23 നവംബർ 2020

ഇന്ത്യ പാരീസ് ഉടമ്പടി പാലിക്കുന്നുവെന്ന് മാത്രമല്ല അതിനപ്പുറവും ചെയ്യുന്നു- പ്രധാനമന്ത്രി മോദി
(VISION NEWS 23 നവംബർ 2020)


ന്യൂഡൽഹി: ഇന്ത്യ പാരീസ് ഉടമ്പടിയിലെ നിബന്ധനകൾ പാലിക്കുന്നുവെന്ന് മാത്രമല്ല അതിനപ്പുറവും ചെയ്യുന്നുണ്ടെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. എൽഇഡി വിളക്കുകൾ ജനപ്രിയമാക്കിയതിലൂടെ പ്രതിവർഷം 38 മില്യൺ ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിഞ്ഞു.

80 മില്യൺ (എട്ട് കോടി) കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുപ്പുകൾ നൽകി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമഗ്രമായ നടപടികളാണ് വേണ്ടത്. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള പരമ്പരാഗത ജീവിത ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണം. ഇന്ത്യയിൽ കാലാവസ്ഥയ്ക്ക് ഇണങ്ങിയതും കാർബണം ബഹിർഗമനം കുറവുള്ളതുമായ വികസന പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിനും വനവിസ്തൃതി വർധിപ്പിക്കുന്നതിനുമുള്ള പല നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ സംബന്ധിച്ച ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള മികച്ച സമയമാണിത്. സഹകരണ മനോഭാവത്തോടെ ഈ രംഗത്ത് മുന്നേറാൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only