05 ഡിസംബർ 2020

89-ാം റാങ്കോടെ എം.ബി.ബി.എസ്. പ്രവേശം; ദുരിതങ്ങളെ 'നീറ്റാ'യി തോല്‍പ്പിച്ച് ബിന്‍സി
(VISION NEWS 05 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 കോഴിക്കോട്: ജീവിത ദുരിതത്തിന്റെ കൈപ്പുനീരിനിടയിൽ ബിൻസി നേടിയ എം.ബി.ബി.എസ്. പ്രവേശം ഒരു കുടുംബത്തിനാകെ മധുരമാവുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളുടെ രോഗങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലാണ് കാക്കൂർ തീർഥങ്കര മീത്തൽ ബേബിസുലോചന ദമ്പതിമാരുടെ മകൾ ബിൻസി നീറ്റ് പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ 89-ാം റാങ്ക് നേടി എം.ബി.ബി.എസ്. പ്രവേശനം കരസ്ഥമാക്കിയത്.

കാക്കൂർ പതിനൊന്നേ നാലിലെ മേപ്പാടിചാലിൽ കോളനിയിലെ നിർമാണം പൂർത്തിയാകാത്ത വീട്ടിലാണ് ബിൻസിയും അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.

ബിൻസിയുടെ അച്ഛൻ ബേബി 13 വർഷമായി വിഷാദരോഗത്തിന് ചികിത്സയിലാണ്. വല്ലപ്പോഴും മാത്രമേ കൂലിപ്പണിക്കുപോലും പോവാൻ കഴിയാറുള്ളൂ. മൂത്ത സഹോദരൻ നബിൻ ഭിന്നശേഷിക്കാരനാണ്. ജനിച്ചതുമുതൽ ഇൻസുലിൻ കുത്തിവെക്കുകയും ചെയ്യുന്നുണ്ട്. ഇതുകാരണം അമ്മ സുലോചനയ്ക്ക് സ്ഥിരമായി ജോലിക്ക് പോവാൻ കഴിയാറില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ ലഭിക്കുന്ന വരുമാനവും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായങ്ങളും കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.

നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2017ൽ മികച്ച മാർക്ക് നേടിയാണ് ബിൻസി പ്ലസ്ടു പാസായത്. അസുഖംമൂലം സർജറിയും മറ്റും നടത്തിയതിനാൽ ആ വർഷം തുടർപഠനം നടത്താൻ കഴിഞ്ഞിരുന്നില്ല. 2019ൽ ബാലുശ്ശേരിയിലെ കാറ്റലിസ്റ്റ് എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർന്നാണ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ജീവിതസാഹചര്യം മനസ്സിലാക്കിയതിനാൽ കോഴ്സ് ഫീ വാങ്ങാതെയാണ് ബിൻസിയെ ഇവിടെ പഠിപ്പിച്ചിരുന്നത്.

ഡോക്ടർ ആവുകയെന്നത് ചെറുപ്പം മുതൽക്കേ ബിൻസിയുടെ ആഗ്രഹമായിരുന്നുവെന്ന് അമ്മ സുലോചന പറയുന്നു. ഇതിനായി കഠിനമായി പരിശ്രമിച്ചിരുന്നു. കുട്ടികളുടെ പഠനത്തിനും മകന്റെയും ഭർത്താവിന്റെയും ചികിത്സയ്ക്കുമെല്ലാം എല്ലാവരുടെയും സഹായം ഉണ്ടായിട്ടുണ്ട്. ബിൻസിക്കും നിലവിൽ മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ ഒന്നാംവർഷ ബി.എ. ഹിന്ദി വിദ്യാർഥിയായ ഇളയമകൾ ബിന്നയ്ക്കും ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കുടുംബത്തിന്റെ പട്ടിണിയകറ്റാൻ പലപ്പോഴും സഹായകമായിട്ടുണ്ട്.

15 വർഷം മുമ്പ് ഭവന നിർമാണ പദ്ധതിയിൽ ഉണ്ടാക്കിയ വീട് ഇപ്പോഴും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വീട് പണിക്കായി ആകെയുള്ള 10 സെന്റ് സ്ഥലവും പട്ടികജാതി വികസന കോർപ്പറേഷൻ ഓഫീസിൽ പണയപ്പെടുത്തിയിരിക്കുകയാണ്. വീടിന്റെ പണി പൂർത്തിയാക്കാനോ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കാനോ ഇപ്പോഴും കഴിഞ്ഞിട്ടില്ല സുലോചനയുടെ തൊണ്ടയിടറി.

'പ്രതിസന്ധികളെ തരണംചെയ്തുകൊണ്ടാണ് ഇത്രയും നാൾ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്നിരുന്നാലും ഒരിക്കലും മനസ്സുപതറിയിട്ടില്ല', ബിൻസിയിൽ ആത്മവിശ്വാസം തുളുമ്പി. കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ തന്നെപ്പോലെ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമേകാൻ നല്ലൊരു ഡോക്ടറായി മാറണമെന്നതാണ് തന്റെ ഏറ്റവുംവലിയ ആഗ്രഹമെന്ന് ബിൻസി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only