എളേറ്റിൽ: നാൾക്കുനാൾ ഇല്ലാതാവുന്ന പൂനൂർ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തിൽ വീണ്ടും പുഴ കൈയ്യേറ്റം.കിഴക്കോത്ത് പഞ്ചായത്തിലെ കാരക്കാട്ടിൽ - ചെമ്പ്രമല കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് കൊടുവള്ളി നഗരസഭയുടെ അനുമതിയില്ലാതെ, വാവാട് വില്ലേജ് പരിധിയിൽ വരുന്ന കാരക്കാട് ഭാഗത്ത് പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പുഴയിൽ വലിയ കിണർ നിർമ്മിക്കുന്നത്.പ്രസ്തത കിണർ നിർമ്മാണത്തിന്ന് കിഴക്കോത്ത് വില്ലേജ് പരിധിയിലുള്ള പുറംമ്പോക്കിനോട് ചേർന്നുള്ള 13/9 സർവ്വേ നമ്പറിലുള്ള ഒരു സെന്റ് ഭൂമി പൊയിൽ അബ്ദുറഹിമാൻ ഹാജി വിട്ട് നൽകിയിരിക്കുകയാണ്. എന്നാൽ പ്രസ്തുത ഭൂമി ഉപയോഗിക്കാതെ പുഴയിൽ ഇറക്കി കിണർ നിർമ്മിക്കുന്നത് കടുത്ത പ്രതിഷേധത്തിന്ന് ഇടയാക്കിയിരിക്കുകയാണ്. പുഴയിൽ നിർമ്മിച്ച കിണറിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളത്തിൽ മണ്ണും ചെളിയും നിറയുന്നതിനാൽ ഉപയോഗശൂന്യമാകും എന്ന ആശങ്കയും ഗുണഭോക്താക്കൾക്കുണ്ട്.
നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടികാട്ടി പരിസ്ഥിതി പ്രവർത്തകർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുകയാണ്.നഗരസഭ പതിച്ച നോട്ടീസ് വകവെക്കാതെ നിർമാണം നിർബാധം തുടരുകയാണ്.
നഗരസഭ നടത്തിയ പരിശോധനയിൽ കിണർ നിർമ്മാണം പുറമ്പോക്കും പുഴയും ഉൾപ്പെടുന്ന സ്ഥലമാണെന്നും, പുഴയുടെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
പുഴയോട് ചേർന്ന് അനിയോജ്യമായ സ്ഥലം നൽകിയിട്ടും പുഴയിൽ തന്നെ നിർമ്മാണം നടത്തുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പ്രകൃതി ച്യൂഷണമാണ് എന്ന് ബോധ്യമായിട്ടും അധിക്യതർ മൗനം പാലിക്കുകയാണ്.
പിന്നോക്ക ക്ഷേമ വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച നാൽപത്തി എട്ട് ലക്ഷം രൂപ വകയിരത്തിയാണ് കാരക്കാട്ടിൽ- ചെമ്പ്രമല കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
Post a comment