23 December 2020

ഒരേയൊരു ലീഡർ; കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് ഇന്ന് 10 വയസ്സ്
(VISION NEWS 23 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*

നൂതനാശയങ്ങൾകൊണ്ട് നമുക്ക് മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് എല്ലാ കേരളീയരെയും ബോധ്യപ്പെടുത്തിയ ലീഡറെക്കുറിച്ച് ഓർക്കാം

പത്തുവർഷംമുമ്പ് ഈ ദിവസമാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നമ്മെ വിട്ടുപിരിഞ്ഞത്. ആ വിയോഗത്തിന് ഒരു പതിറ്റാണ്ടിപ്പുറം അദ്ദേഹത്തെ ഓർക്കുമ്പോൾ, ഇന്നും നിലനിൽക്കുന്ന ചില സത്യങ്ങളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ എണ്ണംപറഞ്ഞ നേതാക്കളുണ്ടെങ്കിലും 'ലീഡർ' എന്ന വാക്കിനർഹനായത് ഒരേയൊരാൾ. ആ വാക്കുകേൾക്കുമ്പോൾ മനസ്സിലെത്തുന്ന ഒരേയൊരു മുഖം.

കെ. കരുണാകരനെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും ഏകദേശധാരണ എല്ലാവർക്കുമുണ്ട്. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ആദ്യതവണ 1977 മാർച്ചുമുതൽ ഏപ്രിൽവരെയുള്ള ഒരുമാസവും 1981 ഡിസംബർ മുതൽ 1982 മാർച്ചുവരെ രണ്ടാംതവണയും. പിന്നീട് 1982 മേയ് മുതൽ 1987 വരെയും 1991 ജൂൺമുതൽ 1995 ജൂൺവരെയും നീണ്ടകാലം കേരളത്തിന്റെ മുഖ്യമന്ത്രി. കൂടാതെ, ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്.) രൂപവത്കരിക്കുകയും ഇടതുചായ്വുള്ള കേരളത്തിൽ കോൺഗ്രസിനെയും സഖ്യകക്ഷികളെയും ശക്തമായ ഭരണശക്തിയാക്കി മാറ്റുകയുംചെയ്തു.

*കോൺഗ്രസിന് പുനർജീവൻ നൽകിയ നേതാവ്*

സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു അദ്ദേഹം. 1965-ലെ നിയമസഭാതിരഞ്ഞെടുപ്പുകാലം, തന്റെ മുപ്പതുകളിലും നാൽപ്പതുകളിലും നേട്ടങ്ങൾകൊയ്തും അതുപോലെ തിരിച്ചടിനേരിട്ടും കരുണാകരൻ നിറഞ്ഞുനിൽക്കുന്ന സമയം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ തൃശ്ശൂരിലെ മാള മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുണാകരനെയാണ്. രാഷ്ട്രീയനിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ട് അന്ന് 47-കാരനായ കരുണാകരൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയെ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീട് ഏഴുതവണ തുടർച്ചയായി മാളയിൽനിന്ന് ജയിച്ചുകയറി. 1967, 1970, 1977, 1980, 1982, 1987, 1991 എന്നീ വർഷങ്ങളിൽ മാളയെ പ്രതിനിധാനംചെയ്ത് അദ്ദേഹം നിയമസഭയിലെത്തി.

ക്ഷീണാവസ്ഥയിലായിരുന്ന കോൺഗ്രസ്പാർട്ടിക്ക് പുതുജീവൻ നൽകി കേരളത്തിലെ ശക്തമായ സാന്നിധ്യമാക്കി

ഉയർത്തിക്കൊണ്ടുവന്നതും അദ്ദേഹമാണ്. 1967-ൽ നിയമസഭയിൽ കോൺഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരൻ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. അന്ന് ആ സ്ഥാനമേറ്റെടുക്കാൻ മറ്റാരുമുണ്ടായിരുന്നില്ലെന്നത് ചുരുക്കം. വിശ്വസനീയമായ ശക്തികേന്ദ്രമായി അദ്ദേഹം കോൺഗ്രസ് പാർട്ടിയെ പുനർനിർമിച്ചു. തൊട്ടടുത്ത് തമിഴ്നാട്ടിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു അത്. കേരളത്തിലും പാർട്ടി ഇല്ലാതാകുമെന്ന് പലരും കണക്കുകൂട്ടി.

*അടിതെറ്റിയ ദേശീയരാഷ്ട്രീയം*

എന്നാൽ, ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള കെ. കരുണാകരന്റെ ശ്രമം എല്ലായ്പ്പോഴും വിജയംകണ്ടില്ല. ഒരു ചെറിയകാലം പാർലമെന്റിൽ അദ്ദേഹം തിരുവനന്തപുരത്തെ പ്രതിനിധാനംചെയ്തിരുന്നു. അതായത്, അദ്ദേഹമെന്റെ മുൻഗാമിയായിരുന്നു എന്നുപറയാനുള്ള ഭാഗ്യം എനിക്കുണ്ടെന്നർഥം. വളരെ ദയാലുവായ ഒരു മനുഷ്യനായിരുന്നു ലീഡർ. എന്നെ അദ്ദേഹത്തിനുപരിചയപ്പെടുത്തിയ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന് നന്ദിപറയുന്നു. 2008-'09ൽ കേരളരാഷ്ട്രീയത്തിലേക്കുള്ള എന്റെ ആദ്യ ചുവടുവെപ്പിനുവേണ്ട ഉപദേശങ്ങൾക്കുവേണ്ടിയായിരുന്നു അത്. കരിക്കിൻവെള്ളം കുടിച്ചുകൊണ്ട് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് ഞങ്ങൾ നടത്തിയ സംഭാഷണങ്ങൾ ഇന്നുമോർക്കുന്നു. എന്റെ ആദ്യതിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടായിരുന്നുവെന്നത് ഞാൻ അഭിമാനത്തോടെ പറയുന്ന കാര്യമാണ്. എന്റെ സ്ഥാനാർഥികൺവെൻഷൻ ഉദ്ഘാടനം ചെയ്തതും സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. അദ്ദേഹം അവസാനമായി പങ്കെടുത്ത പ്രധാന പാർട്ടി പരിപാടിയിലൊന്നും അതായിരുന്നു.

*അസാധ്യമായതിനെ സാധ്യമാക്കിയ ഇച്ഛാശക്തി*

കെ. കരുണാകരന് മുൻപും ശേഷവും കേരളത്തിൽ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നു. എന്നാൽ, ആർക്കും തർക്കമില്ലാത്തവണ്ണം അദ്ദേഹം മാത്രം 'ലീഡറായി' മാറിയത് എന്തുകൊണ്ടാണ്. ധൈര്യത്താലും പ്രതിബദ്ധതയാലും അടയാളപ്പെടുത്തപ്പെട്ട രാഷ്ട്രീയ അതികായൻ എന്നതിനപ്പുറം, സംസ്ഥാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള, ചിന്തയിലും പ്രവൃത്തിയിലും വ്യക്തതപുലർത്തിയ, ആരെയും ഭയക്കാതെയും ആരെയും പ്രീണിപ്പിക്കാതെയും സത്യസന്ധമായും ആത്മാർഥമായും നിഷ്പക്ഷമായും അവ നടപ്പാക്കുകയുംചെയ്ത അതുല്യനായ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. തങ്ങൾ കണ്ടതിൽെവച്ച് ഏറ്റവും മികച്ച മേലധികാരിയായിരുന്നു കെ.കരുണാകരനെന്ന് അദ്ദേഹത്തിനുകീഴിൽ പ്രവർത്തിച്ചിട്ടുള്ള ഓരോ ഉദ്യോഗസ്ഥനും ഉന്നത പോലീസുദ്യോഗസ്ഥരും പറയും.

പരമ്പരാഗത രാഷ്ട്രീയക്കാർ അസാധ്യമെന്നുപറഞ്ഞ് എഴുതിത്തള്ളിയിരുന്ന പല അടിസ്ഥാനസൗകര്യവികസന പദ്ധതികളും കെ. കരുണാകരൻ ഏറ്റെടുത്ത് യാഥാർഥ്യമാക്കിയിട്ടുണ്ടെന്ന വസ്തുത എല്ലാവർക്കുമറിവുള്ളതാണ്. അദ്ദേഹം ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിനും കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും അംഗീകാരംനൽകിയത്. അവ നടപ്പാക്കുകയും ചെയ്തു എന്നുള്ളതാണ് അതിലും പ്രധാനപ്പെട്ട കാര്യം. ധൈര്യവും ചിന്താശേഷിയും രാഷ്ട്രീയപ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും ഉദ്യോഗസ്ഥവൃന്ദമൊരുക്കുന്ന ഊരാക്കുടുക്കുകളെ അഴിച്ചെടുത്ത് മുന്നേറാനുള്ള കഴിവുമെല്ലാം വേണ്ടിയിരുന്നു ഈ രണ്ട് പദ്ധതികളും പൂർത്തിയാക്കാൻ.

1994-ൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് കെ.കരുണാകരൻ ഒരു ധീരമായ നടപടിയെടുത്തു. നെടുമ്പാശ്ശേരിയിൽ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ (സിയാൽ) നിർമാണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ചു.

ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ ഈ ആശയം നടപ്പാക്കാൻ പിന്നെയും പതിറ്റാണ്ടെടുത്തു. പൊതു-സ്വകാര്യ പങ്കാളിത്തതിൽ ഇന്ത്യയിൽ ആദ്യമായി നിർമിക്കപ്പെട്ട വിമാനത്താവളമായി സിയാൽ മാറി. ഇത് സാധ്യമാവില്ലെന്ന് വിമർശിച്ചവർ ഒരുപാടുപേരുണ്ടായിരുന്നു. അതിനെയെല്ലാം കെ.കരുണാകരൻ മറികടന്നു. മറ്റാർക്കും ചെയ്യാനാവാത്ത ഒന്നായിരുന്നു അത്. വാസ്തവത്തിൽ കെ.കരുണാകരൻ 'ലീഡർ' ആയി മാറിയത് അതോടെയാണ്.

*വീണ്ടും ഓർമിക്കപ്പെടേണ്ട കാലം*

അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം, നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരുനൽകണമെന്ന് ഞാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. ആദരമായി മാത്രമല്ല; മറിച്ച് അദ്ദേഹം കാട്ടിയ ധൈര്യത്തിനും നൂതനാവിഷ്കാരങ്ങൾ സ്വീകരിക്കാനുള്ള മനസ്സിനുമുള്ള പ്രശംസയെന്ന നിലയിൽ. കേരളത്തിന് ഇന്ന് അവശ്യംവേണ്ട ഗുണങ്ങളാണിതൊക്കെ. എന്തായാലും അദ്ദേഹമില്ലെങ്കിൽ ഈ വിമാനത്താവളവും ഉണ്ടാകുമായിരുന്നില്ല.

രാഷ്ട്രീയം അതിന്റെ ഏറ്റവും വലിയ അധഃപതനം നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രവർത്തനങ്ങളുടെ രാഷ്ട്രീയത്തെ സ്വത്വരാഷ്ട്രീയം വിഴുങ്ങിയ കാലം. ക്ഷേത്രങ്ങളും ആരാധനാകേന്ദ്രങ്ങളും മുസ്ലിം പള്ളികളും പ്രണയവിവാഹങ്ങളുമെല്ലാം രാഷ്ട്രീയത്തിന്റെ പേരിൽ പോർക്കളമാകുന്നകാലം. ജനങ്ങൾക്കുവേണ്ടതെന്താണോ, അതിലേക്ക് വീണ്ടും ശ്രദ്ധയൂന്നുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്.

കെ. കരുണാകരനെന്ന നേതാവ് ഓർമിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. കേരളം വികസനമാവശ്യപ്പെടുന്ന, യുവാക്കളും തൊഴിൽരഹിതരും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിനൽകാൻ രാഷ്ട്രീയനേതൃത്വത്തോട് ഉച്ചത്തിലാവശ്യപ്പെടുന്ന ഇക്കാലത്ത്, നൂതനാശയങ്ങൾകൊണ്ട് നമുക്ക് മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് എല്ലാ കേരളീയരെയും ബോധ്യപ്പെടുത്തിയ ലീഡറെക്കുറിച്ചോർക്കാം.

Post a comment

Whatsapp Button works on Mobile Device only