17 നവംബർ 2020

പ്രകൃതിസൗഹൃദമാക്കാൻ ജില്ലാ ഭരണകൂടം
(VISION NEWS 17 നവംബർ 2020)


കോഴിക്കോട്: ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ ജില്ലാ ഭരണകൂടം. ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രാരംഭ ചർച്ചകൾ നടന്നു.

രാഷ്ട്രീയപ്പാർട്ടികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും പ്രകൃതിസൗഹൃദ വസ്തുക്കളായിരിക്കണം. അവ കടലാസിലും കോട്ടൺ തുണിയിലും നിർമിക്കാം. കൊടിതോരണങ്ങൾ പൂർണമായും പ്ലാസ്റ്റിക്, പി.വി.സി. വിമുക്തമാക്കണം. പകരം തുണി, ചണം തുടങ്ങിയവ ഉപയോഗിക്കാം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ എന്നിവയും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കണം. ഡിസ്‌പോസിബിൾ കപ്പുകൾ, പ്ലസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. പരസ്യ പ്രചാരണങ്ങൾക്ക് പി.വി.സി. ഫ്ളക്സ്, പോളിസ്റ്റർ, നൈലോൻ, കൊറിയൻ തുണികൾ എന്നിവ ഉപയോഗിക്കരുതെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.

പരസ്യപ്രചാരണ ബോർഡ്, ബാനറുകളിൽ പി.വി.സി. ഫ്രീ, റീസൈക്ലബിൾ എന്ന ലോഗോയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പതിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

ഉത്തരവിലെ നിർദേശങ്ങൾ പാലിക്കപ്പെടാതിരിക്കുകയോ, നിരോധിതവസ്തുക്കൾ ഉപയോഗിച്ച് പരസ്യപ്രചാരണം നടത്തുകയോ ചെയ്യുന്ന പക്ഷം 50,000 രൂപ വരെ പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.

പ്രചാരണ ബോർഡ്, ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ ഉത്തരവിൽ പ്രചാരണങ്ങൾക്ക് കോട്ടൻ തുണി, പേപ്പർ, പോളിഎത്തിലീൻ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്താൻ രാഷ്ട്രീയപ്പാർട്ടികളുടെ സഹകരണം പ്രതീക്ഷിക്കുന്നതായി ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only