05 December 2020

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് നാളെ സമാപനം; കൊട്ടിക്കലാശം പാടില്ല.
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം ഡിസംബര്‍ എട്ടിനാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടുത്തെ പരസ്യ പ്രചാരണം ഞായറാഴ്ച വൈകീട്ട് അവസാനിക്കും. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.

സംസ്ഥാനത്താകെ 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, 6 കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. മട്ടന്നൂര്‍ നഗരസഭയില്‍ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ ഇപ്പോള്‍ തിഞ്ഞെടുപ്പില്ല. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിച്ചിരുന്നു.

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ മുന്നണികളും പാര്‍ട്ടികളുമെല്ലാം മികച്ച വിജയപ്രതീക്ഷയിലാണ്. കൊവിഡ് കാരണം മുന്‍കാലങ്ങളിലേതില്‍ നിന്നു പരസ്യപ്രചാരണങ്ങള്‍ക്ക് കുറവുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പൊടിപൊടിക്കുകയാണ്. കൊട്ടിക്കലാശത്തിനും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഏറ്റുമുട്ടും. വെബ്‌റാലിയും വെര്‍ച്വല്‍ റാലിയുമായാണ് എല്‍ഡിഎഫും യുഡിഎഫും പോര്‍ക്കളം തീര്‍ക്കുന്നത്. നാളെയായിരുന്നു കൊട്ടിക്കലാശം നടക്കേണ്ടിയിരുന്നത്.

കൊണ്ടും കൊടുത്തും പ്രചാരണരംഗത്ത് മുന്നേറിയ മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ കലാശക്കൊട്ടിന് സമാനമാംവിധം ഏറ്റുമുട്ടും. കൊവിഡ് കാല നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ തെരഞ്ഞെടുപ്പുകാലത്തെ പൊതു യോഗങ്ങളും റാലികളും സൈബര്‍ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് മുന്നണികള്‍.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുളള വെബ്‌റാലി സംഘടിപ്പിക്കുകയാണ് ഇന്ന് ഇടതുമുന്നണി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വെബ്‌റാലി. അതേസമയം, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന വെര്‍ച്വല്‍ റാലിക്കുളള തയാറെടുപ്പിലാണ് യുഡിഎഫ്. ഇന്നുച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ അഞ്ചുലക്ഷം പേരെ യുഡിഎഫ് പങ്കെടുപ്പിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ളവര്‍ പരിപാടികളില്‍ സംബന്ധിക്കും.

പരസ്യ പ്രചാരണം നാളെയും തുടരുമെങ്കിലും കാടിളക്കിയുളള ഏറ്റുമുട്ടലുണ്ടാവില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം കൊട്ടിക്കലാശത്തിനും ആള്‍ക്കൂട്ടത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓരോ വോട്ടുമുറപ്പിക്കുന്നതിനുളള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

Post a comment

Whatsapp Button works on Mobile Device only