22 November 2020

കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ആറ് കമ്പനികള്‍ കൂടി; വൈകാതെ ഒന്‍പത് സ്റ്റാര്‍ട്ടപ്പുകളും
(VISION NEWS 22 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
മലബാറിന്റെ ഐറ്റി വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ആറു കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നു. ഒന്‍പതു സ്റ്റാര്‍ട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളുമടക്കം 78 സ്ഥാപനങ്ങള്‍ നിലവിലുള്ള പാര്‍ക്കില്‍ ഇതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യുഎല്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കാനുള്ള അംഗീകാരവും പുതിയ കമ്പനികള്‍ക്കു ലഭിച്ചുകഴിഞ്ഞു.

പുതിയതായി വന്ന കമ്പനികള്‍ ഹൈപ്പര്‍ബ്ലോക്‌സ് ഇന്ത്യ (Hyperblox India Private Limited), ടെലി സ്റ്റേഷന്‍ (Telestation Private Limited), പാംട്രിസ് ടെക്‌നോളോജിസ് (Palmtrix Technologies), ഐഓകോഡ് ഇന്‍ഫോടെക് (IOCOD Infotech Private Limited), ടെക് ടാഡ് (TECHTADD Private Limited), എയ്ത് അനലിറ്റിക്ക (Aeth Analytica Pvt Ltd) എന്നിവയാണ്.

ടെലികോം സര്‍വീസസ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, എംപ്ലോയ്മെന്റ് സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, മീഡിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഞ്ചിനീയറിങ്, എഐ സൊല്യൂഷന്‍സ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. യുഎസ്, യുറോപ്പ്, ഗള്‍ഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കള്‍.
യുഎല്‍ സൈബര്‍ പാര്‍ക്കിലുള്ള ഐറ്റി ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്ഷന്‍ എഫ്‌ഐ ടെക്‌നോളജീസ് നടത്തിയ 46 ഉം ഗ്രിഡ്‌സ്റ്റോണ്‍ ടെക്‌നോളജീസ് നടത്തിയ 40 ഉം നിയമനങ്ങള്‍കൂടി ഉള്‍പ്പെടെയാണിത്. 

ഇതിനുപുറമെ പുതിയ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 475 ഐറ്റി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അവയ്ക്ക് ആകര്‍ഷകമായ വികസനപദ്ധതികളുമുണ്ട്. തുടര്‍ച്ചയായ വളര്‍ച്ച കാണിക്കുന്ന മറ്റു കമ്പനികളുടേതിനു സമാനമായ പ്രകടനമാണ് ഇവയും ലക്ഷ്യമിടുന്നത്.

കൊവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ചു വാര്‍ത്തയില്‍ ഇടം നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ഐറ്റി പാര്‍ക്കാണ് ഇതേകാലത്തു വളര്‍ച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റി അടിസ്ഥാനസൗകര്യത്തില്‍ മൂന്നാം സ്ഥാനമുള്ള കോഴിക്കോടിന് ആ പദവി നേടിക്കൊടുത്തതും കൂടുതല്‍ ഐറ്റി കമ്പനികളെ ആനയിക്കുന്നതും മലബാറിലെ ആദ്യ ഐറ്റി പാര്‍ക്കായ യുഎല്‍ സൈബര്‍ പാര്‍ക്കാണ്. കോഴിക്കോട് നഗരത്തില്‍ എല്ലാ ഗതാഗതസൗകര്യങ്ങളും അനുകൂലമായ സ്ഥാനത്താണു പാര്‍ക്ക്.

പാര്‍പ്പിടരംഗം മുതല്‍ മാനവവിഭവവികസനം വരെയുള്ള ആധുനിക സാങ്കേതികവിദ്യാ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആഗോളസ്ഥാപനങ്ങള്‍ക്കെല്ലാം ഇണങ്ങുന്ന സുസജ്ജമായ ഇടമാണു സൈബര്‍ പാര്‍ക്ക്. ആഗോളനിലവാരം ഉള്ളതും പ്രശാന്തസുന്ദരവും ഹരിതവും മലിനീകരണ മുക്തവുമായ ഒരു ജൈവവ്യൂഹമായി രൂപകല്പന ചെയ്തിട്ടുള്ള 27 ലക്ഷം ചതുരശ്രയടി പാര്‍ക്കില്‍ സംരംഭകര്‍ക്ക് ആയിരം മുതല്‍ ഒരു ലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയില്‍ സ്ഥലം എടുക്കാനാകും. നടന്നെത്താവുന്ന ദൂരത്തില്‍ പാര്‍പ്പിട സൗകര്യവും ഉണ്ട്.

Post a comment

Whatsapp Button works on Mobile Device only