29 നവംബർ 2020

ഇത്തവണ വേട്ട് ചെയ്യാൻ പ്രവാസികൾ പറന്നുവരില്ല
(VISION NEWS 29 നവംബർ 2020)

സാധാരണ തിരഞ്ഞെടുപ്പുകാലമായാൽ വോട്ടുചെയ്യാൻ വിമാനങ്ങൾ ചാർട്ടർചെയ്ത് പ്രവാസികൾ പറന്നെത്താറുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പേ പ്രവാസിവോട്ടർമാരുമായി 25 വിമാനങ്ങൾവരെ എത്താറുണ്ട്. പതിനായിരത്തോളംപേരെങ്കിലും ഇങ്ങനെ വരാറുണ്ടെന്ന് പ്രവാസിസംഘടനകൾ പറയുന്നു. പക്ഷേ, ഇത്തവണ നാട്ടിലെത്തിയാലും മടങ്ങിപ്പോയാലുമൊക്കെ രണ്ടിടത്തും ക്വാറന്റീനിൽ ഇരിക്കേണ്ടിവരുമെന്നതുകൊണ്ട് ഒരുവോട്ട് രേഖപ്പെടുത്തി തിരിച്ചു പറക്കാനുള്ള മോഹം ഉള്ളിലൊതുക്കി പ്രവാസികൾ ഗൾഫ് നാടുകളിൽത്തന്നെ കഴിയുകയാണ്.

പ്രവാസിസംഘടനകളായിരുന്നു ഇതിന് നേതൃത്വം നൽകാറുണ്ടായിരുന്നത്. പുതിയ സാഹചര്യത്തിൽ പ്രവർത്തകർ വരാൻ താത്‌പര്യം കാണിക്കാത്തതിനാൽ ഇത്തവണ വിമാനം ചാർട്ടർ ചെയ്യാനില്ലെന്ന് സംഘടനകൾ പറയുന്നു.


യു.എ.ഇ., ഖത്തർ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇപ്പോഴും കർശനമായി തുടരുകയാണ്. അബുദാബിയിലേക്ക് പ്രവാസികൾക്ക് തിരിച്ചെത്തണമെങ്കിൽ അവിടത്തെ സർക്കാരിൽനിന്ന് പ്രത്യേക അനുമതി വാങ്ങണം. ഖത്തറുൾപ്പെടെയുള്ള രാജ്യങ്ങളിൽ മടങ്ങിയെത്തുന്നവർ രണ്ടാഴ്ച ഏതെങ്കിലും ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണം. ടിക്കറ്റിനും ഹോട്ടൽചെലവുമടക്കം അറുപതിനായിരം രൂപയെങ്കിലും വരും. മാത്രമല്ല, കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന സർവീസിന് പെട്ടെന്ന് വിലക്കേർപ്പെടുത്തിയാൽ തിരിച്ചുപോവാനും കഴിയാതെ വരും.

തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്തും നാട്ടിൽനിന്ന് ഗൾഫിലേക്ക് ഒട്ടേറെ പ്രവാസികൾ മടങ്ങിപ്പോവുന്നുമുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന ഘട്ടത്തിൽ യു.എ.ഇ.യിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയാൽ സ്വന്തം ചെലവിൽ നാട്ടിലെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only