31 ഡിസംബർ 2020

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ആഘോഷങ്ങള്‍ 10 മണിവരെ
(VISION NEWS 31 ഡിസംബർ 2020)


തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. വ്യാഴാഴ്ച ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികൾ നടത്താൻ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. എല്ലാ ആഘോഷങ്ങളും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയന്ത്രണം തെറ്റിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജില്ലാ പോലീസ് മേധാവിമാരും കളക്ടർമാരും നടപ്പാക്കണം.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുളള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്താമെന്നും നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ മൂന്നരമാസത്തോളമായി രാജ്യത്തെ കോവിഡ് 19 കേസുകൾ തുടർച്ചയായി കുറഞ്ഞുവരികയാണ്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും പുതിയ കോവിഡ് കേസുകളുടെ വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻ കരുതലുകളും ശക്തമായ നിരീക്ഷണങ്ങളും രാജ്യത്തും ഏർപ്പെടുത്തേണ്ടതുണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only