30 ഡിസംബർ 2020

ആഴിമല ശിവക്ഷേത്രത്തിൽ 58 അടി ഉയരമുള്ള ഗംഗാധരേശ്വര ശില്പമൊരുങ്ങി
(VISION NEWS 30 ഡിസംബർ 2020)


കോവളം:കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം വിഴിഞ്ഞം-പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലൊരുങ്ങി. കേരളത്തിലെ ശിവക്ഷേത്രങ്ങളിലുള്ളതിൽ ഏറ്റവും ഉയരം കൂടിയ ഗംഗാധരേശ്വര രൂപമാണിത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നോക്കിയിരിക്കുന്നതും ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുമുള്ള കോൺക്രീറ്റിൽ നിർമിച്ച ശില്പമാണിത്. ജടയഴിച്ച് ഗംഗാദേവിയെ തലയിലേറ്റിയുള്ള പരമശിവനെയാണ് ദൃശ്യവത്‌കരിച്ചിരിക്കുന്നത്.

ആറ് വർഷമെടുത്താണ് ആഴിമല സ്വദേശിയായ ശില്പി പി.എസ്.ദേവദത്തൻ ശില്പം പൂർത്തിയാക്കിയത്. ശില്പമിരിക്കുന്ന പാറക്കെട്ടിന് താഴെയായി 3500 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഗുഹാസമാനമായ അറയിൽ ധ്യാന മണ്ഡപം, വിവിധ ശിവ ശില്പങ്ങളെന്നിവയുണ്ട്. 27 പടികളിറങ്ങിയാണ് ഗുഹയിലെത്തുക. പരമശിവനുമായി ബന്ധപ്പെട്ടുള്ള കഥകളുടെ ശില്പങ്ങളാണ് ഇവിടെ നിർമിച്ചിട്ടുള്ളത്. ശിവന്റെ ശയന ശില്പം, അർദ്ധനാരീശ്വര ശില്പം, ഒൻപത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ആഴിമല ക്ഷേത്രത്തിന്റെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഗാധരേശ്വര രൂപത്തിലുള്ള ശിവപ്രതിമ ആഴിമലയിൽ നിർമിക്കുന്നതിനുള്ള ആശയമിട്ടത് ക്ഷേത്രപുരോഹിതനായ ജ്യോതിഷ് പോറ്റിയാണ്. ക്ഷേത്രം പ്രസിഡന്റ് വി.സത്യശീലൻ, ക്ഷേത്ര സെക്രട്ടറി എസ്.വിജേഷ് തുടങ്ങിയവർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയശേഷം ശ്രീനാരായണ ഗുരു എത്തിയത് ആഴിമലയിലായിരുന്നു. ഇവിടെയൊരു ശിവക്ഷേത്രം നിർമിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് നാട്ടുകാർ ക്ഷേത്രം നിർമിച്ചത്.

ഉപ്പുകാറ്റ് പ്രശ്നമല്ല

തിരുവനന്തപുരം ഫൈൻ ആർട്ട്‌സ് കോളേജിൽ നിന്ന് ശില്പകലയിൽ ബിരുദം നേടിയ പി.എസ്.ദേവദത്തൻ ബിരുദാനന്തര പഠനത്തോടൊപ്പമാണ് ശില്പത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആഴിമലക്കടലിന്റെ സ്വാഭാവിക പ്രകൃതി സൗന്ദര്യത്തിന് കോട്ടംവരാത്ത രീതിയിലാണ് ശില്പം നിർമിച്ചത്. കടൽക്കരയിൽ നിന്ന് 20 അടി ഉയരത്തിലുള്ള പാറക്കെട്ടിലാണ് ശില്പം സ്ഥാപിച്ചത്. കാറ്റിനെയും തിരമാലയടിക്കുമ്പോഴുണ്ടാകുന്ന ഉപ്പ് കലർന്ന അന്തരീക്ഷ ഈർപ്പത്തെയും ചെറുക്കാനുള്ള തരത്തിലാണ് ശില്പം നിർമിച്ചതെന്ന് ദേവദത്തൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only