05 October 2020

ആനക്കാംപൊയിൽ- കള്ളാടി മേപ്പാടി തുരങ്കപാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
(VISION NEWS 05 October 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും  സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ട് വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊ ള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക.തുരങ്കത്തിന് ഏഴു കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിർമ്മാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയായേക്കും.

കോഴിക്കോട് വയനാട് ജില്ലകളുടെ സമഗ്ര വളർച്ചക്കും കേരളത്തിന്റെ വികസനത്തിനും ഗതിവേഗം പകരുന്ന പാത യാഥാർത്ഥ്യമാക്കുന്നതിന്  തിരുവമ്പാടി എംഎൽഎ ജോർജ് എം.തോമസ് അടക്കമുള്ള  ജനപ്രതിനിധികൾ ഇടപെട്ടിരുന്നു. താമരശ്ശേരി ചുരത്തിന് ബദൽപാതയൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോവുന്നത്. ചെങ്കുത്തായ മലനിരകളും വനഭൂമി വിട്ടുകിട്ടുന്നതിലുള്ള പ്രയാസങ്ങളും തടസ്സങ്ങളായിരുന്നു. ചിപ്പിലിത്തോട്- മരുതിലാവ് വഴിയും ആനക്കാംപൊയിൽ-വെള്ളരിമല വഴിയുമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു.

തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ൽ  ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ്  നിർദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോൾ പാത വനഭൂമിയിലൂടെയായിരിക്കും കടന്നു പോവേണ്ടിവരികയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിർമ്മിച്ചാൽ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോർട്ട്.   
ഈ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി 20 കോടി രൂപ നീക്കിവച്ചു.  പൊതുമരാമ ത്ത് വകുപ്പിന് തുരങ്കപാത നിർമാണത്തിൽ മുൻപരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാൽ ഡോ.ഇ. ശ്രീധരന്റെ സഹായത്തോടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപറേഷനെ പദ്ധതി ഏൽപ്പിച്ചു. സർവേ,വിശദ പദ്ധതി രൂപരേഖ,നിർമ്മാണം എന്നിവ ടേൺ കീ അടിസ്ഥാനത്തിൽ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്. കെ.ആർ.സി.എൽ, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയും നൽകി കഴിഞ്ഞു.
രാവിലെ 10ന് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരൻ, മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.പി മാരായ രാഹുൽ ഗാന്ധി, എളമരം കരീം, എം.വി ശ്രേയാംസ് കുമാർ, എംഎൽഎമാരായ ജോർജ് എം തോമസ്സ്,  എ.പ്രദീപ് കുമാർ, എം.കെ.മുനീർ, പി.ടി.എ റഹീം, കാരാട്ട് റസാഖ്, പുരുഷൻ കടലുണ്ടി, വി.കെ.സി മമ്മദ്‌കോയ, കെ.ദാസൻ, ഇ.കെ വിജയൻ, സി.കെ നാണു, പാറക്കൽ അബ്ദുള്ള, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിൽ,ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി പ്രസിഡണ്ടുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only