21 December 2020

അതിർത്തി അടച്ച് രാജ്യങ്ങള്‍; കനത്ത ജാഗ്രത
(VISION NEWS 21 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ബ്രിട്ടണില്‍ കണ്ടെത്തിയ അതിവേഗ കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. ഇറ്റലിയിലും ഓസ്ട്രേലിയയിലും പുതിയ വൈറസ് എത്തിയെന്ന് സ്ഥിരീകരിച്ചു. സൗദി അതിര്‍ത്തി അടച്ചു. ഒമാനില്‍ നാളെ മുതല്‍ നിയന്ത്രണവും തുടങ്ങി. കുവൈത്ത് ബ്രിട്ടനില്‍ നിന്നുളള വിമാനസര്‍വീസുകകള്‍ നിരോധിച്ചു. ജനുവരി ഒന്നുവരെ അതിര്‍ത്തികള്‍ അടച്ചു. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തലാക്കി. നാളെ അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31വരെയാണ് വിലക്ക്.മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളില്‍ നാളെ മുതല്‍ അടുത്തമാസം അഞ്ചുവരെ രാത്രി കര്‍ഫ്യു. രാത്രി 11 മണി മുതല്‍ രാവിലെ ആറുവരെയാണ് നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റൈനും നിര്‍ദേശം നൽകി. കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ അറിയിച്ചു. കോവിഡ് വാക്സീന്‍ വിതരണം ജനുവരിയില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഷ്‍വര്‍ധന്‍ പറഞ്ഞു.നിലവിലെ കൊറോണ വൈറസിനേക്കാള്‍ വ്യാപനനിരക്ക് കൂടുതലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ വൈറസ് വകഭേദമാണ് ബ്രിട്ടനിലുള്ളതെന്ന് വ്യക്തമായതോടെ ഇന്ത്യ കരുതല്‍ നടപടികള്‍ സജീവമാക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ ജോയിന്‍റ് മോണിറ്ററിങ് ഗ്രൂപ്പ് അടിയന്തര യോഗം ചേര്‍ന്ന് നല്‍കിയ നിര്‍ദേശപ്രകാരമാണ് ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ വ്യോമയാനമന്ത്രാലയം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.ബ്രിട്ടനില്‍ നിന്ന് എത്തുന്നവരും മറ്റുരാജ്യങ്ങളില്‍ നിന്ന് ബ്രിട്ടന്‍ വഴി എത്തുന്നവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പോസറ്റീവ് ആയവര്‍ സര്‍ക്കാര്‍ ക്വാറന്‍റീനില്‍ നിര്‍ബന്ധമായും പോകണം. നെഗറ്റീവ് ആയവര്‍ 7 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളങ്ങള്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്ക് സജ്ജമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരടക്കം 30 കോടി പേര്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കാനാണ് മുന്‍ഗണന.ഇറ്റലി, ഡെന്‍മാര്‍ക്ക്, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വകഭേദം സംഭവിച്ച സമാന വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു. നാളെ അര്‍ധരാത്രിമുതല്‍ ഒരാഴ്ചത്തേക്ക് ഒമാന്‍ അതിര്‍ത്തികള്‍ അടയ്ക്കും. ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഇറ്റലി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കി. സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചു. വൈറസിന്‍റെ വകഭേദം കണ്ടെത്തിയ സിഡ്നി നഗരവും പൂര്‍ണമായി അടച്ചു. സിഡ്നിയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ റോഡ് ഗതാഗതവും നിരോധിച്ചു.ലോകാരോഗ്യസംഘടനയില്‍ കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്‍റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി. നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്. വൈറസ് വകഭേദം കണ്ടെത്തിയ ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും വീടിന് പുറത്തിറങ്ങുന്നത് വിലക്കി. അതീവ ജാഗ്രത പ്രഖ്യാപിച്ചു.

Post a comment

Whatsapp Button works on Mobile Device only