26 നവംബർ 2020

2015 ആവര്‍ത്തിക്കുമോയെന്ന് ഭയം; കാറുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍, മുന്‍കരുതലുമായി നഗരവാസികള്‍
(VISION NEWS 26 നവംബർ 2020)


ചെന്നൈ: 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ചെന്നൈ നഗരവാസികള്‍. മുന്‍കരുതലിന്റെ ഭാഗമായി മേല്‍പ്പാലം ഉള്‍പ്പെടെ സുരക്ഷിതമായ സ്ഥലങ്ങളില്‍ കാറുകള്‍ കൊണ്ടുവന്നിടുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നഗരവാസികള്‍.

2015ലെ വെള്ളപ്പൊക്കം ചെന്നൈ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത്തിലാഴ്ത്തിയിരുന്നു. മുന്‍കൂട്ടി പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നഗരവാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

2015ല്‍ കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മദിപക്കത്തിലെ സ്ഥലവാസികള്‍ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ മുഴുവനും പാര്‍ക്ക് ചെയ്തിട്ടു. പാലം കാറുകള്‍ കൊണ്ട് നിറഞ്ഞു.

അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. ബുധനാഴ്ച രാത്രി 11.30യോടെ കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലൂരില്‍ വ്യാപക നഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒരാളും വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാളും മരണപ്പെട്ടു. ചെന്നൈയിലും പുതുച്ചേരിയിലും പ്രളയഭീതി സൃഷ്ടിച്ച് മഴതുടരുന്നു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.

അതേസമയം, അഞ്ചുമണിക്കൂറില്‍ നിവാറിന്റെ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരും. തീരപ്രദേശങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ചെന്നൈയില്‍ പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പക്ഷേ ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നത് നഗരത്തെ പ്രളയഭീതിലാക്കുന്നു. കനത്തമഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ പൊതുഅവധി വ്യാഴാഴ്ചത്തേക്ക് കൂടി നീട്ടി. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകള്‍ റദ്ദാക്കി.

എറണാകുളം -കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്പ്രസ് സര്‍വീസ് കോയമ്പത്തൂര്‍ മുതലും
ചെന്നൈ സെന്‍ട്രല്‍ മംഗളൂരു സ്‌പെഷല്‍ സര്‍വീസ് സേലം മുതലും ചെന്നൈ സെന്‍ട്രല്‍ – ആലപ്പി എക്‌സ്പ്രസ് ഈറോഡ് മുതല്‍ മാത്രവുമായിരിക്കും സര്‍വ്വീസ് ഉണ്ടായിരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only