16 October 2020

പച്ചക്കറിവില കുതിച്ചുയരുന്നു
(VISION NEWS 16 October 2020)





കോഴിക്കോട്: ഒരാഴ്ചക്കിടെ പച്ചക്കറിവില വർധിച്ചതോടെ അടുക്കളയിലെ ബജറ്റ് താളംതെറ്റുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. സവാള, തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കാണ് വില വർധിച്ചത്. ഒരാഴ്ചയ്ക്കിടെ സവാളയ്ക്ക് വർധിച്ചത് 10 രൂപയാണ്. 45 രൂപയിൽനിന്നും ഒറ്റയടിക്ക് 55 രൂപയായി. സവാളയുടെ വരവ് കുറഞ്ഞതും സ്റ്റോക്ക് തീർന്നതുമാണ് വില വർധിക്കാനിടയാക്കിയത്. കഴിഞ്ഞവർഷം ഡിസംബറിൽ 120 രൂപയിലധികം സവാളയുടെ വില വർധിച്ചിരുന്നു. ചെറിയ ഉള്ളിയുടെ വില 140 വരെ എത്തിയിരുന്നു.

മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് സവാളയെത്തുന്നത്. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലും കാര്യമായ വർധനയുണ്ട്. തക്കാളിയുടെ വില 20-ൽനിന്ന് 25 രൂപയായി. ഉത്പാദനം കുറഞ്ഞതോടെ 60 രൂപയിൽനിന്ന് മുരിങ്ങക്കായുടെ വില 85-ൽ എത്തി. കാരറ്റിന് 90 രൂപയാണ് മാർക്കറ്റ് വില.

ജില്ലയിലേക്ക് തമിഴ്നാട്, ഗുണ്ടൽപേട്ട്, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറികളെത്തുന്നത്. ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിയതിനാൽ വിലവർധനയുണ്ടായിട്ടില്ല. പല പച്ചക്കറികളുടെയും വിളവെടുപ്പ് കാലമല്ലാത്തതാണ് ഇപ്പോൾ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. നവരാത്രി ആഘോഷം വരാനിരിക്കുന്നതും വില വർധിക്കാൻ ഇടയാക്കും. കല്യാണമോ മറ്റു ആഘോഷമോ ഇല്ലാത്തതും ഹോട്ടലുകൾ മിക്കതും അടച്ചതും പച്ചക്കറി വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

അതേസമയം പൊതുവിപണിയിൽ പച്ചക്കറികൾക്ക് വില കൂടുമ്പോൾ ഹോർട്ടികോർപ്പിന്റെ വിപണന സ്റ്റാളിൽ വിലക്കുറവുണ്ട്. വേങ്ങേരി, ചേവരമ്പലം, കക്കോടി, അത്തോളി, എലത്തൂർ, തോടന്നൂർ, മൊകേരി, തണ്ണീർപ്പന്തൽ (ആയഞ്ചേരി), വില്യാപ്പള്ളി, പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലാണ് ഹോർട്ടികോർപ്പിന് സ്റ്റാളുകളുള്ളത്.

Post a comment

Whatsapp Button works on Mobile Device only