കൊടുവള്ളി: സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കിഴക്കോത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതായി കാരാട്ട് റസാഖ് എം.എൽ.എ. അറിയിച്ചു. ഇതോടെ മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി.
കാലങ്ങളായി നാട്ടുകാർ ഉയർത്തുന്ന ആവശ്യമായിരുന്നു കിഴക്കോത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നത് .
ഇതോടെ, ഉച്ചയ്ക്ക് രണ്ടുവരെയുള്ള ഒ.പി. സമയം ആറുവരെയായിമാറും. കൂടാതെ, അധികമായി രണ്ട് ഡോക്ടർതസ്തികകളും മൂന്ന് നഴ്സിങ് തസ്തികകളും ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ തസ്തികകളും ആശുപത്രിയിൽ വരും. അടിസ്ഥാനസൗകര്യത്തിലും വലിയ മാറ്റങ്ങൾ വരും. ഫാർമസി സൗകര്യം, ലാബ് സൗകര്യം, മെന്റൽഹെൽത്ത് ക്ലിനിക്, ആസ്മ ക്ലിനിക്, ജീവിതശൈലിരോഗ ക്ലിനിക് എന്നിവ എഫ്.എച്ച്.സി. സംവിധാനത്തിന്റെ ഭാഗമായി നിലവിൽവരും. കുടുംബാരോഗ്യകേന്ദ്രമായി മാറിയതിനെത്തുടർന്ന് കുടുംബ ഡോക്ടർ സങ്കല്പം കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലും യാഥാർഥ്യമാക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ. പറഞ്ഞു.
Post a comment