18 December 2020

പ്രഭാത വാർത്തകൾ
(VISION NEWS 18 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാത വാർത്തകൾ
2020 ഡിസംബർ 18 | 1196 ധനു 3 | വെള്ളി | തിരുവോണം |
➖➖➖➖➖➖➖➖

🔳കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാം എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

🔳സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച്  ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങിന്റെ മൃതദേഹം കര്‍ഷക സമരം തീരാതെ സംസ്‌കരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകസമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബാബ രാം സിംഗ് ആത്മഹത്യ ചെയ്തത്.

🔳കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ വലിച്ചുകീറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കാര്‍ഷിക സമരങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു സംഭവം. കോവിഡ് മഹാമാരിയുടെ കാലത്ത് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാള്‍ തരംതാഴരുതെന്നും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.

🔳കാര്‍ഷിക ബില്ലുകള്‍ കീറിയെറിഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടി ഓന്തിന്റെ നിറംമാറ്റം പോലെയാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. വിജ്ഞാപനം ഇറക്കിയതിനു ശേഷമാണ് അവര്‍ ബില്ലിന്റെ കോപ്പികള്‍ കീറി എറിയുന്നതെന്നും അവസരവാദ രാഷ്ട്രീയമാണിതെന്നും മീനാക്ഷി ലേഖി.

🔳കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനാതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.

🔳കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കത്തെഴുതി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. താങ്ങുവില നിര്‍ത്താലാക്കുമെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ കര്‍ഷകര്‍ വിശ്വസിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടാണ് മന്ത്രിയുടെ കത്ത്. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ പറയുന്നു.

🔳അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ശ്രേഷ്ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിതെന്നും യോഗി ആദിത്യനാഥ്.

🔳സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🔳മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ  എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ 12 മണിക്കൂറിലധികം ചോദ്യം ചെയ്തു. കൊച്ചി ഓഫീസില്‍ വെച്ച് രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍  രാത്രി 11 മണി വരെ നീണ്ടു.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ കെ.പി.സി.സി.പ്രസിഡന്റിനെ കുറ്റപ്പെടുത്താന്‍ താനില്ലെന്ന് കെ.സുധാകരന്‍എം.പി. പാര്‍ട്ടിയുടെ ഇതുവരെയുളള
സംഘടാനാ മെക്കാനിസം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട സുധാകരന്‍ അടിമുതല്‍ മുടിവരെ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ജനാധിപത്യം കൊടുത്തൊരു പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും ആ പാര്‍ട്ടിയുടെ അകത്ത് ജനാധിപത്യമില്ലാ എന്നുളളത് വിധിവൈപരീത്യമാണെന്നും അതുകൊണ്ട് ആദ്യം പാര്‍ട്ടിയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

🔳കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കെപിസിസി അധ്യക്ഷനെതിരെയാണ് നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമാണെന്നും താഴെത്തട്ടു മുതല്‍ മുകളില്‍വരെ അഴിച്ചുപണിയണമെന്നും നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ ജനുവരി ആദ്യവാരം രണ്ടു ദിവസം രാഷ്ട്രീയകാര്യ സമിതി യോഗം ചേരാന്‍ തീരുമാനിച്ചു. ജനപ്രതിനിധികളെയും കെപിസിസി ഭാരവാഹികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.

🔳കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗ്രൂപ്പ് മാനേജര്‍മാരാണ് തോല്‍വിക്ക് കാരണം. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയല്ല, ഗ്രൂപ്പ് സാധ്യതകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

🔳കേരളത്തില്‍ ഇന്നലെ 60,851 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2734 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം :  കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍കോട് 92.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) .

🔳സംസ്ഥാനത്ത്  ഇന്നലെ 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 453 ഹോട്ട് സ്‌പോട്ടുകള്‍.

🔳സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന  ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫീസ് നിര്‍ണയ സമിതിക്ക് എതിരെ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണം എന്ന ആവശ്യവും കോടതി തള്ളി. ഇതോടെ ഈ അധ്യയന വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് നല്‍കാം എന്ന് രേഖാമൂലം എഴുതി നല്‍കേണ്ടി വരും.

🔳സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് ഡി.ഇ.ഒമാര്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോവിഡ് പ്രതിസന്ധി കാലത്തും സി.ബി.എസ്.ഇ സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🔳തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയത് വിവാദമാകുന്നു. ഭരണഘടനാ സ്ഥാപനത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ ബിജെപിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

🔳ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്നുമുതല്‍ പുനഃരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തും.

🔳ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
 
🔳കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെടുന്ന 23 മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുങ്ങുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തേക്കും.

🔳രാജ്യത്തുടനീളം വാഹനങ്ങള്‍ക്ക് തടസമില്ലാതെയുള്ള സഞ്ചാരം ഉറപ്പുവരുത്താനായി ജി.പി.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പിരിവ് സംവിധാനത്തിന് സര്‍ക്കാര്‍ അന്തിമ രൂപംനല്‍കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതുവഴി അടുത്ത രണ്ട് വര്‍ഷത്തിനകം രാജ്യം ടോള്‍ബൂത്ത് രഹിതമായി മാറുമെന്നും ഗഡ്കരി വ്യക്തമാക്കി.

🔳പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന ആവശ്യത്തെ നിരാകരിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിനും ഡിജിപിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ്. ഐപിഎസ് കേഡര്‍ നിയമങ്ങളിലെ സെക്ഷന്‍ ആറ്(1) പാലിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.  എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ മുഖ്യമന്ത്രി മമത ബാനര്‍ജി അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. 1954-ലെ ഐപിഎസ് കേഡര്‍ നിയമപ്രകാരമുളള അടിയന്തര വ്യവസ്ഥയുടെ ദുരുപയോഗമാണിതെന്നും അധികാരത്തിന്റെ ദുര്‍വിനിയോഗമാണിതെന്നും മമത കുററപ്പെടുത്തി.

🔳സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രഖ്യാപനവുമായി പശ്ചിമ ബംഗാളിലെ രണ്ട് നേതാക്കള്‍കൂടി രംഗത്ത്. ദീപ്താങ്ഷു ചൗധരിയും ജിതേന്ദ്ര തിവാരിയും തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വെച്ചതായി റിപ്പോര്‍ട്ടുകള്‍.

🔳ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയില്‍ നടന്ന അക്രമസംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ അധികം അസ്വസ്ഥനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഒരു പ്രശ്‌നവുമില്ലാതെ കമ്പനിക്ക് ഉത്പാദനം തുടരാന്‍ സാധിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക്. ഇന്നലെ മാത്രം 26,754 കോവിഡ് രോഗികള്‍. മരണം 342. ഇതോടെ ആകെ മരണം 1,44,829 ആയി, ഇതുവരെ 99.77 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 95.20 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.10 ലക്ഷം രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,880 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,363 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,245 പേര്‍ക്കും കര്‍ണാടകയില്‍ 1,236 പേര്‍ക്കും ആന്ധ്രയില്‍ 534 പേര്‍ക്കും തമിഴ്നാട്ടില്‍ 1,174 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഏഴര കോടി കവിഞ്ഞു. ഇന്നലെ മാത്രം  6,74,791 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,91,047 പേര്‍ക്കും ബ്രസീലില്‍ 68,832 പേര്‍ക്കും തുര്‍ക്കിയില്‍ 27,515 പേര്‍ക്കും റഷ്യയില്‍ 28,214 പേര്‍ക്കും ജര്‍മനിയില്‍ 30,951 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,383 പേര്‍ക്കും  രോഗം ബാധിച്ചു. 12,242 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,806 പേരും  ബ്രസീലില്‍ 1,054 പേരും ഇറ്റലിയില്‍ 683 പേരും ജര്‍മനിയില്‍ 724 പേരും ഇംഗ്ലണ്ടില്‍ 532 പേരും മെക്സിക്കോയില്‍ 670 പേരും റഷ്യയില്‍ 587 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.52 കോടി കോവിഡ് രോഗികളും 16.66 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചതായി പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.  

🔳ഇന്ത്യ ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചിലാഹതി-ഹല്‍ദിബാരി റെയില്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ വ്യഴാഴ്ച നടന്ന വെര്‍ച്വല്‍ ഉഭയകക്ഷി യോഗത്തിലായിരുന്നു ഉദ്ഘാടനം.

🔳അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്. -01 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-01. വാര്‍ത്താവിനിമയ മേഖലയിലെ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഈ വിക്ഷേപണം നിര്‍ണായകമാകും.

🔳ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കി ബെംഗളൂരു എഫ്.സി. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ ബെംഗളൂരുവിനായി നായകന്‍ സുനില്‍ ഛേത്രിയും ക്ലെയിറ്റണ്‍ സില്‍വയും സ്‌കോര്‍ ചെയ്തു. ഒഡിഷയുടെ ആശ്വാസഗോള്‍ നായകന്‍ സ്റ്റീവന്‍ ടെയ്‌ലറാണ് നേടിയത്.

🔳ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയയും വീഴ്ത്തി ആദ്യ ദിനം മുന്‍തൂക്കം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ. ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഒമ്പത് റണ്‍സോടെ വൃദ്ധിമാന്‍ സാഹയും 15 റണ്‍സോടെ രവിചന്ദ്ര അശ്വിനും ക്രീസില്‍. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി രഹാനെയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

🔳2020ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്‌കി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ഈ സുവര്‍ണ നേട്ടം ലെവന്‍ഡോവസ്‌കി സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയത് റൊണാള്‍ഡോയാണ്. കഴിഞ്ഞ വര്‍ഷത്തെ വിജയി കൂടിയായ മെസി മൂന്നാമതെത്തി. ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

🔳ട്രെയിനില്‍ മാത്രമല്ല വിമാനത്തിലും ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവില്‍ യാത്ര ചെയ്യാം.  എയര്‍ ഇന്ത്യയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക്  നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം. 60വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക.  ടെര്‍മിനല്‍ ഫീസ്,എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.

🔳ഹൈദരാബാദില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നതിന് 15 കോടി ഡോളര്‍ (1,100 കോടി രൂപ) നിക്ഷേപം നടത്തി വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ് (എഫ്‌സിഎ). കമ്പനിയുടെ ആഗോള ആവശ്യങ്ങള്‍ക്ക് ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനാണ് ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നത്. വടക്കേ അമേരിക്കയ്ക്കു പുറത്ത് എഫ്‌സിഎ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റല്‍ ഹബില്‍ അടുത്തവര്‍ഷം അവസാനത്തോടെ 1000 പേര്‍ക്ക് തൊഴില്‍ അവസരം ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

🔳2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ആയി ഒരുങ്ങുന്ന 'മേജര്‍' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് റിലീസിനെത്തുക. അദിവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശോഭിത ധൂലിപാലിയ, സായീ മഞ്ജരേക്കര്ഡ, പ്രകാശ് രാജ്, രേവതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

🔳ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ ക്രൈം നമ്പര്‍.59/2019' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അനു സിത്താര ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. പീതാംബരന്‍ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ആയാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. ഷാന്‍ തുളസീധരനും ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

🔳മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ എന്നിവയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും 2021 ജനുവരി 1 മുതല്‍ ആഭ്യന്തര വാഹന വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു. വ്യത്യസ്ത മോഡലുകളില്‍ ബാധകമായ വിലകള്‍ യഥാസമയം വെളിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഒക്ടോബര്‍ 2 ന് മഹീന്ദ്ര രണ്ടാം തലമുറ താര്‍ അവതരിപ്പിച്ചിരുന്നു. 9.80 ലക്ഷം രൂപയായിരുന്നു താറിന്റെ എക്‌സ്‌ഷോറൂം വില. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2020 മഹീന്ദ്ര താറിന്റെ ഉല്‍പാദനം അടുത്ത മാസം മുതല്‍ പ്രതിമാസം 2,000 മുതല്‍ 3,000 യൂണിറ്റ് വരെ വര്‍ദ്ധിപ്പിക്കും.

🔳ബാലഭാസ്‌ക്കര്‍ എന്ന പ്രതിഭയുടെ വളര്‍ച്ചയും ജീവിതാനുഭവങ്ങളും കലര്‍പ്പില്ലാതെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് 'അനന്തരം'. അകാലത്തില്‍ പൊലിഞ്ഞ അതുല്യ പ്രതിഭയെന്ന വിശേഷണം നല്‍കി ബാലഭാസ്‌കറിനെ അവതരിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതങ്ങളും ജീവിതാഭിലാഷങ്ങളും വിസ്മരിച്ചു പോകരുതെന്ന അവകാശവാദം കൂടിയാണ് ഈ പുസ്തകം. ജോയ് തമലം. സൈകതം ബുക്സ്. വില 90 രൂപ.

🔳ആളു കൂടുന്ന അകത്തളങ്ങള്‍, പ്രത്യേകിച്ച് നമ്മുടെയൊക്കെ വീടുകള്‍ കോവിഡ് വ്യാപനത്തിന്റെ പുതിയ ഹോട്‌സ്‌പോട്ടുകളായി മാറുന്നതായി പുതിയ പഠനം. നിരവധി പേര്‍ ജീവിക്കുന്ന ഒരു വീട്ടില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ്19 വ്യാപിക്കാനുള്ള സാധ്യത  16.6 ശതമാനമാണെന്ന് ജാമ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. സാര്‍സ്, മെര്‍സ് തുടങ്ങിയ വൈറസുകളെ അപേക്ഷിച്ച് ഈ നിരക്ക് കൂടുതലാണ്.  77,758 പേരെ പങ്കെടുപ്പിച്ച 54 പഠനങ്ങളുടെ അവലോകനത്തിലാണ് ഈ കണ്ടെത്തല്‍. സമൂഹ വ്യാപനം കുറഞ്ഞയിടങ്ങളിലും കുടുംബത്തിനുള്ളിലെ വ്യാപന തോത് കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു. കോവിഡ് ബാധിച്ചവരും സംശയിക്കുന്നവരുമൊക്കെ കൂടുതലായി വീട്ടില്‍ തന്നെ ഐസൊലേഷനിലും ക്വാറന്റീനിലുമൊക്കെ ഇരിക്കുന്നത് വീടുകളെ കൂടുതല്‍ വ്യാപന സാധ്യതയുള്ള ഇടങ്ങളാക്കി  മാറ്റുന്നു. രോഗലക്ഷണങ്ങളുള്ള രോഗികളുള്ള വീടുകളിലെ വൈറസ് വ്യാപനം രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ വീടുകളെ അപേക്ഷിച്ച് കൂടുതലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗവ്യാപനം കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരില്‍ കൂടുതലാണ്. വീട്ടിലെ മറ്റുള്ളവരെ അപേക്ഷിച്ച് ദമ്പതികളില്‍ വ്യാപനം കൂടുതലാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 
➖➖➖➖➖➖➖➖

dailynews

Post a comment

Whatsapp Button works on Mobile Device only