18 നവംബർ 2020

വിധി നടപ്പായാൽ വനിതാസംവരണം കുറയും ; തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമോപദേശം തേടും
(VISION NEWS 18 നവംബർ 2020) തിരുവനന്തപുരം: 
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദവിയിൽ തുടർച്ചയായ സംവരണം ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കേണ്ടിവന്നാൽ വനിതാ പ്രാതിനിധ്യം കുറഞ്ഞേക്കും. വിധിപ്പകർപ്പ്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ ലഭിച്ചു. നിയവിദഗ്‌ധരുടെ അഭിപ്രായം തേടിയശേഷമാകും അപ്പീൽ പോകുന്നകാര്യമടക്കം തീരുമാനിക്കുക.
ഭരണഘടനാനുസൃതമായി റൊട്ടേഷൻ ഉറപ്പാക്കണമെന്നും തുടർച്ചയായി സംവരണം ചെയ്യപ്പെടുന്ന സ്ഥാനങ്ങൾ പൊതുവിഭാഗത്തിലേക്ക് പുനഃക്രമീകരിക്കണമെന്നുമാണ്‌ കോടതി ഉത്തരവ്‌. നിലവിലുള്ള പഞ്ചായത്തീരാജ്‌ നിയമത്തിലെ വ്യവസ്ഥ അനുസരിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സംവരണം നിശ്ചയിച്ചത്‌.

നിയമത്തിലെ 153 എഫ്‌ പ്രകാരം ഒരു തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷസ്ഥാനം ഒരേസമയം പട്ടികവിഭാഗത്തിനും വനിതയ്‌ക്കും സംവരണം ചെയ്യേണ്ട അവസ്ഥ വന്നാൽ അത്‌ പട്ടികവിഭാഗത്തിന്‌ നൽകണം. അപ്പോൾ ബാക്കിയാകുന്ന വനിതാസംവരണത്തിന്‌ ജനസംഖ്യാനുപാതികമായി മറ്റൊരു തദ്ദേശഭരണസമിതിയിൽ അവസരം നൽകണം. അവിടെ സ്വാഭാവികമായി വനിതാ സംവരണം ആണെങ്കിൽ മറ്റൊരിടത്തേക്ക്‌ നൽകണം.  ഈ രീതിയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പാലിച്ചത്‌. നിലവിലുള്ള നിയമത്തെ തള്ളിക്കളയാനോ തെറ്റാണെന്ന്‌ വാദിക്കാനോ കമീഷന്‌ കഴിയില്ല.

ഭരണഘടനാനുസൃതമായി 33 ശതമാനം സംവരണം ഉറപ്പാക്കുകയും 50 ശതമാനത്തിനു മുകളിൽ പോകാതിരിക്കുകയും ചെയ്യണമെന്ന നിബന്ധന നടപ്പാക്കേണ്ടിവന്നാൽ സ്വാഭാവികമായും വനിതാസംവരണത്തെയാകും ബാധിക്കുക.
ഉത്തരവ്‌ നടപ്പാക്കേണ്ടിവന്നാലും ചിലയിടങ്ങളിൽമാത്രം മാറ്റം വന്നേക്കുമെന്നാണ്‌ വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only