15 നവംബർ 2020

സൈനിക് സ്‌കൂള്‍: ആറാം ക്ലാസില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തിന് അവസരം
(VISION NEWS 15 നവംബർ 2020)പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ സ്വയംഭരണ സംവിധാനമായ സൈനിക് സ്കൂൾ സൊസൈറ്റി നിയന്ത്രിക്കുന്ന രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ ആറാം ക്ലാസ് പ്രവേശനത്തിന് പെൺകുട്ടികൾക്കും അവസരം. റെസിഡൻഷ്യൽ രീതിയിലാണ് പഠനം.

നാഷണൽ ഡിഫൻസ് അക്കാദമി (പുണെ), ഇന്ത്യൻ നേവൽ അക്കാദമി (ഏഴിമല -കണ്ണൂർ), ഓഫീസർ പ്രവേശനത്തിന് അവസരമൊരുക്കുന്ന മറ്റ് പരിശീലന അക്കാദമികൾ എന്നിവയിലെ പ്രവേശനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്ന സൈനിക് സ്കൂളുകളിൽ 2021-'22 അധ്യയനവർഷത്തിൽ മൊത്തം 333 പെൺകുട്ടികൾക്കാണ് ആറാം ക്ലാസിൽ പ്രവേശനം നൽകുക. നിശ്ചിത എണ്ണം സീറ്റുകളാണ് പെൺകുട്ടികൾക്ക് ആറാം ക്ലാസിലേക്ക് നീക്കിവെച്ചിരിക്കുന്നത്.

തിരുവനന്തപുരം, കഴക്കൂട്ടം

തിരുവനന്തപുരത്ത് കഴക്കൂട്ടം സൈനിക് സ്കൂളിൽ ഉൾപ്പടെ 30 സൈനിക് സ്കൂളുകളിൽ പത്തു വീതം പെൺകുട്ടികൾക്ക് പ്രവേശനം നൽകും. മറ്റു മൂന്നിൽ 11 പേർക്കു വീതവും. 33 സ്കൂളുകളിലായി ആറാം ക്ലാസിൽ 2703 പേർക്കാണ് പ്രവേശനം നൽകുക (ആൺകുട്ടികൾക്ക് 2370 സീറ്റുകൾ-കഴക്കൂട്ടത്ത് 70 ആൺകുട്ടികൾക്ക് പ്രവേശനം നൽകും).

ഈ സ്കൂളുകളിലെ ഒമ്പതാം ക്ലാസിലെ നിലവിലെ ഒഴിവുകളിലേക്ക് ആൺകുട്ടികളെ മാത്രം പരിഗണിക്കും. മൊത്തം ഒഴിവുകൾ- 431; കഴക്കൂട്ടം- 40.

ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാർഥിയുടെ പ്രായം 2021 മാർച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക് )

ഒമ്പതാംക്ലാസ് പ്രവേശനം തേടുന്നവർ പ്രവേശനസമയത്ത് അംഗീകൃത സ്കൂളിൽനിന്നും എട്ടാംക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ 1.4.2006-നും 31.3.2008-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം (പ്രായം 13-നും 15-നും ഇടയ്ക്ക്).

പ്രവേശനപരീക്ഷ

നാഷണൽ ടെസ്റ്റിങ് ഏജൻസി 2021 ജനുവരി 10-ന് നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻഡ് എക്സാമിനേഷൻ (എ.ഐ.എസ്.എസ്.ഇ.ഇ) വഴിയാണ് പ്രവേശനം. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം.

അപേക്ഷ

https://aissee.nta.nic.in വഴി നവംബർ 19-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അന്നുരാത്രി 11.50 വരെ അപേക്ഷാഫീസ് അടയ്ക്കാം. വിശദാംശങ്ങൾ അടങ്ങുന്ന ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽ ലഭ്യമാണ്. കഴക്കൂട്ടം സൈനിക് സ്കൂൾ: www.sainikschooltvm.nic.in ദക്ഷിണേന്ത്യയിലെ മറ്റ് സൈനിക് സ്കൂളുകൾ: കൊറുക്കൊണ്ട, കാലിക്കിരി (ആന്ധ്രാപ്രദേശ്), ബിജാപുർ, കൊഡഗ് (കർണാടക), അമരാവതിനഗർ (തമിഴ്നാട് ).


കടപ്പാട് :മാത്രഭൂമി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only