29 ഡിസംബർ 2020

പ്രഭാത വാർത്തകൾ
(VISION NEWS 29 ഡിസംബർ 2020)


*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 29 | 1196 ധനു 14 | ചൊവ്വ | മകയിരം |
➖➖➖➖➖➖➖➖

🔳രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാനും കാര്‍ഷിക രംഗത്തെ  അഭിവൃദ്ധിപ്പെടുത്താനുമായി കേന്ദ്രസര്‍ക്കാര്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളാണ് ഇതുവരെ നടപ്പിലാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ നൂറാമത്തെ കിസാന്‍ റെയില്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. നാളെ ഉച്ചയ്ക്ക് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനിലാണ് ചര്‍ച്ച നടക്കുക. കര്‍ഷകര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആറാംവട്ട ചര്‍ച്ചയാണ് നാളെ നടക്കുക. ഇന്ന് ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

🔳മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ കൃഷിമന്ത്രി ശരദ് പവാറും കാര്‍ഷിക മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചുവെങ്കിലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍മൂലം അവര്‍ക്ക് അതിന് സാധിച്ചില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയും നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും തോമര്‍ പറഞ്ഞു.

🔳ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി സമരം തുടരുന്ന കര്‍ഷകര്‍ക്കായി കേരളം കൈമാറിയ പൈനാപ്പിള്‍ മധുരത്തിന് അനുമോദനവും ഒപ്പം നന്ദിയും. സമരപ്പന്തലില്‍ വിതരണം ചെയ്യാന്‍ പതിനാറ് ടണ്ണോളം കൈതച്ചക്കയാണ്  കേരളത്തില്‍നിന്ന് കയറ്റിയയച്ചത്.

🔳കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കുറ്റപത്രം സമര്‍പ്പിച്ചു. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ  സഹായിക്കുകയും ചെയ്തു എന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്. നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപിന്റെ മൊഴിയാണ് കേസില്‍ ബിനീഷിനെതിരെ നിര്‍ണായകമായത്.

🔳സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തില്‍ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാന്‍ ആയില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

🔳ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്ത് വിട്ടത് അവകാശലംഘനമാണെന്ന വി ഡി സതീശന്റെ നോട്ടീസിലാണ് മന്ത്രിയെ വിളിച്ച് വരുത്തുന്നത്. ഇതാദ്യമായാണ് അവകാശലംഘനനോട്ടീസില്‍ ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്.

🔳സഭാതര്‍ക്കത്തില്‍ പ്രശ്നപരിഹാരം കാണാനായി പ്രധാനമന്ത്രിയുടെ ശ്രമം തുടരുന്നു. ഇന്നലെ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി ഇന്ന് യാക്കോബായ സഭ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മിസ്സോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയോടൊപ്പമാണ് യാക്കോബായ വിഭാഗം മോദിയെ കാണുക. വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. വിധിക്ക് പുറത്ത് മറ്റ് വഴി തേടുന്നതും അതിന് വേണ്ടി ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതും തെറ്റാണെന്നുമുള്ള നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ.

🔳കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശ്ശൂരില്‍ എത്തും. നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പൗരപ്രമുഖരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. ജില്ലയിലെ മത സംഘടന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

🔳കേരളത്തില്‍ ഇന്നലെ 32,869 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37.

🔳സംസ്ഥാനത്ത്  ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്.  2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകള്‍

🔳കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച രാജന്റെ ഭാര്യയും മരിച്ചു.  ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്പിളി ആണ് മരിച്ചത്. ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ രാജന്‍  കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

🔳കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരില്‍ മുന്നണിക്കകത്തുള്ള പ്രശ്‌നങ്ങള്‍ മുതല്‍ വോട്ട് രേഖപ്പെടുത്തിയതിലെ അപാകതകള്‍ വരെ സംഘര്‍ഷാവസ്ഥകള്‍ക്ക് കാരണമായി. പലയിടത്തും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കു ശേഷമാണ് അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

🔳നഗരസഭാ അധ്യക്ഷയെച്ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മില്‍ കലാപം. സൗമ്യ രാജനെ നഗരസഭാ അധ്യക്ഷയാക്കിയ പാര്‍ട്ടി തീരുമാനം ചോദ്യംചെയ്ത് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയതിനു തൊട്ടുപിന്നാലെ പ്രകടനത്തിന് നേതൃത്വം നല്‍കിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

🔳കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വൈകിയെത്തിയ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രതിഷേധം. എല്‍.ഡി.എഫ്. അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വൈകിയതിനെ ചൊല്ലിയാണ് അംഗങ്ങള്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്

🔳രാജ്യത്തെ 25 നഗരങ്ങളില്‍ 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് മെട്രോ സര്‍വീസുകള്‍ ഉണ്ടായിരുന്നത്, ഇന്ന് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ സര്‍വീസുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

🔳കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതില്‍ വിവാദം കടുക്കുന്നു. രാഹുലിന്റെ ഇന്ത്യയിലെ അവധിക്കാലം അവസാനിച്ചു എന്ന് ബിജെപി പരിഹസിച്ചു. വിവാദം ബിജെപി ആസൂത്രണം ചെയ്തതെന്ന് എഐസിസി പ്രതികരിച്ചു.

🔳അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രം പതിപ്പിച്ച തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 'മൈ സ്റ്റാമ്പ്' പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച് സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യമുണ്ട്. തപാല്‍ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നാണ് വിലയിരുത്തല്‍. ഛോട്ടാരാജന്റെ ചിത്രം അച്ചടിക്കാന്‍ ആവശ്യപ്പെട്ട് പണം നല്‍കിയയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാല്‍ വകുപ്പ്.

🔳കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേക്കിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.

🔳അടിയന്തര ഉപയോഗത്തിനുള്ള  അനുമതി കൊവിഷീല്‍ഡിന് ഉടന്‍ ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനാവാല. നാല് കോടി മുതല്‍ അഞ്ച് കോടി വരെ കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തയ്യാറാക്കി. എത്ര വാക്സിന്‍  ഡോസുകള്‍ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പൂനാവാല.

🔳ഇന്ത്യയില്‍ ഇന്നലെ  16,072 കോവിഡ് രോഗികള്‍. മരണം 250. ഇതോടെ ആകെ മരണം 1,48,190 ആയി, ഇതുവരെ 1,02,24,797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 98.06 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.67 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,498 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 564 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,028 പേര്‍ക്കും കര്‍ണാടകയില്‍ 653 പേര്‍ക്കും ആന്ധ്രയില്‍ 212 പേര്‍ക്കും തമിഴ്നാട്ടില്‍ 1,005 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,35,450 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,47,656 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 41,385 പേര്‍ക്കും റഷ്യയില്‍ 27,787 പേര്‍ക്കും ബ്രസീലില്‍ 22,605 പേര്‍ക്കും രോഗം ബാധിച്ചു. 8,402 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,679 പേരും ജര്‍മനിയില്‍ 674 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.16 കോടി കോവിഡ് രോഗികളും 17.80 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനം പകുതിയായി കുറഞ്ഞതായി  സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന് ആഗോള തലത്തില്‍ അനുഭവപ്പെട്ട പ്രതിസന്ധിയാണ് എണ്ണ വരുമാനത്തില്‍ വന്‍ ഇടിവിന് കാരണമായത്.

🔳കഴിഞ്ഞ ദശകത്തിലെ ഐ.സി.സിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ട് ഓസ്‌ട്രേലിയന്‍ താരം എല്ലിസെ പെറി. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന - ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ മൊത്തം തൂത്തുവാരി. 

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുരിന്റെ വിജയം. പ്രതിരോധ താരം സ്റ്റീഫന്‍ എസ്സെയാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

🔳രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രുപ കടന്നു. ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.  ഓഹരി വില 1.2ശതമാനം ഉയര്‍ന്ന് 2,942 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 11.03 ലക്ഷംകോടി രൂപയായത്. ഈ വര്‍ഷം മാത്രം 36 ശതമാനമാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്. മുകേഷ് അംബാനിയുടെ റിലയന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് 12.75 ലക്ഷംകോടി രൂപയുമായി വിപണിമൂല്യത്തില്‍ ഒന്നാമത്.

🔳അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ വിപണി മൂല്യം ആദ്യമായി ഒരു ട്രില്യണ്‍ രൂപ മറികടന്ന് മുന്നേറി. ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് ഈ വന്‍ കുതിപ്പിന് കാരണം. ഈ വര്‍ഷം ഇതുവരെ 34 ശതമാനത്തിലധികമാണ് ഓഹരികളുടെ മുന്നേറ്റം. ബി എസ് ഇയില്‍ സ്റ്റോക്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 492.85 രൂപയില്‍ എത്തി, ഇത് മുന്‍ ക്ലോസിനേക്കാള്‍ 3% ഉയര്‍ന്ന നിരക്കാണ്. നവംബറില്‍ സ്റ്റോക്ക് 14% ഉയര്‍ന്നപ്പോള്‍ ഈ മാസം ഇതുവരെ ഓഹരി 20% ഉയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.

🔳സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു.  ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  നടന്‍ സുദേവ് നായരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമയാണ് സനല്‍കുമാര്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

🔳പുത്തന്‍ റാപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് നീരജ്. 'ഫ്ലൈ' എന്നാണ് മ്യൂസിക്കല്‍ വീഡിയോയ്ക്ക് താരം പേര് നല്‍കിയിരിക്കുന്നത്. 'പോയി ഒന്ന് പറന്നിട്ടു വാ ടീമേ' എന്നാണ് റാപ്പ് പങ്കുവച്ച് കൊണ്ട് നീരജ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ റാപ്പ് പുറത്തിറക്കി നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പറക്കട്ടെ ഞാനിനി ചിരിക്കട്ടെ ഞാനിനി എന്ന് തുടങ്ങുന്ന റാപ്പില്‍ ലോകം മൊത്തം ഡാര്‍ക്ക് സീനാണെങ്കിലും കൊവിഡ് കാലത്ത് നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും മനസുലയാതെ തളരാതെ ഉള്ളില്‍ കനിവുമായി നാളേക്ക് പറന്നുയരാം എന്ന പുതുവര്‍ഷ ചിന്തയാണ് നല്‍കിയിരിക്കുന്നത്.

🔳ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസുക്കി ജിഎക്സ്ആര്‍ 1000ആര്‍ സൂപ്പര്‍ മോട്ടോര്‍സൈക്കിളിന്റെ ലെജന്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു. 2021 മോട്ടോജിപി ചാമ്പ്യന്‍ഷിപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്കിന്റെ അവതരണം. 999 സിസി ഇന്‍ലൈന്‍-നാല് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 13,200 ആര്‍പിഎമ്മില്‍ പരമാവധി 197 ബിഎച്ചപി കരുത്തും 10,800 ആര്‍പിഎമ്മില്‍  117 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

🔳മനസ്സാണ് ഈ നോവലിലെ നായകന്‍; നായികയും. മനസ്സിലൂടെയുള്ള യാത്രയാണ് ഇവിടെ കുറ്റാന്വേഷണം. കുറ്റാന്വേഷണ കഥകളില്‍ ഇന്നോളം കാണാത്ത ക്ലൈമാക്സിനാല്‍ വായനക്കാരെ ത്രസിപ്പിക്കുന്ന വ്യത്യസ്തമായ നോവല്‍. 'ജാരനും ഭര്‍ത്താവും - ഒരു കുറ്റാന്വേഷണ കഥ'. അനില്‍കുമാര്‍ തിരുവോത്ത്. റെഡ് ചെറി ബുക്സ്. വില 150 രൂപ.

🔳ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപമാറ്റം നേടുന്നുണ്ടെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ തന്നെ ഇതിനകം 19 വൈറസ് വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍ നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍  ജാഗ്രത ആവശ്യമുണ്ട്. വാക്സിന്‍ ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാവുന്നതിന്റെ പ്രശ്നം. അതിനിടെ, രാജ്യത്ത് പുതുവര്‍ഷത്തിനു മുമ്പുതന്നെ വാക്സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

*ശുഭദിനം*
*കവിത കണ്ണന്‍*
ആശ്രമത്തിനടുത്തുള്ള തടാകത്തില്‍ ധാരാളം അരയന്നങ്ങള്‍ ഉണ്ടായിരുന്നു.  സന്ന്യാസി കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അവ അദ്ദേഹത്തിന്റെ അടുത്ത് വന്ന് മുട്ടിയുരുമ്മി നില്‍ക്കും.  ഒരിക്കല്‍ ഇതുകണ്ട ഒരു വേട്ടക്കാരന്‍ സന്യാസി പോയപ്പോള്‍ തടാകത്തിലിറങ്ങി അരയന്നങ്ങളെ പിടിക്കാന്‍ ശ്രമിച്ചു.  പക്ഷേ, അവ ഒഴിഞ്ഞുമാറി.  പിറ്റേദിവസം അയാള്‍ സന്യാസിയുടെ വേഷത്തിലെത്തി തടാകത്തിലിറങ്ങി.  അയാളെകണ്ട് അരയന്നങ്ങള്‍ അടുത്തെത്തി.  ആദ്യമെത്തിയ രണ്ട് അരയന്നങ്ങളെ അയാള്‍ ചാടിപ്പിടിച്ചു.  അപകടം മനസ്സിലാക്കി മറ്റുള്ളവ ഓടി രക്ഷപ്പെടുകയും ചെയ്തു.  പിറ്റെ ദിവസവും അയാള്‍ സന്യാസിയുടെ വേഷത്തിലെത്തിയെങ്കിലും ഒരു അരയന്നംപോലും അയാളുടെ അടുത്തേക്ക് വന്നതേയില്ല.  അയാള്‍ ചിന്തിച്ചു: അല്‍പനേരം സന്ന്യാസവേഷം ധരിച്ചപ്പോള്‍ ഈ അരയന്നങ്ങള്‍ എത്ര അടുപ്പമാണ് കാണിച്ചത്.  അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ സന്യാസിയായാലോ... ഇവരില്‍ തനിക്ക് എന്തുമാത്രം സ്വാധീനം ചെലുത്താന്‍ സാധിച്ചേനേ.. അയാള്‍ തലേന്നുപിടിച്ച അരയന്നങ്ങളെ തടാകത്തില്‍ വിട്ട് സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു.   മനസ്സുസമ്മതിക്കാതെയുള്ള എല്ലാ മാറ്റങ്ങളും പുറംമോടി മാത്രമായിരിക്കും.  അവയ്ക്ക് ആഴമോ ആയുസ്സോ ഉണ്ടാകില്ല.  മനസ്സുണ്ടെങ്കില്‍ മാറാന്‍ കഴിയും എന്നതാണ് മനുഷ്യന്റെ സവിശേഷ ഗുണം. അതിന് അശുദ്ധിയില്‍ നിന്ന് വിശുദ്ധിയിലേക്കും തിന്മയില്‍ നിന്ന് നന്മയിലേക്കും നടന്നടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയാല്‍ മാത്രം മതി.  പുതിയത് സൃഷ്ടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് പഴയതിനെ തിരുത്തി പുതിയത് നിര്‍മ്മിക്കാന്‍.  താല്‍ക്കാലിക മാറ്റങ്ങള്‍ താല്‍കാലിക സന്തോഷങ്ങള്‍ മാത്രമേ തരൂ.  കതിരില്‍ വളം വെച്ചിട്ട് എന്തു കാര്യം.. ആദ്യപ്രലോഭനങ്ങളില്‍ ആരേങ്കിലുമൊക്കെ വീണേക്കാം.  പക്ഷേ, അടുത്തറിയുന്നവരെല്ലാം പിന്നെ അകന്നുനില്‍ക്കുകയേ ഉള്ളൂ.  മാറ്റം അസാധ്യമല്ല, തെറ്റാണെന്ന് മനസ്സിലാക്കിയാല്‍ തിരുത്തി മുന്നോട്ട് പോവുകതന്നെ വേണം. അശുദ്ധിയില്‍ നിന്നു വിശുദ്ധിയേലേക്ക് മുന്നേറാനുള്ള മനസ്സ് നമുക്കും സ്വന്തമാക്കാനാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖
കടപ്പാട് :dailynews                


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only