24 നവംബർ 2020

തോല്‍വി സമ്മതിച്ച് ട്രംപ്: അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിര്‍ദേശം
(VISION NEWS 24 നവംബർ 2020)  വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒടുവിൽ തോൽവി സമ്മതിച്ച് ഡൊണാൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി.

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടർനടപടി ക്രമങ്ങൾക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.

ബൈഡന് അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ തലവൻ എമിലി മുർഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മർദ്ദത്താൽ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരിൽ എമിലി മുർഫി കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് തുടർച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാൻ തയ്യാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാൻ സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ തീരുമാനത്തെ ബൈഡൻ ക്യാമ്പ് സ്വാഗതം ചെയ്യുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only