19 ഒക്‌ടോബർ 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ ഉണ്ടായേക്കും; ഈ മാസം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
(VISION NEWS 19 ഒക്‌ടോബർ 2020)


തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ ആദ്യം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ നീക്കം.തെരഞ്ഞെടുപ്പിന്റെ  തലേദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി അധ്യക്ഷന്‍മാരുടെ സംവരണം തീരുമാനിക്കാനുള്ള നടപടകളിലേക്ക് കമ്മീഷന്‍ കടന്നിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് പൂര്‍ത്തിയാക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ സജ്ജമാകും. ഉദ്യോഗസ്ഥ പരിശീലനം പൂര്‍ത്തിയായി വരുന്നു. അടുത്ത മാസം ആദ്യത്തോടെ സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഉള്ള പൊലീസ് വിന്യാസം തീരുമാനിക്കാനാണ് ഡി.ജി.പിയെ കാണുന്നത്. ഉദ്യോഗസ്ഥ വിന്യാസം ചീഫ് സെക്രട്ടറിമായും സംസാരിക്കും. 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകള്‍ രണ്ടായി വിഭജിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് രോഗികളായവര്‍ക്ക് പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരിന്നു. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസങ്ങളില്‍ കോവിഡ് ബാധിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് തന്നെ നടപ്പാക്കാനാണ് കമ്മീഷന്‍ ആലോചന. ചില സാങ്കേതിക പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് മാര്‍ഗ്ഗങ്ങളും ഒന്നുമില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. ഇക്കാര്യം ആരോഗ്യവിദഗ്ദരുമായി കമ്മീഷന്‍ വീണ്ടും ചര്‍ച്ച ചെയ്യും. അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഡിസംബര്‍ ആദ്യം പോളിംങ് നടത്താനുള്ള ശ്രമങ്ങളാണ് കമ്മീഷന്‍ നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only