കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണം ദിവസേന വര്‍ധിക്കുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി കോഴിക്കോട് ജില്ലാഭരണകൂടം. ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്പ്പെടുത്തിയതിനൊപ്പം വാഹനപരിശോധന കര്‍ക്കശമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടെ പ്രചരണ പരിപാടികളുള്‍പ്പെടെ നിരീക്ഷിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ കോഴിക്കോട്, കാപ്പാട് ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ബീച്ചില്‍ കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവേശനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. മറ്റിടങ്ങളിലെ നിയന്ത്രണങ്ങളും തുടരും. കോവിഡ് വ്യാപനം കൂടുന്നതിനാല്‍ പരിശോധന കര്ക്കശമാക്കുന്നതിനാണ് പൊലീസ് മേധാവിമാര്‍ക്ക് കലക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആള്‍ക്കൂട്ടം പൂര്‍ണമായും തടയണം. മാസ്ക് ധരിക്കാതെയുള്ള യാത്ര ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും പിഴ ഈടാക്കണം. നഗരമേഖലയില്‍ അടുത്തദിവസം തുടങ്ങി പൊലീസ് ഇടപെടല്‍ ശക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ട് തേടി സ്ഥാനാര്‍ഥികള്‍ പ്രചരണത്തിനിറങ്ങുന്നതിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ട്.
ഇളവ് വരുത്തിയ ശേഷം വീണ്ടും വേഗത്തില്‍ പൂര്‍ണമായ നിയന്ത്രണം നടപ്പാക്കുന്നത് പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപനത്തിലുള്‍പ്പെടെ ഏകപക്ഷീയമായ നിലപാടാണ് ജില്ലാഭരണകൂടത്തിന്റേതെന്നാണ് ജനപ്രതിനിധികളുടെ പരാതി.
Post a comment