31 ഡിസംബർ 2020

അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കാം -ഹൈക്കോടതി
(VISION NEWS 31 ഡിസംബർ 2020)


കൊച്ചി:അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ നടപടിക്ക് കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യംചെയ്ത കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്. നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറിയുടെ വിപണനവും വിൽപ്പനയും തടയരുതെന്നും ഉത്തരവിൽ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അതിന് സംസ്ഥാനം ലോട്ടറി ഫ്രീ സോൺ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധമായിട്ടാണ് ലോട്ടറി നടത്തുന്നതെങ്കിൽ കേന്ദ്രത്തിനു മാത്രമേ ഇടപെടാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ വിൽക്കുന്നതെന്ന പരാതി കേരള സർക്കാരിനുണ്ടെങ്കിൽ നടപടിയാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കാം.

2005-ലെ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഹർജിക്കാർ ചോദ്യംചെയ്തത്. 2018 മുതലാണ് ഈ ഭേദഗതി നിലവിൽവന്നത്. ഇതിലൂടെ അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന സർക്കാർ നിയന്ത്രിക്കുകയായിരുന്നു.

1998-ലെ കേന്ദ്ര നിയമപ്രകാരം ലോട്ടറിയുടെ കാര്യത്തിൽ നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഈ നിയമപ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കഴിയും. പാർലമെൻറ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നതാണ് ഈ അധികാരം. അതിൽ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. അത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനു മാത്രമേ ഇടപെടാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only