തൃശ്ശൂർ:പോസിറ്റീവ് എന്ന വാക്കിന് ഭീതിയുടെ മാനം നൽകിയ കൊറോണ വൈറസ് വ്യാപനം തുടങ്ങിയിട്ട് ഒരുവർഷം തികയുന്നു. കഴിഞ്ഞവർഷം നവംബർ 17 - നാണ് ചൈനയിലെ ഹൂബി പ്രവിശ്യയിലെ വുഹാനിൽ കൊറോണവൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് ഭരണകൂടം ഇത് മറച്ചുവെച്ചെന്നും ഒരാഴ്ച കഴിഞ്ഞാണ് വൈറസ് വ്യാപനത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയതെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് വാർത്ത പുറത്തുവിട്ടു. ആദ്യം രോഗം റിപ്പോർട്ട് ചെയ്തത് ഹൂബി പ്രവിശ്യയിലെ 55-കാരനിലാണ്. ഇക്കാര്യം ചൈനീസ് ഭരണകൂടം നിഷേധിച്ചിട്ടില്ല.
സാർസ് വൈറസിന് സമാനമായ വൈറസ് ഭീകരമായി പടരുന്നതായി ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും ചൈനീസ് ഭരണകൂടം അത് മറച്ചുവെച്ചു. വിവരം നൽകിയ ആരോഗ്യപ്രവർത്തകരെ ശിക്ഷിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെത്തുടർന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ഡിസംബർ എട്ടിനാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതെന്ന് പറഞ്ഞിരുന്നു. എന്നാൽ, അപ്പോഴേക്കും ചൈനയിൽ 60 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.
ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസ് രോഗത്തിന് കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ടത് 2020 ജനുവരിയിൽ. അതെ ജനുവരിയിൽ രോഗം ഇന്ത്യയിലേക്കും എത്തി. കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യത്തെ കോവിഡ്ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിക്കാണ് ജനുവരി 30 -ന് രോഗം സ്ഥിരീകരിച്ചത്.
എല്ലാം മുൻകരുതലുകളും സ്വീകരിച്ചെങ്കിലും ലോകത്തെ വന്പന്മാരായ രാജ്യങ്ങളിലടക്കം വൈറസ് അതിവേഗം വ്യാപിച്ചു. അതിസുരക്ഷാ പട്ടികയിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർക്കടക്കം വൈറസ് ബാധയുണ്ടായി. രാഷ്ട്രത്തലവന്മാരെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടിയ കോവിഡ്-19 ഇന്ത്യയിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും പിടികൂടി. കൊറോണയെ തിരിച്ചറിഞ്ഞതിന് ചൈന നിശ്ശബ്ദനാക്കിയ ഡോക്ടറും രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി.
അമേരിക്ക പോലുള്ള അതിസമ്പന്ന രാജ്യങ്ങൾപോലും ഈ വൈറസിന്റെ പ്രഹരശേഷിയിൽ തകർന്നു. എസ്.പി. ബാലസുബ്രഹ്മണ്യമടക്കം പ്രശസ്തരും അതിപ്രശസ്തരും അപ്രശസ്തരുമായ ലക്ഷങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൈകഴുകാനും സാമൂഹിക അകലം പാലിക്കാനും ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കാനും പഠിപ്പിച്ച കോവിഡിനോട് ആദ്യഘട്ടത്തിൽ കേരളം പൊരുതിയെങ്കിലും പിന്നീട് പതറി. ആദ്യഘട്ടത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലായിരുന്ന കേരളം ഇപ്പോൾ വളരെ മുന്നിൽ എത്തി. പ്രതിരോധമരുന്ന് കണ്ടെത്താനുള്ള ലോകരാഷ്ട്രങ്ങളുടെ പരിശ്രമത്തിനിടയിൽ ചില രാജ്യങ്ങളിൽ കോവിഡ് രണ്ടും മൂന്നും വട്ടം വ്യാപിച്ചു. എല്ലാ കാലാവസ്ഥയെയും അതിജീവിക്കാനുള്ള ശേഷി നേടിയ കൊറോണ അമ്പതിൽപ്പരം രൂപമാറ്റം നടത്തിയെന്നും വൈദ്യശാസ്ത്രം കണ്ടെത്തി.
സാനിറ്റൈസർ, തെർമൽ സ്കാനർ, കൈയുറ, മാസ്ക്, പി.പി.ഇ. കിറ്റ്, ഫെയ്സ് ഷീൽഡ് തുടങ്ങിയവയെ സാധാരണക്കാരന് പരിചയപ്പെടുത്തിയത് കോവിഡാണ്. ക്വാറന്റീൻ, കൺടെയ്ൻമെൻറ് സോൺ, പോസിറ്റിവിറ്റി, ആൻറിജൻ തുടങ്ങിയ സാങ്കേതിക പദങ്ങളും സുപരിചിതം ആക്കി.
കോവിഡ് കണക്ക് ഒക്ടോബർ 30 വരെ
ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് -4,48,88,869
ആകെ മരണം -11,78,475
ഏറ്റവും കൂടുതൽ രോഗബാധിതർ
യു.എസ്.എ. -87,63,682, മരണം -2,26,132
രണ്ടാംസ്ഥാനത്ത് ഇന്ത്യ -80,88,851
മരണം-1,21,090
ചൈന ഇപ്പോൾ 54-ാം സ്ഥാനത്ത്
ആകെ രോഗികൾ -91,852, മരണം -4746
കേരളത്തിൽ ഇതുവരെ രോഗികൾ
4,25,122, മരണം -1457
(അവലംബം ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റ്)
Post a comment