16 നവംബർ 2020

മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ; നടൻ ജയൻ ഓർമ്മയായിട്ട് 40 വർഷം
(VISION NEWS 16 നവംബർ 2020)

​   
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ജയന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 40 വയസ്. മലയാളി സിനിമാ പ്രേമികളുടെ മനസില്‍ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാണ് ജയന്‍. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയന്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. നായക വേഷങ്ങള്‍ മാത്രമല്ല പ്രതി നായക വേഷങ്ങളും ജയന്‍ അവിസ്മരണീയമാക്കി. സാഹസികതയുടെ പര്യായമായിരുന്നു ജയനെന്ന നടന്‍. ആ സാഹസികതയാണ് ചലച്ചിത്ര പ്രേമികളെ ഹരം കൊള്ളിച്ചതും ഒടുവിൽ ഒരു അപകടത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചതും. അക്കാലത്ത് നസീര്‍, ജയന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം തുടരെത്തുടരെ സൂപ്പര്‍ഹിറ്റുകളായിരുന്നു .

ജയന്‍,സീമ ജോഡി അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് തറയില്‍ ഇടിച്ചാണ് ജയന്‍ മരിക്കുന്നത്. ആദ്യ ടേക്കില്‍ രംഗം ഓക്കെ ആയിരുന്നെങ്കിലും വീണ്ടും ചിത്രീകരിയ്ക്കണമെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്യൂപ്പില്ലാതെ ചെയ്ത ഈ സംഘട്ടനമായിരുന്നു ജയന്റെ ജീവനെടുത്തത്. 

1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് മാധവവിലാസം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയും മകനായി ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ജയന്‍ കലയിലും കായിക രംഗത്തും തല്‍പ്പരനായിരുന്നു അദ്ദേഹം. സ്‌കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന്‍ അതുവഴി നേരിട്ട് നേവിയില്‍ എത്തുകയായിരുന്നു. തുടർന്ന് 15 വര്‍ഷത്തെ നേവി ജീവിതത്തിനുശേഷം പെറ്റി ഓഫീസറായി സ്വയം വിരമിച്ചാണ് അദ്ദേഹം സിനിമയിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only