14 November 2020

കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ഒരുക്കം തുടങ്ങി കേരളം; ആരോഗ്യപ്രവര്‍ത്തകരുടെ ഡാറ്റ തയ്യാറാക്കുന്നു
(VISION NEWS 14 November 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
കൊവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങളാരംഭിച്ച് കേരള സർക്കാർ. ഇതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ മുഴുവൻ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിൻ ആദ്യം നല്‍കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണിത്. വാക്സിൻ ശേഖരിക്കാനും വിതരണത്തിനും ഉള്ള സൗകര്യങ്ങളുമൊരുങ്ങി. ഐസിഎംആറിന്‍റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നത്.

സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാൻ സംസ്ഥാന നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. അതിൽ ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തണം. ഇവര്‍ക്കായിരിക്കും ഡാറ്റ ശേഖരിക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം. 

ഓരോ ആരോഗ്യ പ്രവര്‍ത്തകന്‍റേയും പേര്, വയസ്, ജനന തിയതി, തിരിച്ചറിയൽ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ അടക്കം വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. വാക്സിൻ നല്‍കിക്കഴിഞ്ഞാൽ ആ ആരോഗ്യ പ്രവര്‍ത്തകൻറെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. അടുത്ത ഘട്ടത്തില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുളളവര്‍ എന്നിവരെ പരിഗണിക്കും.

Post a comment

Whatsapp Button works on Mobile Device only