കൊടുവള്ളി: ഏറെക്കാലത്തെ നാട്ടുകാരുടെ ആഗ്രഹമായിരുന്നു തോട്ടോളിക്കടവിൽ പാലം നിർമിക്കുക എന്നത്. പാലത്തിന്റെ പ്രാഥമിക പരിശോധനക്കായി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിതോടെ പാലമെന്ന നാട്ടുകാരുടെ സ്വപ്നത്തിന് ചിറക് മുളച്ചിരിക്കുകയാണ്.
മുണ്ടോട്ട് പൊയിൽ, വെളുത്തപറമ്പ്, പടിഞ്ഞാറ്മല പ്രദേശവാസികളാണ് പാലത്തിനായി ഏറെക്കാലമായി മുറവിളി കൂട്ടിയത്. പ്രദേശത്തെ പിഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെയാണ് ആശ്രയിക്കുന്നത്. ഇവർക്ക് തോട്ടോളിക്കടവിൽ
പാലം നിർമിച്ചാൽ വളരെ എളുപ്പത്തിൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയും. ഈ കടവിൽ പുഴ കടക്കാൻ മുമ്പ് തോണിയെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തോണിയില്ലാത്തതിനാൽ രണ്ടരയും മൂന്നും കിലോമീറ്റർ അകലെയുള്ള മാതോലത്ത് കടവ്, മോയോട്ടക്കടവ് പാലങ്ങളാണ് നാട്ടുകാരുടെ ആശ്രയം.
പാലം നിർമിക്കുന്നതോടെ
കൊടുവള്ളി നഗരസഭയേയും ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.
മുക്കം, ആർ.ഇ.സി, ചാത്തമംഗലം പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഇതുവഴി സാധിക്കും.
അബ്ദുള്ള തോട്ടോളി ചെയർമാനും ഫൈസൽ കരുവൻപൊയിൽ കൺവീനറുമായി പാലത്തിനുവേണ്ടി പ്രദേശവാസികൾ കമ്മിറ്റി ഉണ്ടാക്കി കുന്ദമംഗലം എം.എൽ.എ. പി.ടി.എ.റഹീമിന് നിവേദനം നൽകിയിരുന്നു. എം.എൽ.എ.പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് ഇതു സംബന്ധിച്ച് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തിയത്. എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞാൽ ഭരണാനുമതിക്കായി സമർപ്പിക്കുന്നതിന് ചൊവ്വാഴ്ച എം.എൽ.എ.വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.
...............................
കടപ്പാട് :എം.അനിൽകുമാർ
മാതൃഭൂമി ലേഖകൻ
കൊടുവള്ളി
Post a comment