കോഴിക്കോട്: നഷ്ടത്തിനിടയിലും കിട്ടുന്ന പണം പങ്കുവെച്ച് സർവീസ് നടത്തുകയാണ് സ്വകാര്യബസുകൾ. ദീർഘകാലമായി ഓടാതിരിക്കുന്ന ബസുകളെ റോഡിലിറക്കാനാണ് കുറഞ്ഞകൂലിയിലും ജോലിചെയ്യാനായി തൊഴിലാളികൾ തയ്യാറാകുന്നത്. ബസ് വ്യവസായം കോവിഡ് പ്രതിസന്ധിയിലായതോടെ തൊഴിലാളികളുടെ കൂലി പകുതിയിൽ താഴെയായി കുറച്ചു. ദിവസക്കൂലിയായി 900 രൂപ ലഭിച്ചിരുന്ന ഡ്രൈവർക്കിപ്പോൾ 500 രൂപയിൽ താഴെയാണ് ലഭിക്കുന്നത്.
കോവിഡ് അടച്ചിടലിനുശേഷവും ഒട്ടേറെ ബസുകൾക്ക് നിരത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. നഗരപരിധിയിൽ ഇപ്പോൾ ഇരുപത്തിയഞ്ചുശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബസുകളുടെ വരുമാനം കുറഞ്ഞു. ട്രിപ്പുകളുടെ എണ്ണവും വെട്ടിക്കുറച്ചു. 7000 രൂപ ദിവസവരുമാനമുണ്ടായിരുന്ന ബസുകൾക്കിപ്പോൾ 3000 രൂപയാണ് ലഭിക്കുന്നത്. ഡീസൽ നിറച്ചതിനുശേഷം ബാക്കി വരുന്ന തുകയാണ് ജീവനക്കാർക്ക് നൽകുന്നത്.
ബസുകളെ കൂടുതൽ ആശ്രയിച്ചിരുന്ന ഇതരസംസ്ഥാനതൊഴിലാളികളും സ്ത്രീകളും വിദ്യാർഥികളും യാത്രചെയ്യാനില്ലാത്തത് സിറ്റിബസുകൾക്ക് തിരിച്ചടിയാണ്. മുമ്പ് ദിവസം 1500 പേർ യാത്രചെയ്തിരുന്ന ബസുകളിലിപ്പോൾ 300-ൽ താഴെ യാത്രക്കാർ മാത്രമാണുള്ളത്. യാത്രക്കാർ കുറഞ്ഞതോടെ രാത്രിയിൽ ബസുകൾ സർവീസ് നടത്തുന്നില്ല. രാത്രി 11 മണി വരെ നഗരത്തിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് ബസുകൾ സർവീസ് നടത്തിയിരുന്നു.
സിറ്റിപരിധിയിൽ 400 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ 100 താഴെ ബസുകൾ മാത്രമാണ് ഓടുന്നത്.
കൂടുതൽ ബസുകൾ സർവീസ് നടത്തിയിരുന്ന മെഡിക്കൽ കോളേജിലേക്ക് ഇപ്പോൾ ഇരുപതോളംബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
Post a comment