15 December 2020

പ്രഭാത വാർത്തകൾ 2020 ഡിസംബർ 15 | 1196 വൃശ്ചികം 30 | ചൊവ്വ | മൂലം.
(VISION NEWS 15 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രഭാത വാർത്തകൾ
2020 ഡിസംബർ 15 | 1196 വൃശ്ചികം 30 | ചൊവ്വ | മൂലം |
➖➖➖➖➖➖➖➖

🔳നമ്മള്‍ ഭയന്നിരുന്നത് ഒടുവില്‍ സംഭവിച്ചിരിക്കുന്നു. സ്വര്‍ണത്തിന്റെയും അസംസ്‌കൃത എണ്ണയുടെയുമൊക്കെ വഴിയേ വെള്ളത്തിന്റെയും അവധിവ്യാപാരം ആരംഭിക്കുന്നു. വെള്ളത്തിന് ഏറ്റവുമധികം ക്ഷാമം നേരിടാന്‍ പോകുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയാണ് ഇതിന്റെ വ്യാപാരത്തിനു തുടക്കമിട്ടിരിക്കുന്നത്. വിപണിവിലയനുസരിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഉത്പന്നമാവും ഇതോടെ വെള്ളം. എല്ലാ അതിര്‍ത്തികളും ലംഘിച്ച് വില ഉയരുകയും ചെയ്യും. അടുത്ത ലോകയുദ്ധം വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഈ കച്ചവടമെന്ന് റിപ്പോര്‍ട്ടുകള്‍.

🔳കാര്‍ഷിക സമരത്തിന് ഇനി അണ്ണാ ഹസാരേയും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അണ്ണാ ഹസാരെ കത്തയച്ചു. സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവെച്ചിട്ടുള്ളത്.

🔳കാര്‍ഷിക രംഗം രാജ്യത്തെ സുപ്രധാന മേഖലയാണെന്നും അതിനെ പിന്നോട്ടടിക്കുന്ന ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും എങ്കിലും സര്‍ക്കാര്‍ ആശയ വിനിമയത്തിനും ചര്‍ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

🔳്കര്‍ഷക നേതാക്കള്‍ അടുത്ത യോഗത്തിന് തയ്യാറാകുമ്പോള്‍ സര്‍ക്കാരും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കൃഷി മന്ത്രിയുടെ പ്രതികരണം. അതേ സമയം കര്‍ഷകരുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ നാല് ജില്ലകളിലും കനത്ത പോളിങ്. മലപ്പുറം 78.74, കോഴിക്കോട് 78.67, കണ്ണൂര്‍ 78.29, കാസര്‍കോഡ് 76.95 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 69.84 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 70.92 ശതമാനവും പോളിങ് രേഖപ്പെടുത്തി. നാളെയാണ് വോട്ടെണ്ണല്‍.

🔳തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് തിരഞ്ഞെടുപ്പു കമ്മിഷന്‍ വിശദീകരണം തേടി. കോവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നടപടിക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ്., ബി.ജെ.പി. നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു.

🔳മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയ്ക്ക് പിന്നില്‍ പോലീസാണെന്ന് കേന്ദ്ര ഏജന്‍സികള്‍. സ്വപ്ന തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത പോലീസുകാരിലൊരാള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിച്ച് സ്വപ്നയ്ക്ക് ഫോണ്‍ നല്‍കുകയായിരുന്നുവെന്നാണ് വിവരം. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ച ശേഷം ഉദ്യോഗസ്ഥന്‍ സ്വപ്നയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നാണ് അറിയുന്നത്.

🔳അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍(75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ അയ്യന്തോളിലായിരുന്നു താമസം. കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തള്ളി.

🔳കേരളത്തില്‍ ഇന്നലെ 31,893 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,707 പേര്‍ക്ക് കോവിഡ്-19. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,647 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) .

🔳സംസ്ഥാനത്ത് ഇന്നലെ ആകെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 433 ഹോട്ട് സ്‌പോട്ടുകള്‍.

🔳മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിനു സമീപമായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന വാഹനമിടിക്കുകയായിരുന്നു.

🔳മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ വാഹനത്തില്‍ ഇടിച്ചത് ടിപ്പര്‍ ലോറിയെന്ന് പൊലീസ്. ലോറി ഇതുവരെ കണ്ടെത്താനായില്ല. അതേസമയം പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പറഞ്ഞു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

🔳കൊച്ചിയില്‍ ഫ്‌ളാറ്റില്‍നിന്ന് ജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.

🔳ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്തബന്ധമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതി സമയം അനുവദിച്ചു.

🔳ഗോവയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വന്‍ വിജയം. 48 സീറ്റുകളില്‍ 32 ഉം ബിജെപി വിജയിച്ചു. വന്‍ തിരിച്ചടി നേരിടേണ്ടിവന്ന കോണ്‍ഗ്രസിന് നാല് സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിച്ചു.

🔳അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ചലച്ചിത്രതാരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണഘടനാ സാധുതയുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. എന്നാല്‍ 45 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഈ വിഷയം അന്വേഷിക്കുന്നത് പ്രായോഗികമോ അഭികാമ്യമോ ആണോയെന്ന് സുപ്രീംകോടതി പരിശോധിക്കും.

🔳ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയത്തിന് അയച്ച കത്തിലാണ് ചരിത്രപ്രധാന്യമുളള വിരാടിനെ സംരക്ഷിക്കുന്ന നടപടികളുമായി സഹകരിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സന്തോഷമേയുളളൂവെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി.

🔳രാജ്യത്തിന്റെ കര, വ്യോമ, സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. ലഡാക്കിലടക്കം അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായുള്ള ഉരസല്‍ തുടരുന്നതിനിടയിലാണ് ബിപിന്‍ റാവത്തിന്റെ അഭിപ്രായ പ്രകടനം.

🔳ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സംഘം പുറത്തിറക്കിയ തുറന്ന കത്തിലാണ് കാനഡയ്ക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

🔳ഇന്ത്യയില്‍ ഇന്നലെ 21,791 കോവിഡ് രോഗികള്‍. മരണം 353. ഇതോടെ ആകെ മരണം 1,43,746 ആയി, ഇതുവരെ 99.06 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 94.21 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.38 ലക്ഷം രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,949 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,376 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,834 പേര്‍ക്കും കര്‍ണാടകയില്‍ 830 പേര്‍ക്കും ആന്ധ്രയില്‍ 305 പേര്‍ക്കും തമിഴ്നാട്ടില്‍ 1,141 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,90,346 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,65,120 പേര്‍ക്കും ബ്രസീലില്‍ 27,419 പേര്‍ക്കും തുര്‍ക്കിയില്‍ 29,617 പേര്‍ക്കും റഷ്യയില്‍ 27,328 പേര്‍ക്കും രോഗം ബാധിച്ചു. 8,142 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,368 പേരും ബ്രസീലില്‍ 526 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.31 കോടി കോവിഡ് രോഗികളും 16.27 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക്-വി വാക്‌സിന്റെ ആദ്യഡോസുകള്‍ നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണീ റിപ്പോര്‍ട്ടുകള്‍.

🔳ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം.

🔳ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്ത് ഓസ്‌ട്രേലിയ മാത്രമാണെന്ന് സ്ഥിരീകരിച്ച് ഐസിസി. നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഓസീസിനൊപ്പം ന്യൂസിലന്‍ഡും ഒന്നാം റാങ്ക് പങ്കിടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവര്‍ക്കും 116 റേറ്റിങ് പോയിന്റാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമതെന്നും ഐസിസി വിശദീകരിച്ചു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷേദ്പുര്‍ എഫ്.സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കളിയുടെ 28-ാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ജംഷേദ്പുര്‍ കാഴ്ചവെച്ചത്.

🔳ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരായി. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായതാണ് ഈനേട്ടിന് പിന്നില്‍.
വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. ഈ അവസരം ജിയോ പരമാവധി മുതലെടുക്കുകയായിരുന്നു. ഒട്ടേറെ പുതിയ ടവറുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നെറ്റ് വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്തു. നാല് വര്‍ഷം കൊണ്ടാണ് ജിയോക്ക് ഇത്രയും വരിക്കാരെ സ്വന്തമാക്കാനായത്. ഇനി 5 ജി സേവനം ലഭ്യമാക്കാനാണ് ജിയോയുടെ ലക്ഷ്യം.

🔳മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നവംബറില്‍ 1.55ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ 1.48ശതമാനമായിരുന്നു. ഉത്പന്നമേഖലയിലെ ഉയര്‍ന്ന വില മൂലം ഒക്ടോബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട്മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ 0.58ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.

🔳സംവിധായകന്‍ രാജ് ഗോകുല്‍ ദാസ് ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ 'ബിയ'ക്ക് വന്‍ വരവേല്‍പ്പ്. ചിത്രത്തില്‍ വില്ലനായെത്തിയ മലയാളി താരം ജനക് മനയത്തും ശ്രദ്ധേയനാകുന്നു. പ്രണയം പ്രമേയമായ ചിത്രം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ റിലീസായത്. സൈക്കോ കഥാപാത്രമായ ഡേവിഡ് ആയാണ് ജനക് വേഷമിട്ടത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്രങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു ജനക്കിന്റെ ഡേവിഡ് എന്ന കഥാപാത്രം. പ്രേതങ്ങളെ തേടി നടക്കുകയും മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഡേവിഡിന്റെ സ്വഭാവം. വളരെ തീവ്രവും പൈശാചികവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്.

🔳ധനുഷ് നായകനായ ഹിറ്റ് ചിത്രമാണ് അസുരന്‍. വെങ്കടേഷ് നായകനായി ചിത്രം നരപ്പ എന്ന പേരില്‍ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. വെങ്കടേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം തെലുങ്കില്‍ ചെയ്യുന്നത് പ്രിയാമണിയാണ്. തമിഴില്‍ 100 കോടി ക്ലബില്‍ ഇടംനേടിയ ചിത്രമാണ് അസുരന്‍.

🔳ഓണ്‍ലൈന്‍ ടാക്‌സി സേവനദതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഒല. രണ്ട് ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി ഒല ധാരണാപത്രം ഒപ്പിട്ടതായി റിപ്പോര്‍ട്ട്. 2,400 കോടി രൂപ ചെലവിലാണ് ഫാക്ടറി നിര്‍മ്മാണം.

🔳യൂറോപ്പിന്റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്‍ പൂത്തുനില്‍ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ  'മുറിവേറ്റവരുടെ പാതകള്‍' എന്ന ഈ പുസ്തകം മലയാള വായനക്കാരന് നല്‍കുന്നത് പുതുമകള്‍ നിറഞ്ഞ അനുഭൂതികളാണ്. ഒരു യൂറോപ്യന്‍ ജീവിതത്തിന്റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്‍. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല. ഗ്രീന്‍ ബുക്സ്. വില 190 രൂപ.

🔳നല്ല ആരോഗ്യം ലഭിക്കാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. തണുപ്പ് കാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മോളിക്കുലാര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ വൈറ്റമിന്‍ എ അടങ്ങിയ ആഹാരം തണുപ്പ് കാലത്ത് കൂടുതല്‍ കഴിക്കാവുന്നതാണ്. ഒരു കപ്പ് അരിഞ്ഞ കാരറ്റ് ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും. ചീര, ഉലുവ ഇല, പച്ചച്ചീര, കടുക് ഇല, കാബേജ് എന്നിവ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയതാണ്.  കോഴി, അല്ലെങ്കില്‍ ആടിന്റെ കരള്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയതാണ്. മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് അനേകം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only