പേരാമ്പ്ര: സന്ദർശകർക്ക് നിരോധനമേർപ്പെടുത്തിയിട്ടും ആവളപ്പാണ്ടി കുറ്റിയോട്ട് നട തോട്ടിലെ മുള്ളൻപായൽ പൂവിട്ടതു കാണാൻ എത്തുന്നത് നൂറുകണക്കിനാളുകൾ. തോട്ടിൽ അര കിലോമീറ്ററോളം ദൂരത്തിൽ പായൽ പൂവിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഈ പൂതേടി ദേശീയ മാധ്യമങ്ങളടക്കം എത്തി. പലരും പായൽചെടി വളർത്താൻ കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, പിന്നീട് ചർച്ച ഇതിൻെറ ദോഷവശങ്ങളെ കുറിച്ചായി. വേഗം വ്യാപിക്കുന്ന ഈ സസ്യം വയലുകളിൽ വളർന്നാൽ നെൽകൃഷി ചെയ്യാൻ പറ്റാതാവും. തോട്ടിൽ ഇത് വളർന്നാൽ മീനുൾപ്പെടെയുള്ള ജീവികൾക്ക് ഭീഷണിയാണെന്നും പറയുന്നു. സന്ദർശകർ നിലക്കാതെ എത്തിയതോടെ വയലിൽ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. സന്ദർശകരുടെ എണ്ണം കൂടിയതോടെ സ്ഥാനാർഥികളും ഇവിടെ എത്തി വോട്ടഭ്യർഥിക്കുന്നുണ്ട്. കുപ്പി ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നെൽവയലിൽ എറിയുന്നുമുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറിയാണ് നിരോധനം ഏർപ്പെടുത്തിയത്. മേപ്പയൂർ പൊലീസ് എത്തി കയർ കെട്ടി വഴിയടച്ചു
Post a comment