01 October 2020

IPL രോഹിത്തിന്റെ മുംബൈ ഇന്ന് രാഹുലിന്റെ പഞ്ചാബിനെതിരെ
(VISION NEWS 01 October 2020)



മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച് രണ്ട് തോല്‍വിയും ഒരു ജയവും വീതം നേടിയ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലെ ഷേഖ് സായിദ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും ഓരോ മത്സരം വീതം തോറ്റത് സൂപ്പര്‍ ഓവറിലാണ് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ ബാംഗ്ലൂരിനോട് തോറ്റ മുംബൈക്കും, രാജസ്ഥാനോട് തോറ്റ പഞ്ചാബിനും ഇന്ന് ജയം അനിവാര്യമാണ് എന്നതുകൊണ്ട് തന്നെ മത്സരത്തില്‍ തീപാറുമെന്ന് ഉറപ്പ്. ബാറ്റിംഗ് നിര കരുത്ത് കാണിച്ചിട്ടും ബൗളിംഗ് നിര കളി കൈവിടുന്നതാണ് രണ്ട് ടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. പഞ്ചാബില്‍ രാഹുല്‍, മായങ്ക്, പി. നിക്കോളാസ്, മാക്‌സ്‌വെല്‍, കരുണ്‍ നായര്‍ എന്നിവര്‍ നല്ല ഫോമിലാണ്. ഓള്‍റൗണ്ടര്‍ ജിമ്മി നീഷം സര്‍ഫറാസ് ഖാന്‍ എന്നിവര്‍ ചേരുമ്പോള്‍ ബാറ്റിംഗ് കരുത്ത് ശക്തം. സ്പിന്നര്‍മാരായി യുവ താരം രവി ബിഷ്‌ണോയി, മുരുഗന്‍ അശ്വിന്‍ എന്നിവരാകും ഇന്നും കളിക്കുക, മുഹമ്മദ് ഷാമി, ഷെല്‍ഡണ്‍ കോട്രല്‍ സഖ്യം കഴിഞ്ഞ കളിയില്‍ തല്ല് വാങ്ങിയെങ്കിലും ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.

മറുവശത്ത് മുംബൈ ഇന്ത്യന്‍സും ബാറ്റിംഗില്‍ കരുത്തര്‍ തന്നെ. നിലവിലെ ചാമ്പ്യന്‍മാര്‍ മികച്ച പോരാട്ടത്തിനൊടുവിലാണ് ബാംഗ്ലൂരിന് മുന്നില്‍ സൂപ്പര്‍ ഓവറില്‍ തോല്‍വി സമ്മതിച്ചത്. രോഹിത് ശര്‍മ്മ - ക്വിന്റണ്‍ ഡി കോക്ക് സഖ്യം തന്നെയാകും ഓപ്പണിങ് ജോഡി. രണ്ട് പേരും ഭേദപ്പെട്ട ഫോമിലാണ് (കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങിയെങ്കിലും). സൂര്യകുമാര്‍ യാദവിന് ഒപ്പം ഇഷാന്‍ കിഷന്റെ ബാറ്റിംഗ് ഫോമും മുംബൈക്ക് കരുത്ത് വര്‍ധിപ്പിക്കും. ഓള്‍റൗണ്ടര്‍മാരില്‍ കൈറണ്‍ പൊള്ളാര്‍ഡ് മികച്ച ഫോമിലാണ്, എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മികവ് കാണിക്കുന്നില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ മികവ് കാണിക്കാത്ത രാഹുല്‍ ചഹാര്‍, ക്രുണാല്‍ പാണ്ഡ്യ സ്പിന്‍ ദ്വയം മുംബൈയക്ക് തലവേദനയാണ്. എന്നാല്‍ ബാറ്റിംഗ മികവുള്ള താരമായതിനാല്‍ ക്രുണാലിന് സ്ഥാനം നഷ്ടമാകില്ല. രാഹുല്‍ ചഹാറിന് പകരം ജയന്ത് യാദവ്, അനുകൂല്‍ റോയ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കും. യുവ സ്പിന്നര്‍ ചഹാറിന് ഒരു അവസരം കൂടി രോഹിത് നല്‍കുമോ എന്നതും കാത്തിരുന്ന് തന്നെ കാണണം. ട്രെന്റ് ബോള്‍ട്ട്, ബുംറ എന്നിവരാകും പേസ ബൗളിങ്ങിനെ നയിക്കുക. ജെയിംസ് പാറ്റിന്‍സണിന് പകരം പരിക്ക് ഭേദമായാല്‍ നാഥന്‍ കുള്‍ട്ടര്‍നെയില്‍ എത്തിയേക്കും. ഇതുവരെ 24 തവണ പരസ്പരം മത്സരിച്ചപ്പോള്‍ 13 തവണ മുംബൈയും, 11 തവണ പഞ്ചാബും വിജയിച്ചിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only