കോഴിക്കോട്:
ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമാധാനപൂർണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 14 ന് രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറ് വരെയാണ് പോളിംഗ്.
കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലാഭരണ കൂടം നടത്തിയത്. പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും. 2,533,024 വോട്ടർമാരാണ് ഇക്കുറി വിധിനിർണ്ണയം നടത്തുന്നത്. ഇതിൽ 1,208,545 പുരുഷൻമാരും 1,324,449 സ്ത്രീകളും 30 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. 1064 പ്രവാസി വോട്ടർമാരുമുണ്ട്.
5,985 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പട്ടികജാതി വിഭാഗത്തിൽ 284 പേരും എസ് സി വനിത വിഭാഗത്തിൽ 162 പേരും എസ്ടി വിഭാഗത്തിൽ മൂന്നു പേരുമാണ് വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 350 മത്സരാർത്ഥികൾ. ജില്ലാ പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്.
ഇതിൽ 47 പേർ പുരുഷൻമാരും 55 പേർ സ്ത്രീകളുമാണ്. ഏഴ് മുനിസിപ്പാലിറ്റികളിലായി 882 പേർ മത്സരിക്കുന്പോൾ 146 പേർ മത്സരരംഗത്തുള്ള വടകരയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത് 69 പുരുഷൻമാരും 77 സ്ത്രീകളും. കുറവ് 99 പേർ മത്സരിക്കുന്ന രാമനാട്ടുകരയിലാണ് 45 പുരുഷൻമാരും 54 സ്ത്രീകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 557 പേർ മത്സരിക്കുന്പോൾ 4,095 പേരാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്.
13ന് വൈകുന്നേരം മൂന്ന് വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുന്നത്.
കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ്് എന്നിവ വിതരണം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. ജില്ലയിൽ 17303 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13,042 നടപടികളാണ് സ്വീകരിച്ചത്. ചട്ടം ലംഘിച്ചു സ്ഥാപിച്ച ബോർഡ്, കൊടി, തോരണം, പോസ്റ്റർ, ബാനർ എന്നിവ ആന്റി ഡിഫെസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങൾ കണ്ടെത്താൻ അഞ്ച് ആന്റി ഡിഫെസ്മെന്റ് സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
Post a comment