21 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 21 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*

*സായാഹ്‌ന വാർത്തകൾ*
2020 ഡിസംബർ 21 | 1196 ധനു 6 | തിങ്കൾ | പൂരുരുട്ടാതി |

🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകര്‍. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് അവരുടെ രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്ന് കര്‍ഷകര്‍ കത്തില്‍ പറയുന്നു.

🔳കാര്‍ഷിക നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കര്‍ഷക നേതൃത്വത്തിന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ബ്ലോക്ക് ചെയ്തു. കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് 'കിസാന്‍ എക്താ മോര്‍ച്ച' പേജ് അപ്രത്യക്ഷമായതെന്ന് കര്‍ഷകര്‍ അറിയിച്ചു. മൂന്ന് മണിക്കൂറിന് ശേഷം അക്കൗണ്ട് പുന:സ്ഥാപിക്കുകയും ചെയ്തു.

🔳പിണറായി വിജയനെ പോലെ വര്‍ഗീയത പറയുന്ന നേതാക്കള്‍ കേരളത്തില്‍ വേറെയില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ദുഷ്ടലാക്കോടുകൂടി ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത പരാമര്‍ശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറയുന്നത് വി.മുരളീധരന്റെ അതേ വാചകങ്ങളാണെന്നും മജീദ് കുറ്റപ്പെടുത്തി.

🔳മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തില്‍ മതമൗലികവാദം വളരാന്‍ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വര്‍ഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യം ലീഗിനുണ്ടെന്നും വിജയരാഘവന്‍.

🔳പാര്‍ട്ടി ആയിരിക്കണം മുന്‍ഗണനയെന്നും പാര്‍ട്ടിക്ക് അതീതമായിട്ടുളള എല്ലാ മുന്‍ഗണനയും ഒഴിവാക്കാന്‍ എല്ലാവരും മനസ്സുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. എവിടെയൊക്കെ ദൗര്‍ബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും വേണുഗോപാല്‍.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാത്തതിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി ബി.ജെ.പി.യില്‍ പോര് മുറുകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രചാരണരംഗത്തുനിന്ന് വിട്ടുനിന്ന നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പരാജയത്തിന് തങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് കെ. സുരേന്ദ്രന്‍ നടത്തുന്നതെന്ന് ആരോപിച്ചുകൊണ്ട് ശോഭാ സുരേന്ദ്രന്‍ പക്ഷവും രംഗത്തെത്തി.

🔳തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫ്ലക്സ് വിവാദം ഉണ്ടായ പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. പൊലീസ് വളരെ അധികം ജാഗ്രതയെടുത്താണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയത്.

🔳സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

🔳ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് 500-ല്‍നിന്ന് 1000 ആക്കി. കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ പുറമെ നല്‍കണം. ഫലത്തില്‍ 1260 രൂപ നല്‍കിയാല്‍ മാത്രമേ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കുകയുള്ളൂ.

🔳ഹാഥ്റസിലെ പെണ്‍കുട്ടിയുമായി നാലു പ്രതികളില്‍ ഒരാള്‍ക്കുണ്ടായിരുന്ന അടുപ്പത്തില്‍ നിന്ന് യുവതി പിന്മാറിയതിലെ അമര്‍ഷമാണ് അയാളെ മറ്റു മൂന്നു പ്രതികളുമായി ഗൂഢാലോചന നടത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാന്‍ കാരണമായത് എന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. യുവതി മരണമൊഴിയില്‍ മൂന്നു പ്രതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടും എഫ്‌ഐആറില്‍ ഒരാളുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഉത്തര്‍പ്രദേശ് പൊലീസിന്റെ കൃത്യവിലോപത്തെ ഈ കുറ്റപത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

🔳മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടന്‍ അര്‍ജുന്‍ രാംപാല്‍ ഇന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍പാകെ ഹാജരായി. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് അര്‍ജുന്‍ രാംപാല്‍ എന്‍.സി.ബിയ്ക്ക് മുന്നില്‍ ഹാജരാകുന്നത്.

🔳പ്രതിസന്ധിയിലായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് കമ്പനികള്‍. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് ആപ്പായ ഭാരത് പേയും ധനകാര്യ കമ്പനിയായ സെന്‍ട്രം ഗ്രൂപ്പുമാണ് സംയുക്തമായി റിസര്‍വ് ബാങ്കിന് താല്‍പര്യം അറയിച്ചിട്ടുള്ളത്.

🔳പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേട്ടം രണ്ടക്കം കടന്നാല്‍ താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമാക്കി ബംഗാളില്‍ ബി.ജെ.പി. ശക്തമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാന്‍ കഴിയില്ലെന്ന വെല്ലുവിളിയുമായി പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്.

🔳ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. നിലവിലെ കൊറോണ വൈറസിനേക്കാള്‍ പുതിയ വൈറസ് 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം.

🔳കോവിഡ് സംബന്ധിച്ച് ചൈനീസ് ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിച്ചമര്‍ത്താന്‍ അധികൃതര്‍ വളരെയേറെ പരിശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് സംബന്ധിച്ച കാര്യങ്ങളില്‍ പണം നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ക്കും പ്രാദേശിക പ്രചാരണ സംഘങ്ങള്‍ക്കും ചൈനീസ് ഭരണകൂടം നല്‍കിയ രഹസ്യ നിര്‍ദേശത്തിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. 

🔳സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 240 രൂപ കൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4710 രൂപയുമായി. 20 ദിസവം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40 ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി. ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണ വിലയിലെ കുതിപ്പിന് തടയിട്ടു. കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ആഗോളതലത്തില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

🔳വിപണിയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ഇതിന്റെ ഭാഗമായി എസ് ആന്‍ഡ് പി 500 സൂചികയില്‍ ടെസ്ല പേരുചേര്‍ക്കും. വിപണി മൂല്യമെടുത്താല്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ കടന്നുവരുന്ന ഏറ്റവും വലിയ ആറാമത്തെ കമ്പനിയാകും ടെസ്ല. 600 ബില്യണ്‍ ഡോളറില്‍പ്പരം മൂല്യമുണ്ട് ടെസ്ലയ്ക്ക്. ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. 700 ശതമാനം വളര്‍ച്ച കമ്പനി ഇതുവരെ കാഴ്ച്ചവെച്ചു കഴിഞ്ഞു.

🔳തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

🔳അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ റാണ ദഗുബതിയും. പവന്‍ കല്യാണ്‍ അയ്യപ്പന്‍ എന്ന കഥാപാത്രമായി എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

🔳അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ് ഹൈദരാബാദില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നു. ഇതിനായി കമ്പനി 15 കോടി ഡോളര്‍ (1,100 കോടി രൂപ) നിക്ഷേപം നടത്തി. ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ് വടക്കേ അമേരിക്കയ്ക്കു പുറത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബാണ് ഇത്. അടുത്തവര്‍ഷം അവസാനത്തോടെ 1000 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കും. കമ്പനിയുടെ ഇന്ത്യയിലെ പ്രധാന മോഡലുകളിലൊന്നാണ് ജീപ്പ് കോംപസ്.

🔳ജീവിതത്തിനു കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളില്‍ തമസ്‌ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നുണ്ടെന്നും അവര്‍ക്കും കഥകളുണ്ടെന്നും തെളിയിച്ച കഥാകാരനാണ് എം.പി നാരായണപിള്ള. 'മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍'. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

🔳കൊറോണ വൈറസ് വ്യാപനത്തിനിടെ ഭീതി പരത്തി കേരളത്തില്‍ പുതിയൊരു രോഗം കൂടി റിപോര്‍ട്ട് ചെയ്തിരിക്കുന്നു-ഷിഗെല്ല. ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗബാധയ്ക്ക് കാരണം. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗെല്ല രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഇതിന്റെ രോഗ ലക്ഷണങ്ങള്‍. പ്രതിരോധത്തിനായി തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായവിധം സംസ്‌കരിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്ക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കരുത്, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക, രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.73, പൗണ്ട് - 97.93, യൂറോ - 89.90, സ്വിസ് ഫ്രാങ്ക് - 83.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.57, ബഹറിന്‍ ദിനാര്‍ - 195.57, കുവൈത്ത് ദിനാര്‍ -241.79, ഒമാനി റിയാല്‍ - 191.51, സൗദി റിയാല്‍ - 19.65, യു.എ.ഇ ദിര്‍ഹം - 20.07, ഖത്തര്‍ റിയാല്‍ - 20.25, കനേഡിയന്‍ ഡോളര്‍ - 57.29.
➖➖➖➖➖➖➖➖

dailynews

Post a comment

Whatsapp Button works on Mobile Device only