21 നവംബർ 2020

തദ്ദേശ തിരഞ്ഞെടുപ്പില്‍ 'നോട്ട'യില്ല; പകരം 'എന്‍ഡ്' അമര്‍ത്താം
(VISION NEWS 21 നവംബർ 2020)തിരുവനന്തപുരം : നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ ആരെയും താല്‍പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനുള്ള 'നോട്ട' തദ്ദേശ തിരഞ്ഞെടുപ്പിന് ഇല്ല. എന്നാല്‍, വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന 'എന്‍ഡ്'(END) ബട്ടണ്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ഉണ്ടാകും.

തദ്ദേശതിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്കു വോട്ടുചെയ്ത ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം.ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എന്‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും ക്രമീകരിച്ചിരിക്കുക.

എന്നാല്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only