21 ഒക്‌ടോബർ 2020

കാലപ്പഴക്കം ചെന്ന ബസുകൾ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കുകളാക്കുന്ന പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി.യും മിൽമ മലബാർ മേഖലയും ചേർന്ന് അഞ്ചിടങ്ങളിൽ ഫുഡ് ഓൺ ട്രക്ക് ആരംഭിക്കും
(VISION NEWS 21 ഒക്‌ടോബർ 2020)


കോഴിക്കോട്: കാലപ്പഴക്കം ചെന്ന ബസുകൾ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കുകളാക്കുന്ന പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി.യും മിൽമ മലബാർ മേഖലയും ചേർന്ന് അഞ്ചിടങ്ങളിൽ ഫുഡ് ഓൺ ട്രക്ക് ആരംഭിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

നേരത്തേ തിരുവനന്തപുരത്ത് ആരംഭിച്ച വിൽപ്പനശാല വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് മലബാർ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡുകളിൽ മുമ്പ് മിൽമ കൗണ്ടറുകളുണ്ടായിരുന്നു. ബസ്‌സ്റ്റാൻഡുകളുടെ നവീകരണത്തിന്റെ ഭാഗമായി പലതും എടുത്തുമാറ്റി. ഇപ്പോൾ ആരംഭിക്കുന്ന ഫുഡ് ട്രക്കിലൂടെ ആയിരക്കണക്കിന് യാത്രക്കാരിലേക്ക് ഉത്പന്നങ്ങളെത്തിക്കാമെന്നാണ് മിൽമയുടെ പ്രതീക്ഷ.

കെ.എസ്.ആർ.ടി.സി. വിട്ടുനൽകുന്ന ബസുകൾ ഇൻറീരിയർ ഡെക്കറേഷൻ നടത്തിയാണ് ഫുഡ് ട്രക്ക് ആക്കി മാറ്റുന്നത്. ഇതിനായി മിൽമ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ട്രക്കിനുള്ളിൽ നാലുപേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യവും വാഷ്ബേസിനും ഒരുക്കും. ബസ്‌സ്റ്റാൻഡിനോട് ചേർന്ന സ്ഥലം ട്രക്ക് സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി. വിട്ടുനൽകും.

മാസത്തിൽ 20,000 രൂപയും ജി.എസ്.ടി.യുമടക്കം വാടക ഇനത്തിൽ മിൽമ നൽകണം. അഞ്ച് വർഷത്തേക്കാണ് കരാർ. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പ്രധാന പ്രവേശന കവാടത്തിലാണ് ട്രക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കെ.ടി.ഡി.എഫ്.സി.യുടെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. ഒന്നരമാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാണ് തീരുമാനം.

മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭിക്കും

മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭിക്കും. വിവിധ തരത്തിലുള്ള 43 ഉത്പന്നങ്ങളാണ് മിൽമ പുറത്തിറക്കുന്നത്. ഇവയെല്ലാം യാത്രക്കാർക്ക് സൗകര്യാനുസരണം വാങ്ങാം

- ഡി.എസ്. കോണ്ട

(സീനിയർ മാനേജർ, മാർക്കറ്റിങ്, മിൽമ മലബാർ മേഖല)

(കടപ്പാട് :മാതൃഭൂമി)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only