ബസിനെ സ്വീകരിക്കും. ഒക്​ടോബർ അഞ്ചിന്​ തലശ്ശേരി-കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി, തിരുവമ്പാടി-കോഴിക്കോട് സിവിൽ സ്​റ്റേഷൻ​, താമരശ്ശേരി-നരിക്കുനിവഴി സിവിൽ സ്​റ്റേഷൻ സർവ്വീസുകൾ തുടങ്ങും. ഏഴാം തീയതി വടകര-കൽപറ്റ സിവിൽ സ്​റ്റേഷൻ, കുന്ദമംഗലം- കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി സർവ്വീസുകൾക്ക്​ തുടക്കമാവും.

സ്​ഥിരം യാത്രക്കാർക്ക് വേണ്ടിയുള്ള നോൺസ്​റ്റോപ്​​ സർവ്വീസാണിത്​. മറ്റ്​ യാത്രക്കാരെ ഈ ബസിൽ കയറ്റില്ല. കൊവിഡ്​ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാവും സർവ്വീസ്​. ​യാത്രക്കാർക്ക്​ പ്രത്യേക സുരക്ഷ ഇൻഷുറൻസ്​, വൈ ഫൈ സേവനം, സ്ഥിരം സീറ്റ്​, വീട്ടിനടുത്തോ, ഏറ്റവും സൗകര്യപ്രദമായ സ്​ഥലത്തോ നിന്ന്​ യാത്രക്കാർക്ക്​ ബസിൽ കയറാനുള്ള സൗകര്യം, വാട്​സ്​ ആപ്​ വഴി ലൊക്കേഷൻ അറിയിക്കാനുള്ള സൗകര്യം എന്നിവ ബസ്​ ഓൺ ഡിമാൻഡ്​ യാത്രക്കാർക്കുള്ള ആനുകൂല്യങ്ങളാണെന്ന്​ കെ.എസ്​.ആർ.ടി.സി വ്യക്തമാക്കിയിരുന്നു.രാവിലെ ഓഫീസിലെത്തിച്ച്​ വൈകുന്നേരം തിരിച്ച്​ വീട്ടിലെത്തിക്കുന്നതാണ്​ പദ്ധതി.

 സംസ്​ഥാനത്ത്​ ബോണ്ട്​ അടിസ്​ഥാനത്തിൽ ഏറ്റവും കൂടുതൽ സർവ്വീസ്​ നടത്തുന്ന ജില്ലയായി കോഴിക്കോട്​ മാറും. ജില്ലയിലെ അഞ്ച്​ ഡിപ്പോകളിൽനിന്ന്​ രണ്ടു​ പേരെ വീതം നിയോഗിച്ച്​ പത്തംഗ ടീം രൂപവത്​കരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. ജില്ല ട്രാൻസ്​പോർട്ട്​ ഓഫീസറുടെ നേതൃത്വത്തിൽ കെ. ശശി, എം. സുധീഷ്​ (താമരശ്ശേരി ഡിപ്പോ), എൻ.കെ. ഗിരീഷ്​കുമാർ, പി.പി. സജീവ്​ (തൊട്ടിൽപാലം ഡിപ്പോ), കെ.എം. ശിഹാബുദ്ദീൻ, കെ. അയ്യൂബ്​ (തിരുവമ്പാടി ഡിപ്പോ), ടി.വി. ദിനേഷ്​ ബാബു, കെ. സുധീഷ്​കുമാർ (വടകര ഡിപ്പോ), കെ. കൃഷ്​ണൻ, താജുദ്ദീൻ (കോഴിക്കോട്​ ഡിപ്പോ) എന്നിവരാണ്​ ടീമംഗങ്ങൾ. കോഴിക്കോട്​ ഡിപ്പോയിലെ കെ. ഉണ്ണിയാണ്​ കൺവീനർ.

Post a comment

Whatsapp Button works on Mobile Device only