28 നവംബർ 2020

ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു; ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക്.
(VISION NEWS 28 നവംബർ 2020)


റിയാദ്:
ഇന്ത്യയിൽ നിന്ന്​ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾ പുനഃരാരംഭിച്ചു. മുബൈയിലെ സഊദി കോൺസുലേറ്റിലാണ് ചില വിസകളുടെ സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ സഊദിയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുള്ള വിസകളുടെയും ഗവൺമെൻറ്​ തലത്തിലുള്ള സന്ദർശന വിസകളുടെയും​ സ്​റ്റാമ്പിങ്​ നടപടിയാണ്​​ വ്യാഴാഴ്​ച മുതൽ ആരംഭിച്ചത്.

     ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഊദിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ചയാണ് സഊദി അധികൃതര്‍ അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിസന്ധി സമയത്ത് നിർത്തിവെച്ച വിസ സ്റ്റാമ്പിങ് വീണ്ടും ആരംഭിച്ചത്.

സഊദിയിൽ ജോലി ചെയ്യുന്ന ഡോക്​ടർ, നഴ്​സ്​, മറ്റ്​ പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ്​ പുതിയ വിസയിൽ സഊദിയിലേക്ക്​ വരാൻ അനുമതി. അതുപോലെ ഗവൺമെൻറ്​ തലത്തിലുള്ള ആവശ്യങ്ങൾക്കായി സന്ദർശന വിസയിൽ വരാൻ നിൽക്കുന്നവർക്കും അനുമതിയുണ്ട്​. ഇത്തരം വിസകൾ സ്റ്റാമ്പിങ്ങിനയക്കാൻ ഇന്ത്യയിലെ അംഗീകൃത റിക്രൂട്ടിങ്​ ഏജൻസികൾക്ക്​ സഊദി കോൺസുലേറ്റ്​ അറിയിപ്പ്​ നൽകി.

 അതേസമയം, ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള മടക്ക യാത്ര വിമാന സർവ്വീസിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈകാതെ സന്തോഷവാര്‍ത്തയുണ്ടാകുമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ് അറിയിച്ചു. ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ അധികൃതര്‍, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും എയര്‍ ബബ്ള്‍ കരാറിന് ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഭരണഘടന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രഭാഷണത്തിൽ വ്യക്തമാക്കി. 

നിലവിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങിയവര്‍ക്ക് ഏര്‍പ്പെടുത്തിയ പൊതുവായ വിലക്ക് ഉള്ളതിനാൽ അത്യാവശ്യമായി സഊദിയിലേക്ക് മടങ്ങേണ്ടവര്‍ യു.എ.ഇയിലും മറ്റും 14 ദിവസം താമസിച്ച ശേഷമാണ് സഊദിയിൽ ഇറങ്ങുന്നത്. ഇതിനുള്ള ചിലവ് കൂടുതലായതിനാൽ സാധാരണക്കാരായ ആളുകൾ നേരിട്ടുള്ള വിമാന സർവ്വീസിനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനായി ഇന്ത്യന്‍ എംബസി ശ്രമം തുടരുന്നത്. ഇതിനായി സഊദി-ഇന്ത്യ എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only