08 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 08 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🔳കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തിനെതിരെ നിലപാട് കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമര മുഖത്ത് നില്‍ക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. സമരത്തില്‍ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപി, കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ്പൂരില്‍ നിന്നും  സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്തയെ ഗുജറാത്തില്‍ അറസ്റ്റു ചെയ്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടു തടങ്കലിലാണുള്ളതെന്ന് സുഭാഷിണി അലി പ്രതികരിച്ചു. തമിഴ്നാട്ടിലെ കര്‍ഷക നേതാവ്  അയ്യാകണ്ണും വീട്ടു തടങ്കലിലാണെന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന് പ്രിയങ്ക ഗാന്ധി. അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് സമരം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് ആരോപണം.

🔳ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പോലീസ് രംഗത്തെത്തി.  

🔳തദ്ദേശതിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര. സമീപകാലതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ റെക്കോഡ് പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. പലയിടത്തും കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറന്നു.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യാനാകാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് വി.എസിന് ഇത്തവണ വോട്ട് നഷ്ടമായത്.

🔳വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍ തന്റെ പേര് ഉള്‍പ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

🔳ബി.ജെ.പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ചെന്നിത്തല.

🔳തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര വിജയം നേടുമെന്ന് ബിജെപി എം.പി. സുരേഷ് ഗോപി. ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും സുരേഷ്ഗോപി.

🔳അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്‌ക് ധരിച്ച് ബൂത്തിലെത്തിയ  പ്രിസൈഡിങ് ഓഫീസറെ ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നീക്കി.  സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം.

🔳തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനിന്നു എന്ന ആരോപണം നിഷേധിച്ച് ശശി തരൂര്‍ എംപി. സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതൃത്വമുണ്ടെന്നും തന്റെ അത്യാവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും ശശി തരൂര്‍. ഇടതുപക്ഷത്തിന്റെ നാലര വര്‍ഷത്തെ സംസ്ഥാന ഭരണത്തിലെ വീഴ്ചകളും തെറ്റുകളും കണ്ട ശേഷം ജനങ്ങള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ തോന്നുമോയെന്നും അദ്ദേഹം ചോദിച്ചു.

🔳സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22 വരെ കോടതി നീട്ടി. ശിവശങ്കറിനെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

🔳ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ മഞ്ഞുമലയുടെ ഒരു അംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാന്‍ കേസിലുള്ള സ്റ്റേ നീക്കണമെന്നും സിബിഐ.

🔳സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്പീക്കറുടെ വിദേശ യാത്രകള്‍ ദുരൂഹമെന്നും ഉന്നതപദവിയുടെ മഹത്വം ഇത്തരം അധോലോകസംഘങ്ങള്‍ക്ക് വേണ്ടി കളങ്കപ്പെടുത്തിയതിന്റെ പാപഭാരമാണ് സര്‍ക്കാര്‍ പേറുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳തിരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണെന്നും സ്പീക്കറെ അപമാനിക്കാന്‍് ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആവശ്യത്തിന് വിവരങ്ങള്‍ എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നും കോടതിയിലുള്ള കാര്യം എങ്ങനെയാണ് സുരേന്ദ്രന് കിട്ടിയത് എന്ന് വ്യക്തമാക്കണമെന്നും വിജയരാഘവന്‍.

🔳കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍  സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

🔳ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന്‍.

🔳പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നിവയില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന.  നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താല്‍ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവര്‍ധന. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയില്‍ മറ്റിനങ്ങളില്‍നിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്.

🔳രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നില്‍. ഇതുവരെ ഫലം പുറത്തുവന്ന 153 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 82 എണ്ണത്തിലും കോണ്‍ഗ്രസ് ജയിച്ചു. 56 ഇടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

🔳ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിരാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണും കത്തെഴുതി. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സജീവമായിരുന്ന യുദ്ധക്കപ്പല്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയാണ് വിരാടെന്ന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ട്രസ്റ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

🔳2021 മുതല്‍ രാജ്യത്ത് റിലയന്‍സ് ജിയോ 5 ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി.  2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിനായുള്ള സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കുമെന്നും അംബാനി പറഞ്ഞു.

🔳ബ്രിട്ടണില്‍ ഫൈസര്‍ കോവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. മാര്‍ഗരറ്റ് കീനാന്‍ എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്ന ആള്‍.

🔳2020ലെ ടൈം മാസികയുടെ 'പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടത് കോവിഡ് 19 മുന്നണിപ്പോരാളികള്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിതരണ തൊഴിലാളികള്‍, പലചരക്കുകട നടത്തുന്നവര്‍ തുടങ്ങി കോവിഡ് 19 പ്രതിസന്ധിക്കിടയില്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തി സേവനത്തിനിറങ്ങിയ അവശ്യസേവനമേഖലയിലെ വ്യക്തികളെയാണ് ടൈം മാസികയുടെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി വായനക്കാര്‍ തിരഞ്ഞെടുത്തത്.

🔳ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്തതായി യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2003-ല്‍ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍..

🔳2024-ലെ പാരിസ് ഒളിമ്പിക്‌സില്‍ ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നല്‍കി. പാരിസ് ഒളിമ്പിക്‌സില്‍ സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവയ്‌ക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നല്‍കിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച്.

🔳ഇന്ത്യാ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് 187 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. 53 പന്തില്‍ 80 റണ്‍സെടുത്ത മാത്യു വെയ്ഡിന്റേയും 36 പന്തില്‍ 54 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേയും പ്രകടനത്തിലൂടെയാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായത്.

🔳ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 140 കോടി ഡോളര്‍ സമാഹരിച്ചു. അതായത്, ഏതാണ്ട് 10,500 കോടി രൂപ. നിലവിലുള്ള വിദേശ വായ്പകള്‍ അടച്ചുതീര്‍ക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്. നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാള്‍ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന.  പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ കമ്പനി അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് വായ്പാ പുനഃക്രമീകരണത്തിനായി ഈ വര്‍ഷം സമാഹരിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.

🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന് 560 രൂപകൂടി 37,280 രൂപ നിലവാരത്തിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി.  ആഗോള വിപണിയില്‍ കഴിഞ്ഞദിവസം മികച്ചനേട്ടമുണ്ടാക്കിയ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

🔳വാര്‍ത്താ സമ്മേളനത്തിനിടെ അനില്‍ കപൂറിന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. പിന്നാലെ സോനം കപൂറിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നു എന്ന സന്ദേശവും, മകളെ കണ്ടെത്താന്‍ അലയുന്ന അനില്‍ കപൂറും. ബോളിവുഡില്‍ നിന്നും മറ്റൊരു ത്രില്ലര്‍ കൂടി ഒരുങ്ങുന്നു. എകെ വേഴ്‌സസ് എകെ (അനില്‍ കപൂര്‍ വേഴ്‌സസ് അനുരാഗ് കശ്യപ്) എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്. ആരും ഇതുവരെ ചിന്തിക്കാത്ത ഒരു വ്യത്യസ്ത പ്രമേയവുമായാണ് ഇരുവരും എത്തുന്നത്. വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുക. സോനം കപൂറും സംവിധായകനും നിര്‍മ്മാതാവുമായ ബോണി കപൂറും ചിത്രത്തില്‍ അതിഥി താരങ്ങളായെത്തും. ഡിസംബര്‍ 24ന് ആണ് ചിത്രം റിലീസ്.

🔳എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും കെട്ടുകഥയും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു. 'ജനിക്കാത്തവരുടെ ജാതകക്കുറിപ്പുകള്‍'. കുന്നില്‍ വിജയന്‍. എച്ച് & സി ബുക്സ്. വില: 100 രൂപ.

🔳ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിയുമായി വിപണിയില്‍ എത്താനൊരുങ്ങുന്ന നിസാന്റെ മാഗ്‌നൈറ്റിന് മികച്ച പ്രതികരണം. അവതരിപ്പിച്ച് അഞ്ച് ദിവസം പിന്നിട്ടതോടെ 5000 ബുക്കിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഏകദേശം 50,000-ത്തില്‍ അധികം ആളുകള്‍ ഈ വാഹനത്തെ കുറിച്ച് അന്വേഷിച്ചതായി നിസാന്‍ ഇന്ത്യ അറിയിച്ചു. 4.99 ലക്ഷം രൂപ മുതല്‍ 9.35 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.

🔳കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനില്‍ ഫൈസര്‍, ബയോഎന്‍ടെക് വാക്സിനുകള്‍ ഇന്ന് നല്‍കിത്തുടങ്ങും. എട്ട് ലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്സിന്‍ നല്‍കുക. അതിനിടെയാണ് ലോകാരോഗ്യ സംഘടന വാക്സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ രംഗത്തെത്തിയത്. അതേസമയം കോവിഡ് വാക്സിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ പരീക്ഷണം നടത്താതെ തന്നെ വാക്സിന് അംഗീകാരം നല്‍കണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.76, പൗണ്ട് - 98.53, യൂറോ - 89.36, സ്വിസ് ഫ്രാങ്ക് - 82.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.71, ബഹറിന്‍ ദിനാര്‍ - 195.60, കുവൈത്ത് ദിനാര്‍ -242.21, ഒമാനി റിയാല്‍ - 191.57, സൗദി റിയാല്‍ - 19.66, യു.എ.ഇ ദിര്‍ഹം - 20.08, ഖത്തര്‍ റിയാല്‍ - 20.26, കനേഡിയന്‍ ഡോളര്‍ - 57.66.

കടപ്പാട് :Dailynews 

Post a comment

Whatsapp Button works on Mobile Device only