13 ഡിസംബർ 2020

നിയമനശുപാർശയുമായി കാത്തിരിക്കുന്ന 1506 പേർക്ക് അധ്യാപക നിയമനം
(VISION NEWS 13 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 തിരുവനന്തപുരം:സ്‌കൂൾ തുറക്കാത്തതിനാൽ അധ്യാപക ജോലിയിൽ പ്രവേശിക്കാനാകാതിരുന്ന 1506 പേർക്ക് നിയമന ഉത്തരവ് നൽകാൻ മന്ത്രി സി. രവീന്ദ്രനാഥ് നിർദേശം നൽകി.

വിവിധ ജില്ലകളിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിയമനം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായിട്ടാണ് തീരുമാനം. ക്ലാസുകൾ തുടങ്ങുന്നതിനനുസരിച്ച് ജോലിയിൽ പ്രവേശിക്കാമെന്ന് രേഖപ്പെടുത്തിയാണ് നിയമന ഉത്തരവ് നൽകുന്നത്. ഇവരിൽ 1156 പേർ എൽ.പി., യു.പി., ഹൈസ്‌കൂൾ അധ്യാപകരും 350 പേർ ഹയർ സെക്കൻഡറി അധ്യാപകരുമാണ്. കോവിഡ് തുടങ്ങുന്നതിന് മുമ്പേ പി.എസ്.സി.യിൽനിന്ന് നിയമനശുപാർശ ലഭിച്ചവരാണേറെയും. മാസങ്ങളായി നിയമനം കാത്തിരിക്കുകയാണ്.

സ്കൂൾ തുറന്ന് പ്രവർത്തിക്കുമ്പോഴേ പുതിയ നിയമനങ്ങൾ നടത്താവൂ എന്നാണ് വിദ്യാഭ്യാസചട്ടത്തിലുള്ളത്. കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടതിനാലാണ് നിയമനം വൈകിയത്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ 17-ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ അധ്യാപകരിൽ പകുതിപ്പേർ വീതം 17 മുതൽ സ്കൂളിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് 1500-ഓളം പേർക്ക് നിയമന ഉത്തരവ് നൽകുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘100 ദിനം, 50,000 തൊഴിൽ’ എന്ന പദ്ധതിയിൽ ഇവർക്കും നിയമനം നൽകുമെന്ന് അറിയിച്ചിരുന്നു. 100 ദിവസമാകാറായിട്ടും നിയമനം കിട്ടാതായതോടെ ഉദ്യോഗാർഥികൾ ആശങ്കയിലായി. അതിനിടെ, ജോലി നൽകിയതായി അറിയിച്ച് സർക്കാരിന്റെ വെബ്‌പോർട്ടലിൽ ഇവരുടെ പേരുവിവരം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെതിരേ ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

കണ്ണൂരിൽ നിയമനശുപാർശ നിർത്തിയിട്ടില്ലെന്ന് പി.എസ്.സി.

തിരുവനന്തപുരം: റാങ്ക്പട്ടികയിൽ ആളില്ലാത്തതിനാൽ കണ്ണൂർ ജില്ലയിൽ എൽ.പി.സ്കൂൾ അധ്യാപക നിയമനശുപാർശ നിർത്തിവെച്ചിട്ടില്ലെന്ന് പി.എസ്.സി. അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമനശുപാർശ അയച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി വരെയായി 314 പേർക്ക് നിയമനശുപാർശ അയച്ചു. മുഖ്യപട്ടികയിൽ ആകെ 292 പേരാണ് ഉൾപ്പെട്ടത്. അതിൽ 175-ാം റാങ്ക് വരെയുള്ളവർക്ക് നിയമനശുപാർശ നൽകിയിട്ടുണ്ട്. റാങ്ക്പട്ടികയ്ക്ക് 2021 ഡിസംബർ 27 വരെ കാലാവധിയുണ്ട്.

കണ്ണൂരിൽ എൽ.പി.അധ്യാപകരുടെ 120-ന് അടുത്ത് ഒഴിവുണ്ടായിട്ടും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാതെ അധികൃതർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നുണ്ട്. വിരമിയ്ക്കൽ, ഉദ്യോഗക്കയറ്റം എന്നിവ റിപ്പോർട്ടുചെയ്യാൻ ഉദ്യോഗസ്ഥ-ഭരണ വകുപ്പ് നിർദേശിച്ചിട്ടും ജില്ലാ അധികൃതർ തയ്യാറാകുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only