സായാഹ്ന വാർത്തകൾ
2020 ഡിസംബർ 16 | 1196 ധനു 1 | ബുധൻ | പൂരാടം |
🔳ആരോപണങ്ങളുടെ പത്മവ്യൂഹം ഭേദിച്ച് പിണറായി വിജയനും ഇടതു പോരാളികളും തദ്ദേശയുദ്ധത്തില് വിജയക്കൊടി പാറിച്ചു. കേരളത്തില്‍ ഇടതു മുന്നേറ്റം. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലും എല്‍.ഡി.എഫിന്റെ തേരോട്ടം.പ്രതീക്ഷകള്‍ പൊലിഞ്ഞ് യു.ഡി.എഫ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രം യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം. പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വെക്കാനാവാതെ ബി.ജെ.പി.
🔳തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി നേടിയത് വന്‍രാഷ്ട്രീയ വിജയമെന്ന വിലയിരുത്തലില്‍ സിപിഎം കേന്ദ്ര നേതൃത്വം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ കുത്തിത്തിരിപ്പ് ശ്രമം പൊളിഞ്ഞെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ നടത്തിയപ്രചാരണവേല പരാജയപ്പെട്ടെന്നും മുതിര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.
🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോടിയേരി
🔳അഭിമാന പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണിക്ക് മിന്നുന്ന വിജയം. 51 സീറ്റ് നേടിയാണ് ഇടതുമുന്നണി തലസ്ഥാനത്ത് ഭരണം പിടിച്ചത്. 35 സീറ്റ് നേടി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി പ്രചാരണ ഘട്ടത്തില്‍ ഉടനീളം ഉണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ യുഡിഎഫ് പത്ത് സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു.
🔳കൊച്ചി കോര്‍പറേഷനില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ല. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ എല്‍ ഡി എഫ് ആയിരിക്കും കോര്പറേഷന് ഭരിക്കുക. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 38 സീറ്റുകളാണ്.
🔳അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തില്ലെന്നും സുധാകരന് .
🔳ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ രണ്ടില ചൂടിയാണ് ഇടത് മുന്നണി പാല നഗരസഭ പിടിച്ചെടുത്തത്. മുന്‍ ചെയര്‍മാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവന് പാലായില്‍ തോറ്റു. കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്.
🔳പന്തളം നഗരസഭ എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്ത് എന്‍.ഡി.എ. ആകെ 33 ഡിവിഷനുകളില്‍ 18 ഇടത്ത് വിജയിച്ചാണ് എന്‍.ഡി.എ. ഭരണം പിടിച്ചെടുത്തത്. 2015-ല്‍ ഏഴ് സീറ്റുകളില്‍ മാത്രമായിരുന്നു എന്‍.ഡി.എ.യുടെ വിജയം. എന്നാല്‍ ഇത്തവണ പല വാര്‍ഡുകളും പിടിച്ചെടുത്ത് ബി.ജെ.പി.യും എന്‍.ഡി.എ.യും വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
🔳കോര്പറേഷന് തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു. ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.
🔳കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷന് ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.
🔳കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്.
ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.
🔳ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ തട്ടകങ്ങളില്‍ കോണ്‍ഗ്രസിന് തോല്‍വി. മുന്മുഖ്യമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി പ്രസിഡന്റിന്റെയും തട്ടകങ്ങളിലെ യുഡി എഫ് പരാജയം പാര്‍ട്ടിക്ക് നാണക്കോടായിരിക്കുകയാണ്
🔳എല്‍ഡിഎഫ് തേരോട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എക്കാലവും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യുഡിഎഫില്‍ നിന്ന് ചോര്‍ന്ന് പോയത്.
🔳രാഷ്ട്രീയ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും എതിരാളികള്‍ക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ജോസ് കെ മാണി. മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയ പലരും ഉണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്നും ജോസ് കെ മാണി
🔳കാസര്‍കോട് ഇരട്ട കൊലപാതകം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്ത് യു.ഡി.എഫ് വീണ്ടും പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പം നിന്ന ഈ പഞ്ചായത്ത് കല്ല്യോട്ടെ ഇരട്ടകൊലപാതകത്തിന് ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
🔳കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജിന്റെ മകനുമായ അഡ്വ.ഷോണ്‍ ജോര്‍ജ് വിജയിച്ചു. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ അട്ടിമറി വിജയം.
🔳2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യു.ഡി.എഫ് ഭരിച്ചിരുന്ന നിലമ്പൂര്‍ നഗരസഭ ഇടതുമുന്നണി പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളാണ് ജയിക്കാനായത്.
🔳വികസനം മുന്‍നിര്‍ത്തി മത്സരിക്കാനിറങ്ങിയ ജനകീയമുന്നണി ട്വന്റി - 20 കിഴക്കമ്പലത്തിന് പുറത്തേക്ക് വളരുന്നു. ഐക്കരനാട് പഞ്ചായത്തില്‍ 14-ല്‍ പതിനാല് സീറ്റിലും ട്വന്റി 20 ജയിച്ചു. പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. യുഡിഎഫിനും എല്‍ഡിഎഫിനും ഒരു വാര്‍ഡില്‍പ്പോലും ജയിക്കാനായില്ല. ഇതാദ്യമായാണ് കിഴക്കമ്പലത്തിന് പുറത്ത് ട്വന്റി 20 മത്സരിച്ചത്..
🔳സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്കായി 1000 കോടി രൂപയുടെ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെഎഫ്സി). സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയുടെ അടിസ്ഥാനത്തില്‍ കെഎഫ്സി വായ്പ നല്‍കും.
🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപകൂടി 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വര്‍ധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,852.01 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ സൂചികയിലെ തളര്‍ച്ചയാണ് സ്വര്‍ണം നേട്ടമാക്കിയത്.
🔳ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി 'ഡാക് പേ' എന്ന പേരില്‍ പുതിയ പേമെന്റ് ആപ്പ് അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐ.പി.പി.ബി.). പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടപാടുകളും ബാങ്കിങ് സേവനങ്ങളും എളുപ്പമാക്കുന്നതിന് ആപ്പ് സഹായകമാകും.
🔳വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രശോഭ് വിജയന് ആണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, ധ്രുവന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
🔳പ്രഭാസ് ചിത്രം 'ആദിപുരുഷില്‍' രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്ന സെയ്ഫ് അലിഖാന്റെ പരാമര്‍ശത്തില്‍ നടനും , സംവിധായകന് ഓം റാവുത്തിനുമെതിരെ കേസ്. അഭിമുഖം സനാധന ധര്മ്മത്തിനെതിരാണെന്ന് പരാതിയില്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ലക്ഷ്മണന് ശൂര്‍പ്പണഖയുടെ മൂക്ക് ഛേദിച്ചതിനാല്‍, രാവണന് സീതയെ തട്ടിക്കൊണ്ട് പോയത് ന്യായീകരിക്കാവുന്നതാണന്ന് സെയ്ഫ് അലി ഖാന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്.
🔳കേരളത്തിലെ കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തില്‍ പങ്കാളിയായി നെക്സോണ്‍ ഇവിയും. ചെറിഷ് എക്സ്പെഡിഷന്സിനൊപ്പമാണ് ടാറ്റ നെക്സണ്‍ ഇവി പങ്കാളികളാകുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടും ദുരന്തങ്ങളുടെ സാമൂഹിക പ്രത്യാഘാത അനുഭവങ്ങളെ അറിയുന്നതിനുമായി കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ആരംഭിച്ചു. ഡിസംബര്‍ 19 വരെ ഏഴു ദിവസങ്ങളിലായാണ് പര്യടനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് സവിശേഷ വ്യക്തികളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. യാത്ര ദിവസം ശരാശരി 40 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ ദൂരം പിന്നിടും.
🔳നാലേ നാലാള് മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ ഫോണ്സ്ക്രീനില് വിരല്‍ കൊണ്ടെഴുതുന്നവന് തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് 'തുക്കുംഗ്ലോ പിക്കുംഗ്ലോ'. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ബിബിന്‍ ബി. എച്ച്ആന്‍ഡ്സി ബുക്സ്. വില 100 രൂപ.
🔳'ഡിമെന്‍ഷ്യ'യ്ക്ക് പല ലക്ഷണങ്ങളും കാണാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു ലക്ഷണമാണ് നടത്തത്തിലെ വ്യത്യാസം. നടത്തത്തിന്റെ രീതിയും സമയവുമെല്ലാം മാറിവരും. നടക്കുമ്പോള്‍ ബാലന്‍സ് ഇല്ലാത്തത് പോലെ നടപ്പ് പാളിപ്പോവുക, അതോടൊപ്പം തന്നെ ചിലര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടന്നുകൊണ്ടിരിക്കുന്നതും കാണാറുണ്ട്. ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായമായവരാണെങ്കില്‍ പൊതുവേ കാര്യങ്ങള്‍ മറന്നുപോകാറുണ്ട്. അങ്ങനെ പലപ്പോഴും എന്തിനാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നത് എന്ന് അവര്‍ മറന്നുപോകും. ആ കാരണം എന്തായാരുന്നു എന്ന് ഓര്‍ക്കാനെങ്കിലും അവര്‍ക്ക് സാധ്യമാണ്. എന്നാല്‍ 'ഡിമെന്‍ഷ്യ'യുള്ളവരുടെ കാര്യത്തില്‍ ഇത്തരമൊരു കാരണമേ കാണില്ല. നിരന്തരം നടന്നുകൊണ്ടിരിക്കേ, എങ്ങോട്ടാണ് എന്ന് മറ്റൊരാള്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഒരു മറുപടി നല്കാന് പോലും ഇവര്‍ക്കാകില്ല. ഇത്തരത്തില്‍ നടപ്പുമായി ബന്ധപ്പെട്ട അസാധാരണത്വങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അവ തീര്‍ച്ചയായും എഴുതിത്തന്നെ വയ്ക്കുക. കാരണം, മറവിരോഗത്തിലേക്കാണ് നീങ്ങുന്നതെങ്കില്‍ സ്വയം തന്നെ തയ്യാറെടുക്കാന്‍ അതുപകരിക്കും. ചിന്തകളുടെ വേഗത അധികരിക്കുക, പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ പ്രകടമാവുക, സംസാരിക്കുമ്പോള്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ നേരിടുക, സംസാരിക്കാന്‍ തന്നെ കഴിയാതിരിക്കുക, മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസിലാകാതെ വരിക, വിലയിരുത്തലുകള്‍ സാധ്യമാകാതിരിക്കുക, പെട്ടെന്ന് മൂഡ് മാറിക്കൊണ്ടിരിക്കുക എന്നിവയെല്ലാം 'ഡിമെന്‍ഷ്യ'യുടെ ഭാഗമായി കണ്ടുവരാറുള്ള ലക്ഷണങ്ങളാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.57, പൗണ്ട് - 99.24, യൂറോ - 89.44, സ്വിസ് ഫ്രാങ്ക് - 83.07, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.66, ബഹറിന്‍ ദിനാര്‍ - 195.08, കുവൈത്ത് ദിനാര്‍ -241.11, ഒമാനി റിയാല്‍ - 191.03, സൗദി റിയാല്‍ - 19.60, യു.എ.ഇ ദിര്‍ഹം - 20.02, ഖത്തര്‍ റിയാല്‍ - 20.20, കനേഡിയന്‍ ഡോളര്‍ - 57.81.
➖➖➖➖➖➖➖➖
Post a comment