02 December 2020

ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു; ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരം തൊടും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
(VISION NEWS 02 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ബുറെവി' ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരം തൊടും. ഡിസംബർ 4-ന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും ഇന്ന് മുതൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ചുഴലിക്കാറ്റിന്‍റെ ഗതി ഇപ്പോഴും പൂർണമായും പ്രവചിക്കാനാവുന്നതല്ല. വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരപ്രദേശമായ ട്രിൻകോമാലീയിലൂടെ സഞ്ചരിച്ച്, ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 

തെക്കൻ തമിഴ്നാട്ടിലും, തെക്കൻ കേരളത്തിലും ഇന്നും നാളെയും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ റെഡ്, ഓറ‌ഞ്ച്, യെല്ലോ അലർട്ടുകൾ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ കടലിൽ മീൻ പിടിക്കുന്നതിൽ പൂർണമായ വിലക്കേർപ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താൻ നിർദേശിച്ചിട്ടുണ്ട്. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3-ന് റെഡ് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പ്രീ സൈക്ലോൺ വാച്ച് മുന്നറിയിപ്പും സംസ്ഥാനത്ത് നിലനിൽക്കുന്നു.

Post a comment

Whatsapp Button works on Mobile Device only